Connect with us

Wayanad

ആദിവാസികളില്‍ പകര്‍ച്ച വ്യാധികളും മാറാരോഗങ്ങളും: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പേരിലൊതുങ്ങുന്നു

Published

|

Last Updated

കല്‍പ്പറ്റ: ആദിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പകര്‍ച്ച വ്യാധികളും മാറാരോഗങ്ങളും തടയുന്നതിന് വേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പേരിലൊതുങ്ങുന്നത് ആദിവാസികളുടെ ജീവനെടുക്കുന്നു.
ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസത്തെ കോളറ മരണം. കോളനികളില്‍ പകര്‍ച്ച വ്യാധികളും പട്ടിണി മരണങ്ങളും അരങ്ങേറുമ്പോള്‍ മാത്രം കോളനി സന്ദര്‍ശിക്കുകയും പേരിന് പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നവര്‍ പിന്നീട് ആ വഴി തിരഞ്ഞു നോക്കാറില്ല. ഇതു തന്നെയാണ് ആദിവാസികള്‍ക്ക് ദുരിതം വിതക്കുന്നതും. ശുചിത്വമില്ലായ്മയാണ് മിക്ക കോളനികളിലും നേരിടുന്ന പ്രധാന പ്രശ്‌നം. ഇത് പരിഹരിക്കുന്നതിന് ട്രൈബല്‍ വകുപ്പിന്റേയോ മറ്റു ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നോ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് കോളനികള്‍ സന്ദര്‍ശിച്ചാല്‍ ബോധ്യപ്പെടുക.
കഴിഞ്ഞ ദിവസം കോളറ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുട്ടില്‍ പഞ്ചായത്തിലെ കൊളവയല്‍ അമ്പതാംമൈല്‍ കോളനിക്ക് സമീപത്തുള്ള മറ്റു കോളിനിയിലേക്കും രോഗ ബാധ പടര്‍ന്നിട്ടുണ്ട്.
രോഗത്തിന് ചികിത്സ തേടിയ പത്ത് പേരില്‍ ആറുപേര്‍ ഗുരുതരാവസ്ഥയിലാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കോളനികളില്‍ നിലനില്‍ക്കുന്ന ജീവിത സാഹചര്യങ്ങളും ശുചിത്വമില്ലായ്മില്ലായ്മയാണ് രോഗം പടരാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. അകോളറ പടരുന്ന സാഹചര്യത്തില്‍ പ്രദേശത്തെ ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും പ്രത്യേക പരിശീലനം നല്‍കുമെന്നും ഡി എം ഒ വ്യക്തമാക്കി. കോളറ മരണം സംഭവിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരും ആരോഗ്യ വിദഗ്ധരും കോളനിയില്‍ സന്ദര്‍ശനം നടത്തി പ്രതിരോധ കുത്തിവെപ്പ് നല്‍കുകയും ചെയ്തു.
കഴിഞ്ഞ നാലു മാസത്തിനിടെ കോളര ബാധിച്ച് വയനാട്ടില്‍ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2011 ജനുവരിയിലാണ് വയനാട്ടില്‍ ആദ്യമായി കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2011-ല്‍ 116 പേര്‍ക്ക് കോളറ ബാധിക്കുകയും ആറുപേര്‍ മരിക്കുകയും ചെയ്തു. 2012ല്‍ 12 പേര്‍ക്ക് കോളറ പിടിപെട്ടപ്പോള്‍ അഞ്ചു പേര്‍ മരിച്ചു. കര്‍ണാടകയില്‍ ഇഞ്ചിപ്പണിക്ക് പോയി തിരികെയെത്തിയ ആളുകള്‍ക്കാണ് കോളറ ബാധിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോളറ രോഗത്താല്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ആറു പേരില്‍ രണ്ട് പേര്‍ മെഡിക്കല്‍ കോളജിലും രണ്ട് പേര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും രണ്ട് പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
വയനാട്ടിലെ കോളറ അപകടകരമാം വിധം വ്യാപിക്കുകയാണ്.
കോളറ ബാധിതരില്‍ ഏറെയും ആദിവാസികളാണ് എന്നത് രോഗത്തിന്റെ വ്യാപ്തി കൂട്ടുന്നു. പരിമിതമായ ചികിത്സാ സൗകര്യങ്ങള്‍ മാത്രമാണ് വയനാട്ടില്‍ ലഭ്യമായിട്ടുള്ളൂവെന്നതിനാല്‍ വിദ്ഗ്ധ ചികിത്സക്കായി രോഗികളെ രണ്ടര മണിക്കൂര്‍ യാത്ര ദൈര്‍ഘ്യമുള്ള കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിക്കണം. അതിനിടെ മഞ്ഞപ്പിത്തവും ജില്ലയില്‍ വ്യാപകമായിട്ടുണ്ട്.