കസ്തൂരിരംഗന്‍ കമ്മിറ്റി നിര്‍ദേശം പുനഃപരിശോധിക്കണം: സര്‍വകക്ഷി യോഗം

Posted on: April 29, 2013 10:44 am | Last updated: April 29, 2013 at 10:44 am

കാട്ടിക്കുളം: ഡോ കസ്തൂരിരംഗന്‍ കമ്മിറ്റി നിര്‍ദേശം പുന:പരിശോധിക്കണമെന്നും തിരുനെല്ലി, തൃശ്ശിലേരി വില്ലേജുകളെ പരിസ്ഥിതിദുര്‍ബല മേഖലയായി പ്രഖ്യാപിച്ചതു പിന്‍വലിക്കണമെന്നും തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു.കസ്തൂരിരംഗന്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രാബല്യത്തില്‍ വന്നാല്‍ ജനജീവിതത്തെയും കാര്‍ഷികമേഖലയെയും പ്രതികൂലമായി ബാധിക്കും. പഞ്ചായത്തിന്റെ 201 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ 174 ചതുരശ്ര കിലോമീറ്ററും വനംവകുപ്പിന്റെ അധീനതയില്‍പ്പെട്ടതാണ്. തീരുമാനം ഉടന്‍ പിന്‍വലിക്കാത്തപക്ഷം പ്രക്ഷോഭം നടത്തുമെന്നു യോഗം മുന്നറിയിപ്പ് നല്‍കി. മെയ് അഞ്ചിന് എല്ലാ ഗ്രാമസഭകളും വിളിച്ചുചേര്‍ക്കാനും ഏഴിന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ കണ്‍വന്‍ഷന്‍ നടത്താനും തീരുമാനിച്ചു.പ്രസിഡന്റ് ഒ ആര്‍ കേളു അധ്യക്ഷതവഹിച്ചു. കെ അനന്തന്‍ നമ്പ്യാര്‍, എ എന്‍ സുശീല, പി വി സഹദേവന്‍, ലക്ഷ്മണന്‍, എം ജെ ജോസഫ്, സുഗതന്‍, ടി സി ജോസ്, ശശി, പി വി രവീന്ദ്രന്‍, പി സി ബാബു, വെങ്കിടേഷ്, ഷിബു സംസാരിച്ചു.