വസന്തോത്സവം ഇന്ന് തുടങ്ങും

Posted on: May 4, 2013 5:59 am | Last updated: May 3, 2013 at 10:35 pm
SHARE

ഗൂഡല്ലൂര്‍: വസന്തോത്സവത്തിന് ഇന്ന് കോത്തഗിരിയില്‍ തുടക്കം. ആറാമത് പച്ചക്കറി മേള ഇന്ന് കോത്തഗിരി നെഹ്‌റു പാര്‍ക്കില്‍ ആരംഭിക്കും.
ഇന്നും നാളെയുമാണ് മേള നടക്കുന്നത്. ഊട്ടി പുഷ്പമഹോത്സവത്തോട് അനുബന്ധിച്ചാണ് മേള സംഘടിപ്പിക്കുന്നത്. കൃഷിവകുപ്പ്, ടൂറിസംവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പച്ചക്കറി മേള നടത്തുന്നത്. വെള്ള നിറത്തിലുള്ള മുള്ളങ്കികൊണ്ട് നിര്‍മിച്ച പ്രാവിന്റെ മാതൃകയാണ് മേളയിലെ ശ്രദ്ധേയമായ കാഴ്ച. 15 അടി ഉയരവും 15 അടി അകലവുമുള്ള പ്രാവിന്റെ മാതൃക സഞ്ചാരികള്‍ക്ക് വലിയ ഹരമായിട്ടുണ്ട്. കൂടാതെ വിവിധതരം പച്ചക്കറികള്‍ക്കൊണ്ട് നിര്‍മിച്ച വിവിധ കലാരൂപങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.
നൂറുക്കണക്കിന് സഞ്ചാരികളാണ് മേള കാണാനെത്താറുള്ളത്. മേള ഇന്ന് രാവിലെ പത്ത് മണിക്ക് ടൂറിസംവകുപ്പ് സെക്രട്ടറി കണ്ണന്‍ ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് ഡപ്യുട്ടി ഡയറക്ടര്‍ മോഹന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വലിയവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് പത്ത് രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്. ക്യാമറ, വീഡിയോ ക്യാമറ എന്നി സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.