Connect with us

Malappuram

തൊണ്ട വരണ്ട് ജില്ല

Published

|

Last Updated

താനൂര്‍:ഒരിറ്റ് ദാഹ ജലത്തിന് വേണ്ടി പരക്കം പായുകയാണ് ഓരോ വീട്ടുകാരും. മുമ്പെങ്ങും ഇല്ലാത്ത വിധം ജലവിതാനം താഴ്ന്നത് കാരണം ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഇത് തെന്നെയാണ് സ്ഥിതി. ഒരിറ്റ് കുടിവെള്ളത്തിന് വേണ്ടി അടിപിടി വരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു.
ഒരാഴ്ച്ചക്കുള്ളില്‍ മഴ പെയ്തില്ലെങ്കില്‍ കുടിവെള്ളം പോലും കിട്ടാന്‍ ഏറെ പാട് പെടേണ്ടി വരും എന്നുള്ളതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പലയിടത്തും പഞ്ചായത്തുകളുടെയും നഗരസഭകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ചില വ്യക്തികളുടെയും നേതൃത്വത്തില്‍ പല പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും എല്ലാ കുടുംബങ്ങള്‍ക്കും ഇത് ലഭ്യമാകുന്നില്ല. മണല്‍ പ്രദേശങ്ങളില്‍ കിണറുകളില്‍ ജലത്തിന്റെ ലഭ്യത ഗണ്യമായി കുറയുകയും കുന്നിന്‍ പ്രദേശങ്ങളില്‍ വറ്റിവരളുകയും ചെയ്തത് ആശങ്കയോടെയാണ് ജനങ്ങള്‍ കാണുന്നത്.
നിത്യ ജീവിതത്തിന് പ്രധാന ആശ്രയമായിരുന്ന പുഴകളടക്കം പൂര്‍ണമായി വറ്റിയതോടെയാണ് ഇത്തവണ ശുദ്ധ ജലത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്നത്. അവധിക്കാലങ്ങളില്‍ കുട്ടികള്‍ നീന്തിക്കളിച്ചിരുന്ന കനോലി പുഴയിലടക്കം ജല ദൗര്‍ലഭ്യം രൂക്ഷമായത് കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതിയായി കണക്കാക്കമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രകൃതിയുടെ അഭിവാജ്യഘടകമായ പുഴകളും നീര്‍ച്ചാലുകളും വറ്റിവരളുന്നതോടെ ഇവ ആശ്രയിച്ച് ജീവിക്കുന്ന നിരവധി ജീവി വര്‍ഗങ്ങളും നാശത്തിലേക്ക് നീങ്ങും.
ജില്ലയിലെ വിവിധ പ്രദേശങ്ങളായ എടപ്പാള്‍, മഞ്ചേരി, വണ്ടൂര്‍, അരീക്കോട്, കോട്ടക്കല്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ, മലപ്പുറം തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും ശുദ്ധജല ക്ഷാമം രൂക്ഷമായിരിക്കുന്നത്. കൂടാതെ കടല്‍ തീരപ്രദേശങ്ങളില്‍ ഉപ്പുവെള്ളം കയറി കുടിവെള്ളം കിട്ടാക്കനിയായ കാഴ്ചയാണുള്ളത്. അവലോകന യോഗങ്ങളില്‍ തീരുമാനമെടുത്ത് അധികൃതര്‍ പിരിഞ്ഞുപോകുന്നത് മാത്രമേ കാണാറുള്ളുവെന്നാണ് നാട്ടുകാരുടെ പരിഭവം.
ചില സ്ഥലങ്ങളില്‍ യുവജന പ്രസ്ഥാനങ്ങളും ക്ലബ് ഭാരവാഹികളും വെള്ളമെത്തിച്ച് നാട്ടുകാരെ സഹായിക്കുന്നുണ്ട്. അധികൃതര്‍ വേണ്ടത്ര പരിഗണന നല്‍കാത്തതും ഈ പ്രദേശത്തുകാര്‍ക്ക് ദുരിതമിരട്ടിക്കുന്നതിന് കാരണമാകുന്നുണ്ട്. ഏറെ ദൂരം താണ്ടിയാണ് ഇവിടങ്ങളിലുള്ള ഭൂരിഭാഗം കുടുംബങ്ങളും വെള്ളം വീട്ടിലെത്തിക്കുന്നത്.
ചില പ്രദേശങ്ങളില്‍ സ്ത്രീകള്‍ കുന്നിറങ്ങി കിലോമീറ്ററുകളോളം വെള്ളത്തിന് വേണ്ടി അലയേണ്ട സ്ഥിതിയാണുള്ളത്. സ്ത്രീകളും പുരുഷന്മാരും വെള്ളക്കുടങ്ങളുമേന്തി ദൂരം താണ്ടുന്നത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. ജല സംരക്ഷണത്തിന് പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച കൂടി ചേര്‍ത്ത് വായിക്കുന്നതോടെ അധികാരികളുടെ ആസൂത്രണത്തിന്റെ അഭാവം വ്യക്തമാകുകയാണ്. ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ഉറച്ച നിലപാടുകള്‍ കൈക്കൊള്ളാന്‍ ജനപ്രതിനിധികള്‍ തയ്യാറാകാത്തതും പ്രതിസന്ധിയായി വിലയിരുത്തപ്പെടുന്നുണ്ട്.

 

---- facebook comment plugin here -----

Latest