വിജയിച്ചിട്ടും ഫൈനല്‍ കാണാതെ റയല്‍ പുറത്ത്

Posted on: May 3, 2013 5:59 am | Last updated: May 3, 2013 at 12:14 am
SHARE

മാഡ്രിഡ്: ആദ്യപാദ പോരാട്ടത്തിലെ ഗോള്‍ മികവില്‍ റയല്‍ മാഡ്രിഡിനെ കീഴടക്കി ബൊറൂസിയ ഡോട്മുണ്ട് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തി. രണ്ടാം പാദ പോരാട്ടത്തില്‍ റയല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ചെങ്കിലും ഇരുപാദങ്ങളിലുമായി 4-3ന്റെ മുന്‍തൂക്കവുമായാണ് ബൊറൂസിയയുടെ ഫൈനല്‍ പ്രവേശം. 83ാം മിനുട്ടില്‍ ബെന്‍സിമയും 88ല്‍ വെച്ച് സെര്‍ജിയോ റാമോസും റയലിനായി വല ചലിപ്പിച്ചു.
ലഭിച്ച അരഡസനോളം അവസരങ്ങള്‍ തുലച്ച് കളഞ്ഞതിന് റയല്‍ മാഡ്രിഡിന് സ്വയം പഴിക്കാം. ചാമ്പ്യന്‍സ് ലീഗ് സെമിയുടെ നിര്‍ണായാക മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് റയല്‍ മാഡ്രിഡും ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോട്മുണ്ടും പുറത്തെടുത്തത്. അവസാന പത്ത് മിനുട്ടിനിടെ രണ്ട് ഗോളുകള്‍ നേടിയ റയലിന് ഒറ്റ ഗോളിന്റെ വ്യത്യാസത്തിലാണ് ഫൈനല്‍ പ്രവേശം നഷ്ടമായത്. ആദ്യ പാദത്തില്‍ 4-1ന്റെ മുന്‍തൂക്കം സ്വന്തമാക്കിയ ബൊറൂസിയ 4-3ന് മത്സരം വിജയിച്ചു.
തുടക്കം മുതല്‍ അക്രമിക്കുക എന്ന ലക്ഷ്യവുമായാണ് റയല്‍ എത്തിയതെന്ന് ആദ്യ പതിനഞ്ച് മുനുട്ടിനുള്ളില്‍ അവര്‍ തെളിയിച്ചു. അഞ്ചാം മിനുട്ടില്‍ ഹിഗ്വെയിന് ലഭിച്ച സുവര്‍ണാവസരം ഗോളി മാത്രം മുന്നില്‍ നിന്നിട്ടും മുതലാക്കാന്‍ കഴിയാതെ പോയത് അമ്പരപ്പിക്കുന്ന കാഴ്ച്ചയായി.
13ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ലഭിച്ച അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത നിമിഷം ഗോളി സ്ഥാനംതെറ്റി നിന്ന ഒഴിഞ്ഞ പോസ്റ്റില്‍ പന്തെത്തിക്കാനുള്ള സുവര്‍ണാവസരം ഓസില്‍ തുലച്ചതാണ് ഏറ്റവും ശ്രദ്ധേയം.
രണ്ടാം പകുതിയുടെ 57, 69, 71 മിനുട്ടുകളിലും റയലിന്റെ ഗോള്‍ശ്രമങ്ങള്‍ പരാജയത്തില്‍ കലാശിച്ചു.