മുംബൈയിലും ശരീഅത് കോടതി

Posted on: April 30, 2013 6:00 am | Last updated: April 30, 2013 at 12:25 am

മുംബൈ: മുസ്‌ലിംകള്‍ക്കിടയിലെ പൗരസംബന്ധവും വിവാഹസംബന്ധവുമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മുംബൈയില്‍ ആദ്യമായി ശരീഅത് കോടതി സ്ഥാപിക്കുന്നു. അഖലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ആണ് ശരീഅത് കോടതി സ്ഥാപിക്കുന്നത്. സി എസ് ടിക്കടുത്തുള്ള അഞ്ജുമന്‍ ഇസ്‌ലാമില്‍ ഇന്നലെയായിരുന്നു കോടതിയുടെ ഉദ്ഘാടനം.
നിലവില്‍ ഹൈദരാബാദ്, പാട്‌ന, മലേഗാവ് തുടങ്ങി രാജ്യത്തിന്റെ നിരവധി സ്ഥലങ്ങളില്‍ ശരീഅത് കോടതി പ്രവര്‍ത്തിക്കുന്നുണ്ട്. അഖലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ആണ് ഇവിടെ ഖാസിമാരെ നിയമിക്കുന്നത്. മുസ്‌ലിംകള്‍ക്കിടയിലുള്ള വ്യത്യസ്തമായ തര്‍ക്കങ്ങള്‍, ക്രിമിനല്‍ കേസുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വാദം കേള്‍ക്കുകയും പരിഹാരം നിര്‍ദേശിക്കുകയുമാണ് കോടതി ചെയ്യുന്നത്.
‘വിവാഹം, വിവാഹമോചനം, അനന്തരാവകാശത്തര്‍ക്കങ്ങള്‍ തുടങ്ങിയ കുടുംബപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഈ കോടതി പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. വിവാഹസംബന്ധമായ തര്‍ക്കങ്ങള്‍ വളരെ പെട്ടെന്ന് ഇതു വഴി പരിഹരിക്കാനാകും. സാധ്യമാണെങ്കില്‍ രണ്ട് പേരെയും ഒരുമിച്ചുമുന്നോട്ടുപോകാനും, അല്ലെങ്കില്‍ വിവാഹ മോചനം നടത്താനും കോടതി സഹായിക്കുന്നു. ഇത് വഴി സമയവും സമ്പത്തും ലാഭിക്കാന്‍ മുസ്‌ലിംകളെ സഹായിക്കുകയാണ് ശരീഅത് കോടതി ചെയ്യുന്നത്’. മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് സെക്രട്ടറി മൗലാന വലീ റഹ്മാനി ചൂണ്ടിക്കാട്ടി.
മറ്റു കോടതികളുമായി മത്സരിക്കാനല്ല ശരീഅത് കോടതി പ്രവര്‍ത്തിക്കുന്നതെന്നും, മറിച്ച് പതിനായിരത്തിലധികം കേസുകള്‍ മറ്റു കോടതികളില്‍ കെട്ടിക്കിടക്കുമ്പോള്‍ അതിന്റെ ഭാരം കുറക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രശ്‌ന പരിഹാരങ്ങള്‍ക്ക് നിര്‍ണായകമായ ബദല്‍ സംവിധാനമാണ് ശരീഅത് കോടതിയെന്നും ബീഹാര്‍, ഝാര്‍ഖണ്ഡ്, ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജില്ലാ കോടതികളും ഹൈക്കോടതികളും ശരീഅത് കോടതിയുടെ വിധി ശരിവെച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ നിയമ വകുപ്പ് തലവന്‍ യൂസുഫ് വ്യക്തമാക്കി. ഭൂമി തര്‍ക്ക വിഷയത്തിലും ശരീഅത് കോടതിയുടെ പല വിധികളും ശ്രദ്ധേയമാണ്.