മലയാളി ഡോക്ടര്‍മാരുടെ സംഘടന സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തും

Posted on: April 30, 2013 12:52 pm | Last updated: April 30, 2013 at 12:52 pm

heartദുബൈ: അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ് (എ കെ എം ജി) സേവ് എ ഹാര്‍ട്ട് ദിനം മെയ് മൂന്ന് (വെള്ളി) അല്‍ താവൂനില്‍ ഷാര്‍ജ എക്‌സ്‌പോക്ക് സമീപമുള്ള ഇന്ത്യന്‍ ട്രേഡ് ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ (ഐ ടി ഇ സി) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഹൃദയാരോഗ്യത്തെക്കുറിച്ച് അത്യന്താപേക്ഷിതമായ അവബോധം വളര്‍ത്തിയെടുക്കുന്നതിലൂടെ ഹൃദ്‌രോഗത്തെ പ്രതിരോധിക്കുകയും ചികിത്സിച്ച് ഭേദമാക്കുകയും ചെയ്യുക എന്നതാണ് സേവ് എ ഹാര്‍ട്ട് ദിനാചരണം ലക്ഷ്യമിടുന്നത്. 50 പേര്‍ക്ക് സൗജന്യമായി ഹൃദ്‌രോഗ ശസ്ത്രക്രിയ നടത്തും.
യു എ ഇയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എ കെ എം ജി എമിറേറ്റ്‌സ് നടത്തുന്ന ഈ സദുദ്ദേശ പരിപാടി, ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും ഹൃദ്‌രോഗം തടയുന്നതിനും ആരോഗ്യപൂര്‍ണമായ ദീര്‍ഘായുസ് നേടുന്നതിനും ജീവിതശൈലിയില്‍ ലളിതമായ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ സാധ്യമാണെന്ന് പൊതുജനത്തിന് മനസിലാക്കിക്കൊടുക്കുന്നതിനും വേണ്ടിയാണ് സേവ് എ ഹാര്‍ട്ട് സേവ് എ ഫാലിമി എന്ന ജീവകാരുണ്യ പദ്ധതിയിലൂടെ, ഹൃദ്‌രോഗ ചികിത്സക്കായുള്ള ശസ്ത്രക്രിയക്ക് നിര്‍ധനരായ രോഗികള്‍ക്ക് എ കെ എം ജി സഹായം ചെയ്യും.
രാവിലെ 7.30ന് തുടങ്ങുന്ന പരിപാടിയിലെ ആദ്യ ഇനം ആരോഗ്യമുള്ള ഹൃദയത്തിലേക്ക്-പടിപടിയായി എന്നതാണ്. ദിവസേനയുള്ള നടത്തം ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന അവബോധം ഉണര്‍ത്തുകയാണ് ഇതിന്റെ ഉദ്ദേശം. യു എ ഇയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ചിത്രരചന, പോസ്റ്റര്‍ രൂപകല്‍പ്പന മത്സരങ്ങള്‍ നടത്തും. ഉത്തമമായ ജീവിതരീതികള്‍ ചുറപ്പത്തിലേ ശീലിച്ചാല്‍ അവ ആയുഷ്‌കാലം മുഴുവന്‍ നിലനില്‍ക്കുമെന്ന തിരിച്ചറിവ് ഇളം തലമുറയില്‍ വളര്‍ത്തിയെടുക്കുകയെന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ഇന്ത്യന്‍ അംബാസിഡര്‍ എം കെ ലോകേഷ്, പത്മശ്രീ ഡോ. കെ ജെ യേശുദാസ് എന്നിവര്‍ ഉദ്ഘാടന വേളയില്‍ സന്നിഹിതരായിരിക്കും. നമ്മുടെ ഹൃദയത്തെ ആരോഗ്യപൂര്‍ണമായി നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പ്രഗത്ഭ ഡോക്ടര്‍മാരും പ്രശസ്ത പ്രഭാഷകരും നടത്തുന്ന ആരോഗ്യ ബോധവത്കരണ ക്ലാസുകളും ഉണ്ടായിരിക്കും.
കാണികള്‍ക്ക് ഹൃദ്‌രോഗ വിദഗ്ധരുമായി ആശയവിനിമയം നടത്താനുള്ള അവസരം ഒരുക്കുന്ന പാനല്‍ ചര്‍ച്ചയും പരിപാടിയിലെ ഇനമാണ്.
ഹാര്‍ട്ട് സര്‍ജറി സ്‌ക്രീനിംഗ് ക്യാമ്പില്‍ 20 ഓളം ഹൃദ്‌രോഗ വിദഗ്ധരും ഹൃദയശസ്ത്രക്രിയാ വിദഗ്ധരും പങ്കെടുക്കും. സക്രീനിംഗില്‍ ശസ്ത്രക്രിയ ആവശ്യമാണെന്നു നിശ്ചയിക്കപ്പെടുന്ന നിര്‍ധനരായ രോഗികള്‍ക്ക് എ കെ എം ജിയുടെ ജീവകാരുണ്യ പദ്ധതിയായ സേവ് എ ഹാര്‍ട്ട് മുഖേന സര്‍ജറിക്കുള്ള സഹായം നല്‍കും.
ഒരു കുടുംബത്തിലെ അന്നദാതാവായ വ്യക്തിക്ക് ഹൃദയശസ്ത്രക്രിയക്കുള്ള സാമ്പത്തികശേഷി ഇല്ലാത്ത സാഹചര്യത്തില്‍ ആ രോഗിയുടെ ശസ്ത്രക്രിയ സ്‌പോണ്‍സര്‍ ചെയ്യുന്നതിലൂടെ ആ കുടുംബത്തെ ഒന്നടങ്കം സംരക്ഷിക്കുകയെന്നതാണ് സേവ് എ ഹാര്‍ട്ട് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനകം പ്രവര്‍ത്തിപഥത്തിലായ ഈ പദ്ധതിയിലൂടെ അഞ്ച് രോഗികളുടെ ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോക്ടര്‍മാരായ എ കെ ഇബ്രാഹിം, പി എം സിറാജുദ്ദീന്‍, സണ്ണി കുര്യന്‍, ചിത്ര ശംസുദ്ദീന്‍, ഹനീഷ് ബാബു, ജോര്‍ജ് ജോസഫ്, ജമാലുദ്ദീന്‍ അബൂബക്കര്‍ സംബന്ധിച്ചു.