Connect with us

Editorial

സി ബി ഐ റിപ്പോര്‍ട്ടില്‍ ഇടപെടുമ്പോള്‍

Published

|

Last Updated

കല്‍ക്കരിപ്പാടം ഇടപാടിലെ ക്രമക്കേടുകള്‍ സംബന്ധിച്ച സി ബി ഐയുടെ രഹസ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവുമാര്‍ ഇടപെട്ടുവെന്ന് രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ ഏജന്‍സിയായ സി ബി ഐ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നു. സി ബി ഐയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിനെ നയിക്കുന്ന പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവുമാരുമായി പങ്ക് വെക്കേണ്ടതില്ലെന്ന് സുപ്രീം കോടതി നേരത്തെ തന്നെ സി ബി ഐക്ക് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ചുരുക്കത്തില്‍ സുപ്രീം കോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ തന്നെ കാറ്റില്‍ പറത്തിയിരിക്കുന്നു. ഇത് സംബന്ധിച്ച കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് കഴിഞ്ഞ മാസം സി ബി ഐ സുപ്രീംകോടതിക്ക് സമര്‍പ്പിച്ച സ്റ്റാറ്റസ് റിപോര്‍ട്ടില്‍ പറഞ്ഞതാണ്. ഇത് മാറ്റിപ്പറയാന്‍ സി ബി ഐക്ക് കഴിയുമെന്ന് തോന്നുന്നില്ല. കല്‍ക്കരിപ്പാടം വിതരണത്തിലെ അഴിമതി അന്വേഷണത്തെ കുറിച്ച് കോടതിയില്‍ നല്‍കാന്‍ തയ്യാറാക്കിയ രഹസ്യ റിപോര്‍ട്ടിലെ ഉള്ളടക്കം നിയമ മന്ത്രി അശ്വനികുമാറിന്റെ താത്പര്യപ്രകാരം അദ്ദേഹവുമായി പങ്ക് വെച്ചുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ജോയിന്റ് സെക്രട്ടറിമാരുമായി നേരത്തെ പങ്ക് വെച്ചിരുന്നുവെന്നും സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതി ഇതിനകം സി ബി ഐ അന്വേഷണത്തിലൂടെ പുറത്തു വന്നിട്ടുണ്ട്. ഇനിയും ഒട്ടേറെ കഥകള്‍ പുറത്തു വരാനിരിക്കുകയാണ്. അന്വേഷണ റിപോര്‍ട്ട് നിയമമന്ത്രി അശ്വനികുമാറുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും പങ്ക് വെച്ചുവെന്ന് പറയുമ്പോള്‍, റിപോര്‍ട്ടില്‍ കേന്ദ്രത്തിനെതിരായ പരാമര്‍ശങ്ങള്‍ തിരുത്തിയാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതെന്ന് വല്ലവരും സംശയിച്ചാല്‍ അതിന് അവരെ കുറ്റപ്പെടുത്താനാകില്ല. സി ബി ഐ റിപ്പോര്‍ട്ടിലെ വ്യാകരണം പരിശോധിക്കാനോ ഭാഷാ സൗകുമാര്യം വിലയിരുത്താനോ ആകില്ലല്ലോ റിപോര്‍ട്ടിലെ ഉള്ളടക്കം ചോര്‍ത്തിയത്? സി ബി ഐയുടെ വിശ്വാസ്യതയാണ് മന്ത്രി അശ്വനികുമാറും പ്രധാനമന്ത്രിയുടെ ഓഫീസിലെ കൈയാളന്മാരും തകര്‍ത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന് യഥേഷ്ടം തീരുമാനമെടുക്കാന്‍ കഴിയുന്ന വെറുമൊരു സര്‍ക്കാര്‍ വകുപ്പായി സി ബി ഐ മാറുകയാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.
സി ബി ഐ കൈകാര്യം ചെയ്യുന്ന പല കേസുകളിലും രാഷ്ട്രീയ യജമാനന്മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പ്രതിഫലിക്കുന്നതായി നേരത്തെ തന്നെ വ്യാപകമായ പരാതിയുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ അഴിമതി, നികുതി വെട്ടിപ്പ്, വഴിവിട്ട നടപടിക്രമങ്ങള്‍ തുടങ്ങിയ കേസുകളുടെ പോക്ക് ഇതിന് മതിയായ ഉദാഹരണങ്ങളാണ്. മുന്‍ യു പി മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ്, മുന്‍ യു പി മുഖ്യമന്ത്രിയും ബി എസ് പി നേതാവുമായ മായാവതി തുടങ്ങിയവര്‍ക്കെതിരായ സി ബി ഐ അന്വേഷണങ്ങള്‍ രാഷ്ട്രീയ സാഹചര്യങ്ങളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. രണ്ടാം യു പി എ സര്‍ക്കാറിന്റെ നയനിലപാടുകളില്‍ പ്രതിഷേധിച്ച് ഘടകക്ഷികള്‍ പലതും മുന്നണി വിട്ടതോടെ ലോക്‌സഭയില്‍ സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലും സര്‍ക്കാറിന്റെ ഭദ്രതയേയും കെട്ടുറപ്പിനെയും പറ്റി പ്രധാനമന്ത്രി അടക്കമുള്ളവര്‍ നടത്തുന്ന വീരവാദങ്ങള്‍ പരിഹാസ്യമാണ്. രാജ്യത്തെ കോടാനുകോടി വരുന്ന പട്ടിണിക്കാരായ ജനതയെ മറന്ന്, പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങളെ കുറിച്ച് യു പി എ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് സമാജ്‌വാദി പാര്‍ട്ടിയുടെയും ബി എസ് പിയുടെയും പിന്തുണ പ്രതിക്ഷിച്ചു കൊണ്ടാണ്. അതിനായി സി ബി ഐയെ അതിവിദഗ്ധമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
സി ബി ഐയെ ചട്ടുകമാക്കുന്നവര്‍ ഇപ്പോള്‍ അതിനൊപ്പം, സുപ്രീം കോടതിയെ പോലും അനുസരിപ്പിക്കാനുള്ള ശ്രമത്തിലാണ്. കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ സൈനികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഇറ്റലിക്ക് ഉറപ്പ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടോ? ഈ കേസ് “അപൂര്‍വങ്ങളില്‍ അപൂര്‍വമായതല്ല” എന്ന്, കോടതിയില്‍ വിചാരണ ആരംഭിക്കുന്നതിന് മുമ്പ് പറയാന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന് എന്താണവകാശം? ടു ജി സ്‌പെക്ട്രം കേസിലെ ജെ പി സി അന്വേഷണവും ഭരണപക്ഷം പൂര്‍ണമായും രാഷ്ട്രീയവത്കരിച്ചു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നതില്‍ ആര്‍ക്കും അഭിപ്രായഭിന്നതയുണ്ടാകില്ല. കൊടും കുറ്റവാളിക്കു പോലും നീതിപീഠത്തിന് മുന്നില്‍ തന്റെ വാദമുഖങ്ങള്‍ നേരിട്ട് അവതരിപ്പിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ജെ പി സി മുമ്പാകെ നേരിട്ട് ഹാജരായി തനിക്ക് പറയാനുള്ളത് വെളിപ്പെടുത്താന്‍ എന്തുകൊണ്ട് മുന്‍മന്ത്രി എ രാജക്ക് അവസരം നല്‍കിയില്ല? ഇതിനെല്ലാം ജെ പി സി അധ്യക്ഷന്‍ പി സി ചാക്കോയും കേന്ദ്ര സര്‍ക്കാറും മറുപടി പറയേണ്ടിവരും. അതിനിടയിലാണ്, സ്വതന്ത്ര പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയില്‍ കൊണ്ടുവരാനുള്ള കുത്സിത ശ്രമങ്ങള്‍! ഇത് ജനാധിപത്യ ഭരണ സംവിധാനത്തിന്റെ കടക്കല്‍ കത്തിവെക്കലാണെന്ന് പറയാതെ വയ്യ.

Latest