തളികക്കല്ല് കോളനിയിലെ ആദിവാസികള്‍ക്ക് പോഷകാഹാര കുറവെന്ന് മെഡിക്കല്‍ സംഘം

Posted on: April 28, 2013 9:20 am | Last updated: April 29, 2013 at 2:10 pm

വടക്കഞ്ചേരി: മംഗലം ഡാം തളികകല്ല് കോളനിയിലെ ആദിവാസികള്‍ക്കും പോഷകാഹാര കുറവെന്ന് മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അസുഖത്തെ തുടര്‍ന്ന് ആദിവാസി യുവാവ് മരിക്കാനിടയായ സാഹചര്യത്തിലാണ് മെഡിക്കല്‍ സംഘം കോളനിയില്‍ സന്ദര്‍ശനം നടത്തിയത്. കോളനിയിലെ പലര്‍ക്കും അസുഖങ്ങളുള്ളതായും കുട്ടികള്‍ക്ക് പോഷകാഹാര കുറവുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ അസുഖ ബാധിതനായ ഒരാളെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തൃശൂര്‍-പാലക്കാട് ജില്ലകളിലെ അമ്പത് കോളനികളിലെ ആരോഗ്യ പ്രവര്‍ത്തനത്തിന് വേണ്ടി നിയോഗിച്ച ഡോ.ആര്‍ എ ബശീര്‍, ദുര്‍ബല ഗോത്രപത്രിക സെന്റര്‍ ഓഫീസര്‍ സുരേഷ്‌കുമാര്‍, ശിവമണി, കെ കെ ബാബു, സതീശന്‍, രാജഗോപാല്‍, വാര്‍ഡംഗം അച്ചാമ്മ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തളികകല്ല് ആദിവാസി കോളനിയില്‍ സന്ദര്‍ശനം നടത്തിയത്. ക്ഷയരോഗം ഉള്‍പ്പെടെ ബാധിച്ചവര്‍ കോളനിയിലുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായതായി മെഡിക്കല്‍ സംഘം അറിയിച്ചു. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുമെന്നും സംഘാംഗങ്ങള്‍ പറഞ്ഞു.