Connect with us

Sports

സ്പാനിഷ് ലീഗ്: ബാഴ്‌സലോണക്ക് സമനില, മാഡ്രിഡിന് ജയം

Published

|

Last Updated

മാഡ്രിഡ്: കിരീടം ഉറപ്പിച്ച് മുന്നേറുന്ന ബാഴ്‌സലോണയ്ക്ക് സ്പാനിഷ് ലീഗില്‍ സമനില. അത്‌ലറ്റികൊ ബില്‍ബാവോയാണ് 2-2ന് ബാഴ്‌സയെ സമനിലയില്‍ തളച്ചത്. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് അത്‌ലറ്റികൊ മാഡ്രിഡിനെ പരാജയപ്പടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം.

ഇരുപത്തിയേഴാമത്തെ മിനിറ്റില്‍ മാര്‍ക്കല്‍ സുസെയ്ത്തയിലൂടെ ബില്‍ബാവോയാണ് ആദ്യം ഗോള്‍ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ സൈഡ് ബഞ്ചിലിരുന്ന ലയണല്‍ മെസ്സിയുടെ വരവോടെയാണ് ബാഴ്‌സലോണ ഉണര്‍ന്നു കളിച്ചത്. അറുപത്തിയേഴാം മിനിറ്റില്‍ ബില്‍ബാവോ പ്രതിരോധ നിരയെ വെട്ടിച്ച് മുന്നേറിയ മെസ്സി വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു. ലാദില്‍ മെസ്സി നേടുന്ന നാല്‍പ്പത്തിനാലാമത്തെ ഗോളാണ് ഇന്നലെ പിറന്നത്. പിന്നീട് അലക്‌സിസ് സാഞ്ചസ് ആണ് ബാഴ്‌സക്ക് ലീഡ് ഗോള്‍ നേടിക്കൊടുത്തത്. മത്സരത്തിന്റെ അവസാന മിനിറ്റില്‍ ഹെറേറയാണ് ബില്‍ബാവോയ്ക്ക് വേണ്ടി സമനില ഗോള്‍ നേടിയത്. മത്സരം സമനിലയിലായതോടെ ലീഗ് കിരീടം നേടാന്‍ ബാഴ്‌സക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.

പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം റയലിനെ പരാജയപ്പെടുത്താമെന്ന അത്‌ലറ്റികൊ മാഡ്രിഡിന്റെ സ്വപ്‌നമാണ് നടക്കാതെ പോയത്. ഒരു ഗോളിന് പുറകില്‍ നിന്നതിനു ശേഷമായിരുന്നു റയലിന്റെ തിരിച്ചു വരവ്. നാലാം മിനിറ്റില്‍ ഫല്‍കാവോയിലൂടെ അത്‌ലറ്റികൊ മാഡ്രിഡാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഡീഗോ റോഡിന്‍സിന്റെ പാസില്‍ നിന്ന് മികച്ചൊരു ഹെഡ്ഡറിലൂടെയായിരുന്നു ഫല്‍കാവോ ഗോള്‍ നേടിയത്.

സ്വന്തം വലയില്‍ ഗോള്‍ വീണ ശേഷം ഉണര്‍ന്നു കളിച്ച റയലിന് ഒമ്പതു മിനിറ്റുകള്‍ക്കു ശേഷം സമനില ലഭിച്ചു. അത്‌ലറ്റികൊ താരം യുവാന്‍ഫ്രാന്റെ സെല്‍ഫ് ഗോളാണ് റയലിന്റെ രക്ഷയ്‌ക്കെത്തിയത്. ഏയ്ഞ്ചല്‍ ഡി മരിയയുടെ ഫ്രീകിക്ക് തടയുന്നതിനിടെ യുവാന്‍ഫ്രാന്‍ സ്വന്തം പോസ്റ്റിലേക്ക് പന്ത് തട്ടിയിടുകയായിരുന്നു.

മത്സരത്തിന്റെ രണ്ടാം പകുതിയുടെ അറുത്തിമൂന്നാം മിനിറ്റില്‍ ഏഞ്ജല്‍ ഡി മരിയയാണ് റയലിന്റെ വിജയ ഗോള്‍ നേടിയത്. പരുക്കേറ്റ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കാനിറങ്ങിയില്ല.