കര്‍ണ്ണാടകയില്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി

Posted on: April 28, 2013 2:18 pm | Last updated: April 28, 2013 at 2:18 pm

ബല്‍ഗാം: കര്‍ണാടകത്തില്‍ കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. ബല്‍ഗാമില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ സുലേഭാവി ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. ഗ്രാമത്തിന് സമീപം കൃഷിസ്ഥലത്താണ് പാതിനഗ്‌നയായി പെണ്‍കുട്ടിയുടെ മൃതശരീരം കാണപ്പെട്ടത്.

മാനഭംഗപ്പെടുത്തിയ ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ മുഖം കല്ലുകൊണ്ടിടിച്ച് വികൃതമാക്കി. ‘മറാത്ത’ എന്ന് ദേവനാഗിരി ലിപിയില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ എഴുതിവെച്ച ശേഷമാണ് അക്രമികള്‍ സ്ഥലംവിട്ടത്. ബല്‍ഗാമില്‍ ഗവണ്‍മെന്റ് കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പരീക്ഷ എഴുതിമടങ്ങും വഴിയാണ് വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയത്. ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി. പ്രതികളെ പിടികൂടാന്‍ മൂന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ മുനിഷ് മൗഗില്‍ പറഞ്ഞു. അത്യന്തം ഹീനമായ സംഭവമാണിതെന്നും കുറ്റവാളികള്‍ വധശിക്ഷ അര്‍ഹിക്കുന്നുവെന്നും മൗഗില്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ആളുകള്‍ പ്രതിഷേധവുമായി റോഡിലിറങ്ങി. സ്ഥലവാസികളും കോളജ് വിദ്യാര്‍ഥികളും ബസ് സ്റ്റാന്‍ഡിന് സമീപം വഴിതടഞ്ഞു. മൂന്നു മാസത്തിനുള്ളില്‍ ബല്‍ഗാമില്‍ കോളജ് വിദ്യാര്‍ഥി കൂട്ടമാനഭംഗത്തിനിരയാകുന്നത് ഇത് രണ്ടാം തവണയാണ്. ജനവരിയില്‍ പ്രീയൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ അഥാനിയെ അക്രമികള്‍ കൂട്ടമാനഭംഗത്തിന് ശേഷം കൊലപ്പെടുത്തി മൃതശരീരം കത്തിച്ചു. ഈ കേസില്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.