ബാലുശ്ശേരിയില്‍ കുടുംബശ്രീക്ക് 20 കോടി രൂപയുടെ പദ്ധതികള്‍

Posted on: May 1, 2013 7:39 am | Last updated: May 1, 2013 at 7:39 am
SHARE

ബാലുശേരി: ബാലുശേരി നിയോജക മണ്ഡലത്തിലെ അത്തോളി, ബാലുശ്ശരി, കൂരാച്ചുണ്ട്,കോട്ടൂര്‍, നടുവണ്ണുര്‍, ഉള്ള്യേരി, ഉണ്ണികുളം, കായണ്ണ, പനങ്ങാട് പഞ്ചായത്തുകളിലായി കുടുംബശ്രീ 2013-14 സാമ്പത്തികവര്‍ഷം 20 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. ഇരിങ്ങല്‍ സര്‍ഗ്ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ ചേര്‍ന്ന ബാലുശേരി നിയോജകമണ്ഡലം കുടുംബശ്രീ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടേതാണ് തീരുമാനം. കൃഷി മൃഗസംരക്ഷണ മേഖലകളിലായി 1000 വനിതകള്‍ക്ക് തൊഴില്‍ നല്‍കും.
500 സംഘകൃഷിഗ്രുപ്പുകള്‍ക്ക് ഉദ്പാദന ബോണസ് അനുവദിക്കും. സംയോജിത കൃഷി നടത്തുന്ന ഗ്രൂപ്പുകള്‍ക്ക് 5000 രൂപ വീതം ഗ്രാന്റായി നല്‍കും. സി ഡി എസുകളുടെ തനതു ഫണ്ടിലേക്ക് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നബാര്‍ഡില്‍ നിന്ന് ലഭ്യമാക്കും. അത്തോളി, കോട്ടൂര്‍, ഉള്ള്യേരി പഞ്ചായത്തുകളില്‍ പ്രത്യേക കേന്ദ്രസഹായ ഫണ്ടില്‍ നിന്നുള്ള സബ്‌സിഡിയോടെ സംരംഭങ്ങള്‍ ആരംഭിക്കും.
പച്ചക്കറി മാര്‍ക്കറ്റുകള്‍ ആരംഭിക്കാന്‍ ബാലുശ്ശേരി, ഉണ്ണികുളം, പനങ്ങാട് പഞ്ചായത്തുകള്‍ക്ക് ഫണ്ട് അനുവദിക്കും. നടുവണ്ണുര്‍ , കായണ്ണ പഞ്ചായത്തുകളില്‍ കാര്‍ഷിക സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കും. ജൈവ പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കാനാവശ്യമായ ഫ്രീസറുകള്‍ വാങ്ങുന്നതിന് എം എല്‍ എ ഫണ്ടില്‍ നിന്നും 50000 രൂപ വീതം അനുവദിക്കും. എം എല്‍ എ ഫണ്ട് ഉപയോഗപ്പെടുത്തി 9 മാതൃകാ ഗ്രീന്‍ ഹൗസ്ഫാമുകള്‍ ആരംഭിക്കും. പുരുഷന്‍ കടലുണ്ടി എ എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പിഎം സരോജിനി, അഗസ്റ്റിന്‍ കാരാക്കട, ് ടികെ ശ്രീധരന്‍, ഇസ്മായില്‍ കുറുമ്പൊയില്‍, എപി പ്രസന്ന, കെപി ഷൈനി , കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം എസ്പി കുഞ്ഞമ്മദ് കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ കെ മുഹമ്മദ് ഫൈസല്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേര്‍മാരായ എന്‍ കെ ഹരീഷ്, കെ സി ഹമീദ് എന്നിവര്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here