കല്‍ക്കരി: ഭരണതലത്തില്‍ വിശ്വാസ ചോര്‍ച്ച സംഭവിച്ചെന്ന് സുപ്രീം കോടതി

Posted on: April 30, 2013 11:24 am | Last updated: April 30, 2013 at 8:28 pm

10TH_SUPREME_COURT_1079055g

ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണ കേസില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇതുമായി ബന്ധപ്പെട്ട് ഭരണതലത്തില്‍ വിശ്വാസ ചോര്‍ച്ചയുണ്ടായതായി പരമോന്നത കോടതി നിരീക്ഷിച്ചു. സി ബി ഐയുടെ അന്വേഷണം സ്വതന്ത്രമായിരുന്നു. എന്നാല്‍ അതില്‍ പുറത്ത് നിന്നുള്ള ഇടപെടലുകളുണ്ടായത് ഒരിക്കലും അംഗീകരിക്കാനാകില്ല. ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് നേരത്തെ സുപ്രീം കോടതി ചോദിച്ചപ്പോള്‍, റിപ്പോര്‍ട്ട് നേരത്തെ കണ്ടുവെന്ന വിവരം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്തുകൊണ്ട് മറച്ചുവെച്ചുവെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ആര്‍ം എം ലോധ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

നിയമമന്ത്രിയുടെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും കല്‍ക്കരി മന്ത്രാലത്തിലെയും ജോയിന്റ് സെക്രട്ടറിമാരും പരിശോധിച്ച ശേഷമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന സിബിഐയുടെ സത്യവാങ്മൂലം പരിഗണിക്കവെയായിരുന്നു ജസ്റ്റീസ് ആര്‍ എം ലോധ അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.
അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനെ കാണിച്ചതോടെ ഭരണതലത്തില്‍ വലിയ വിശ്വാസചോര്‍ച്ചയാണ് സംഭവിച്ചതെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകള്‍ക്ക് തന്നെ കോട്ടം തട്ടിയെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയോട് വിശ്വാസ വഞ്ചന കാണിച്ചുവെന്നും വാദത്തിന്റെ തുടക്കത്തില്‍ തന്നെ സുപ്രീംകോടതി വ്യക്തമാക്കി. സിബിഐയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും സുപ്രീംകോടതി പറഞ്ഞു. കേസില്‍ ഇപ്പോഴും വാദം തുടരുകയാണ്.നിയമമന്ത്രി അശ്വിനികുമാറുമായുള്ള ചര്‍ച്ചയില്‍ അറ്റോര്‍ണി ജനറലിനൊപ്പം റാവലും പങ്കെടുത്തിരുന്നു. തെന്നെ ബലിയാടാക്കാനുള്ള ശ്രമമാണെന്ന് കാണിച്ച് റാവല്‍ നാല് പേജുള്ള കത്ത് നല്‍കി. സിബിഐ യുടെ സിപ്രധാന കേസുകളില്‍ അറ്റോര്‍ണി ജനറല്‍ ഇടപെടുന്നുവെന്ന ആരോപണമായിരുന്നു കത്തിലെ പരാമര്‍ശം. അഡീഷണല്‍ സോളിറ്റര്‍ സ്ഥാനത്ത് നിന്ന് റാവല്‍ ഉടന്‍ രാജിവെക്കുമെന്നാണ് സൂചന.