ഓണത്തിന് കണ്ണൂരിന് സംഘകൃഷിയുടെ പച്ചക്കറി

Posted on: April 28, 2013 9:18 am | Last updated: April 28, 2013 at 9:18 am

കണ്ണൂര്‍: അടുത്ത ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വിഷമുക്ത പച്ചക്കറി ഒഴിവാക്കി കണ്ണൂര്‍ ജില്ലയില്‍ തന്നെ ഉത്പാദിപ്പിച്ച ജൈവ പച്ചക്കറി കഴിക്കാന്‍ കുടുംബശ്രീയുടെ പദ്ധതി. സംഘകൃഷി എന്ന കുടുംബശ്രീ പദ്ധതി പ്രകാരമാണ് അടുത്ത ഓണക്കാലത്തെ ലക്ഷ്യമിട്ട് ജൈവ പച്ചക്കറി കൃഷി നടത്തുന്നത്. കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്ക് സഹായകമാവുന്ന തരത്തില്‍ തൊഴില്‍ സാധ്യത ലക്ഷ്യം വെച്ച് കുടുംബശ്രീ രൂപം നല്‍കിയതാണ് സംഘകൃഷി. നാല് മുതല്‍ 10 വരെ കുടുംബശ്രീ വനിതാ അംഗങ്ങള്‍ അടങ്ങിയതാണ് സംഘകൃഷിയുടെ ജോയിന്റ് ലയബലിറ്റി ഗ്രൂപ്പ്. ഒരു അയല്‍കൂട്ടത്തില്‍ നിന്നോ ഒന്നിലധികം അയല്‍കൂട്ടത്തില്‍ നിന്നോ കൃഷി ചെയ്യാന്‍ താത്പര്യമുള്ള അംഗങ്ങളാണ് അംഗങ്ങള്‍.
ജില്ലയില്‍ ആകെ 7708 ജെ എല്‍ ജി ഗ്രൂപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 2012-13 കാലയളവില്‍ 8145544 രൂപ ഇന്‍സെന്റീവ് നല്‍കാനായി. 10485 ഏക്കര്‍ ഭൂമിയിലാണ് കൃഷി നടത്തുന്നത്. ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വലിയ തോതില്‍ പച്ചക്കറി ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിലാണ് കുടുംബശ്രീയുടെ ജൈവകൃഷി ആരംഭിച്ചത്. സംഘകൃഷിയുടെ ഭാഗമായി 13 പഞ്ചായത്തുകളില്‍ കര്‍ഷക സഹായം ജില്ലയിലാരംഭിച്ചിട്ടുണ്ട്. മറ്റ് പഞ്ചായത്തുകളില്‍ ഈ വര്‍ഷം തന്നെ കേന്ദ്രം സ്ഥാപിക്കുമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം വി പ്രേമരാജന്‍ പറഞ്ഞു. ഹോം നഴ്‌സിംഗ് രംഗത്ത് നടക്കുന്ന ചൂഷണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ഹോം നഴ്‌സിംഗ് പ്രസ്ഥാനമാരംഭിക്കും. ഈ വര്‍ഷം 400 ഹോം നഴ്‌സുമാര്‍ കുടുംബശ്രീ നേതൃത്വത്തില്‍ ഉണ്ടാകുമെന്ന് പ്രേമരാജന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബും കുടുംബശ്രീ മിഷനും സംയുക്തമായി കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രസ് ക്ലബ് പ്രസിഡന്റ് കെ എന്‍ ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ എ സരള ഉദ്ഘാടനം ചെയ്തു. സി ഉസ്മാന്‍ പ്രീത, സാജിത്ത് ആന്റണി, പി ജെ അനുമോള്‍, എന്‍ ടി ജിതിന്‍, ശ്രീഷ്മ ശ്രീധരന്‍ ക്ലാസെടുത്തു.