സംഗീത സംവിധായകര്‍ക്ക് സ്വാതന്ത്ര്യം നഷ്ടമായി: മധു ബാലകൃഷ്ണന്‍

Posted on: May 3, 2013 9:23 pm | Last updated: May 3, 2013 at 9:24 pm
SHARE

madhu balakrishnan1ദുബൈ: സിനിമാ രംഗത്ത് സംഗീത സംവിധായകര്‍ക്ക് സ്വാതന്ത്ര്യം നഷ്ടമായിരിക്കുന്നുവെന്ന് ഗായകന്‍ മധു ബാലകൃഷ്ണന്‍. മുന്‍കാലങ്ങളില്‍ മനോഹരമായ പാട്ടുകള്‍ പിറക്കാന്‍ കാരണം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സംഗീത സംവിധായര്‍ക്ക് കഴിഞ്ഞിരുന്നതിനാലാണ്. സിനിമാ സംവിധായകനും നിര്‍മാതാവും ആവശ്യപ്പെടുന്നതിന് അനുസരിച്ച് സംഗീത സംവിധാനം നടത്തേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണാമൂര്‍ത്തിയും രാഘവന്‍മാഷും ഉള്‍പ്പെടെയുള്ളവര്‍ മികച്ച ഗാനങ്ങള്‍ സൃഷ്ടിച്ചതില്‍, അവര്‍ അന്ന് അനുഭവിച്ച സ്വാതന്ത്യം ഒരു പ്രധാന ഘടകമായിരുന്നു. റിയാലിറ്റി ഷോ സംഗീത ലോകത്തേക്ക് കയറാനുള്ള ചവിട്ടു പടി മാത്രമാണ്. ഒരു ഷോ അവസാനിച്ച് അടുത്തതിലേക്ക് കടക്കുമ്പോഴേക്കും മുമ്പത്തെ ഗായകരെ ഏവരും മറക്കുന്നു. നിലവാരത്തകര്‍ച്ചക്കും ഇതില്‍ പങ്കുണ്ട്. ഇന്നലെ കഴിഞ്ഞ റിയാലിറ്റി ഷോയില്‍, പാട്ടുപാടാന്‍ അവസരം വാഗ്ദാനം ചെയ്യപ്പെടുന്ന പലര്‍ക്കും അതൊരിക്കലും ലഭിക്കാറില്ല.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വരിനില്‍ക്കുന്നപോലെ അവസരത്തിനായി കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് ഇന്നത്തെ ഗായകരുടേത്. അത്രമാത്രം ഗായകര്‍ നാട്ടില്‍ നിറഞ്ഞിരിക്കുന്നു. സംവിധായകനും നിര്‍മാതാവും പറയുന്നതിന് അനുസരിച്ച് പാട്ട് ചിട്ടപ്പെടുത്തിയില്ലെങ്കില്‍ അവസരം ലഭിക്കില്ല.
എല്ലാവര്‍ക്കും അവസരം ലഭിക്കണമെന്നാണ് എന്റെ അഭിപ്രായം. എന്നെപോലെയുള്ളവര്‍ കാലം കഴിഞ്ഞ് ജനിച്ചവരാണ്. കെ ജെ യേശുദാസും, എം ജയചന്ദ്രനും പാട്ട് തുടങ്ങിയ കാലത്ത് ഗായകര്‍ വളരെ കുറവായിരുന്നു.
പ്രതിഭക്കൊപ്പം അവസരങ്ങളുടെ ധാരാളിത്തവും സ്ഥിര പ്രതിഷ്ഠനേടാന്‍ അവരെ സഹായിച്ചൂവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പുതിയ തലമുറയില്‍ പിറക്കുന്ന സിനിമകളില്‍ അധികവും സ്പാനിഷ് പോലുള്ള വിദേശ ഭാഷകളിലെ സാഹിത്യങ്ങളെ ആസ്പദമാക്കിയുള്ളവയാണ്. പലരും സ്പാനിഷ് നോവലില്‍ നിന്നാണ് തിരക്കഥ സൃഷ്ടിക്കുന്നതെന്നും മധു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here