രിസാല സ്വക്വയര്‍ ഇന്ന് ജനസാഗരമാകും

Posted on: April 28, 2013 10:40 am | Last updated: April 28, 2013 at 3:58 pm

കൊച്ചി:ക്രിയാത്മക യുവത്വം പരിവര്‍ത്തനം സൃഷ്ടിക്കാതിരിക്കില്ലെന്ന് നേര്‍സാക്ഷ്യപ്പെടുത്തിക്കൊണ്ട് ‘സമരമാണ് ജീവിതം’ എന്ന പ്രമേയത്തില്‍ മൂന്ന് ദിവസമായി നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൂറ്റന്‍ റാലിയോടെ സമാപനം.
വിവിധ സര്‍വകലാശാലകളില്‍ നിന്നും മത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമായി മൂന്ന് ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന റാലിയില്‍ സംസ്ഥാനത്തെ 428 സെക്ടറുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യൂനിഫോം ധാരികളായ നാല്‍പ്പതിനായിരം ഐ ടീം അംഗങ്ങളും അണിനിരക്കും.
വൈകുന്നേരം നാല് മണിക്ക് ഇടപ്പള്ളിയില്‍ നിന്നാണ് വിദ്യാര്‍ഥി റാലി ആരംഭിക്കുക.
സംസ്ഥാന നേതാക്കളായ വി അബ്ദുല്‍ ജലീല്‍ സഖാഫി, കെ അബ്ദുല്‍ കലാം, വി പി എം ഇസ്ഹാഖ്, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി, ഉമര്‍ ഓങ്ങല്ലൂര്‍, എം അബ്ദുല്‍ മജീദ്, എ എ റഹീം, ബശീര്‍ കെ ഐ, അബ്ദുര്‍റശീദ് നരിക്കോട് റാലിക്ക് നേതൃത്വം നല്‍കും. ഇടപ്പള്ളി സ്റ്റേഷന്‍ കവലയില്‍ നിന്നാരംഭിക്കുന്ന റാലി ദേശീയ പാതയിലൂടെ സ്റ്റേഡിയം ഗ്രൗണ്ടില്‍ സമാപിക്കുന്നതോടെ അറബിക്കടലിന്റെ റാണിയുടെ ഹൃദയതാളുകളില്‍ പുതിയ ചരിത്രം കുറിക്കപ്പെടും.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം കേരളത്തിന് അകത്തും പുറത്തുനിന്നുമുള്ള നൂറുക്കണക്കിന് പണ്ഡിത കുലപതികളുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. ബഗ്ദാദ് മുഫ്തി ഡോ. റാഫി അല്‍ ആനി മുഖ്യാതിഥി ആയിരിക്കും.
സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും.
ഡോ. ഉമര്‍ മുഹമ്മദ് അല്‍ ഖത്തീബ് യു എ ഇ, സയ്യിദ് യൂസുഫ് അല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അസം നഗര വികസന മന്ത്രി സിദ്ദീഖ് അഹ്മദ്, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, സയ്യിദ് മുഹമ്മദ് ഖാദിരി, വി അബ്ദുല്‍ ജലീല്‍ സഖാഫി, എം മുഹമ്മദ് സ്വാദിഖ് പ്രസംഗിക്കും. കെ അബ്ദുല്‍ കലാം സ്വാഗതവും കെ ഐ ബശീര്‍ നന്ദിയും പറയും.