Connect with us

Malappuram

എസ് എസ് എല്‍ സി ഫലം അപഗ്രഥിക്കാന്‍ സോഫ്റ്റ്‌വെയറുമായി അധ്യാപക കൂട്ടായ്മ

Published

|

Last Updated

വണ്ടൂര്‍:ഓരോ വര്‍ഷത്തെയും എസ് എസ് എല്‍ സി ഫലങ്ങളെ കൃത്യമായി തരംതിരിച്ചറിയാന്‍ അധ്യാപകര്‍ക്കും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉപകാരപ്രദമാകും വിധം സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി അധ്യാപക-വിദ്യാര്‍ഥി-പ്രോഗ്രാമര്‍ കൂട്ടായ്മ മാതൃകയാകുന്നു. സാമൂഹ്യ ശാസ്ത്രത്തിലും ഇംഗ്ലീഷിലും ബിരുദം പൂര്‍ത്തിയാക്കിയവരും പ്ലസ് വണ്‍ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ഥിയും ചേര്‍ന്നാണ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയത്.

മലപ്പുറം വളാഞ്ചേരി വി എച്ച് എസ് എസിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനായ ഉണ്ണികൃഷ്ണന്‍, ചേന്ദമംഗലൂര്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ മുഹമ്മദ് ആസിഫ്്, എറണാകുളം ഇടപ്പള്ളിയിലെ സിസ്റ്റം അഡ്മിനും ഫോസ് കണ്‍സള്‍ട്ടന്റുമാണ് ശ്രീനാഥ് എന്നിവരോടൊപ്പം പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മലപ്പുറം കുറുമ്പത്തൂര്‍ സ്‌കൂളിലെ ഇ നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സോഫ്റ്റ്‌വെയറും വെബ്് പോര്‍ട്ടലും തയ്യാറാക്കിയത്. ഓരോ വര്‍ഷവും പരീക്ഷ കഴിയുമ്പോള്‍ സ്റ്റാറ്റിസ്റ്റിക്‌സുകളും മറ്റും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌കൂളുകളില്‍ നിന്ന് ശേഖരിക്കാറാണ് പതിവ്.
കൃത്യതയാര്‍ന്ന വിവരത്തിന് വഴിയില്ലാതിരിക്കുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ ബ്ലോഗ് ആയ മത്സ് ബ്ലോഗ് ഈ സോഫ്റ്റ്‌വെയറിന്റെ സാധ്യതകള്‍ അന്വേഷിച്ചത്. പരീക്ഷാ സെക്രട്ടറി ശ്രീ ജോണ്‍സ് വി ജോണ്‍സ് ആണ് ഇത്തരമൊരു ആശയം ആദ്യമായി പങ്കുവെച്ചത് .ഒരു കുട്ടിക്ക് സ്വന്തം പരീക്ഷാഫലം, ഹെഡ്മാസ്റ്റര്‍ക്ക് സ്‌കൂളിലെ ഫലവും സ്റ്റാറ്റിസ്റ്റിക്‌സും, വിഷയം തിരിച്ചുള്ള അപഗ്രഥനം വിദ്യാഭ്യാസ ജില്ല-ജില്ല-സംസ്ഥാന തലത്തിലും സ്‌കൂളുകളുടെയും കുട്ടികളുടേയും വിവിധ തരത്തിലുള്ള വിഷയം തിരിച്ചുള്ള പരീക്ഷാഫല അപഗ്രഥനത്തിനും കഴിയുന്ന സോഫ്ട് വെയറും വെബ് പോര്‍ട്ടലുമാണ് ഈ കൂട്ടായ്മയില്‍ തയ്യാറാക്കിയിരിക്കുന്നത്.
ഓരോ വിഷയങ്ങളുടെയും അപഗ്രഥനത്തിലൂടെ സ്‌കൂളുകള്‍ തലത്തിലും ജില്ലാതലത്തിലും ഓരോ വിഷയത്തിന്റെയും പുരോഗതി വിലയിരുത്താന്‍ സഹായിക്കുന്ന തരത്തിലുള്ള വെബ് പോര്‍ട്ടലാണ് ശ്രീനാഥ് തയ്യാറാക്കിയിരിക്കുന്നത്. ഉദാഹരണമായി ഓരോ വിദ്യാഭ്യാസ ജില്ലയിലും സാമൂഹ്യ ശാസ്ത്ര വിഷയത്തില്‍ എത്രപേര്‍ ഉപരിപഠന യോഗ്യത നേടി,പരീക്ഷ എഴുതാത്തവര്‍, ഒമ്പത് എ പ്ലസ് നേടിയവര്‍, പത്ത് എ പ്ലസ് നേടിയവര്‍ തുടങ്ങിയ തരത്തില്‍ വേര്‍തിരിക്കാന്‍ ഈ പോര്‍ട്ടല്‍ സഹായകരമാകുന്നു. എസ് എസ് എല്‍ സി ഫലം പുറത്തുവരുന്നതിന്റെ തലേനാള്‍ ഉറക്കമൊഴിച്ചിരുന്നാണ് ഇവരില്‍ പലരും ഈ പോര്‍ട്ടലുകളും സോഫ്ട്‌വെയറും തയ്യാറാക്കിയത്.
യാതൊരു തരത്തിലുള്ള സാമ്പത്തിക താത്പര്യവുമില്ലാതെ സൗജന്യമായി ഇത്തരം വിവരങ്ങള്‍ പങ്കുവെക്കുന്നിടത്താണ് ഈ കൂട്ടായ്മകള്‍ വ്യത്യസ്തമാകുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴേ ചലനം എന്ന പേരില്‍ ഒരു ആനിമേഷന്‍ സോഫ്റ്റ് വെയര്‍ തയ്യാറാക്കി ഏറെ ശ്രദ്ധേയമായ വിദ്യാര്‍ഥിയാണ് നന്ദകുമാര്‍. മൊബൈല്‍ ഫോണില്‍ നിന്ന് കുത്തിയെടുത്ത സ്ലോ ഇന്റര്‍നെറ്റിലൂടെയാണ് ഫലം അപഗ്രഥനം ചെയ്യാനുള്ള പ്രോഗ്രാം നന്ദകുമാര്‍ തയ്യാറാക്കിയത്.