സൊമാലിയയില്‍ പട്ടിണി കാരണം രണ്ട് വര്‍ഷത്തിനിടെ മരിച്ചത് രണ്ടര ലക്ഷം പേര്‍

Posted on: May 3, 2013 6:00 am | Last updated: May 2, 2013 at 11:54 pm

somalia_2552384bനെയ്‌റോബി: ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ പട്ടിണി കാരണം രണ്ട് വര്‍ഷത്തിനിടെ മരിച്ചത് രണ്ടര ലക്ഷത്തിലധികം ആളുകള്‍. യു എന്‍ ഭക്ഷ്യ കാര്‍ഷിക സംഘടനയും (എഫ് എ ഒ) യു എസ് സാമ്പത്തിക സഹായം നല്‍കുന്ന ദാരിദ്ര്യ നിര്‍മാര്‍ജന ശൃംഖലയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇതടക്കമുള്ള വിവരങ്ങളുള്ളത്.
റിപ്പോര്‍ട്ട് പ്രകാരം രണ്ട് വര്‍ഷത്തിനിടെ പട്ടിണി കാരണം സൊമാലിയയില്‍ മരിച്ചത് 2,60,000 പേരാണ്. ഇവരില്‍ ഭൂരിഭാഗവും അഞ്ച് വയസ്സിന് താഴെ പ്രായമുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1992ല്‍ സൊമാലിയയിലുണ്ടായ ഭക്ഷ്യ ക്ഷാമത്തെ തുടര്‍ന്ന് മരിച്ചത് 2,20,000 പേരാണ്.
ഇതിനേക്കാള്‍ എത്രയോ അധികമാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരിച്ചത്. രാജ്യത്തുണ്ടായ ശക്തമായ വരള്‍ച്ചയാണ് പ്രതിസന്ധി ഇത്ര രൂക്ഷമാകാനിടയാക്കിയത്. വരള്‍ച്ചക്കൊപ്പം വിമത സംഘടനകള്‍ തമ്മിലുള്ള ആഭ്യന്തര കലാപങ്ങളും പ്രശ്‌നം കൂടുതല്‍ വഷളാക്കിയതായാണ് റിപ്പോര്‍ട്ട്,
2011 ജൂലൈയിലാണ് സൊമാലിയയെ ക്ഷാമബാധിത രാജ്യമായി യു എന്‍ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് പട്ടിണി ആദ്യം ശക്തമായത്. പിന്നീട് മറ്റു പ്രദേശങ്ങളും പട്ടിണിയുടെ പിടിയിലമരുകയായിരുന്നു. 2010 ഒക്‌ടോബര്‍ മുതല്‍ 2012 ഏപ്രില്‍ വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്. ദക്ഷിണ, മധ്യ സൊമാലിയയില്‍ മൊത്തം ജനസംഖ്യയുടെ 4.6 ശതമാനവും അഞ്ച് വയസ്സിന് താഴെ പ്രായമുള്ള പത്ത് ശതമാനവും പട്ടിണി കാരണം മരിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.