Connect with us

Kozhikode

കൊടുവള്ളി ടാങ്കര്‍ അപകടം; നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

Published

|

Last Updated

കൊടുവള്ളി: ടാങ്കര്‍ ലോറി മറിഞ്ഞ് ആസിഡ് ഒഴുകിയതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി അടഞ്ഞുകിടക്കുന്ന കടകള്‍ തുറക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കൊടുവള്ളിയില്‍ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു.
ഇന്നലെ രാവിലെ 10 മണിമുതല്‍ 12 മണിവരെ വ്യാപാരികളും ജനപ്രതിനിധികളും നാട്ടുകാരുമാണ് ദേശീയപാത ഉപരോധിച്ചത്. കൊടുവള്ളി വളവിലെ ഓപ്പണ്‍ എയര്‍ സ്റ്റേജ് ജംഗ്ഷനിലാണ് ഉപരോധ സമരം അരങ്ങേറിയത്. സമരത്തെ തുടര്‍ന്ന് തടസ്സപ്പെട്ട വാഹന ഗതാഗതം കച്ചേരിമുക്ക്-ആരാമ്പ്രം-പടനിലം വഴി തിരിച്ച് വിട്ടു.
അപകടം നടന്ന ബുധനാഴ്ച ആസിഡ് പരന്നൊഴുകിയ ഭാഗത്ത് നിക്ഷേപിച്ച മണ്ണ്, വെള്ളിയാഴ്ച കച്ചവടക്കാരുടെയും വില്ലേജ്, പഞ്ചായത്ത് പോലീസ് അധികൃതരുടെയും സാന്നിധ്യത്തില്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാത്രിയില്‍ തന്നെ നീക്കം ചെയ്ത മണ്ണ് ചിലര്‍ അതേ സ്ഥാനത്ത് കൊണ്ടുവന്നിട്ടതാണ് വ്യാപാരികളെ ചൊടിപ്പിച്ചത്. വെള്ളിയാഴ്ച നീക്കം ചെയ്ത ആസിഡ് കലര്‍ന്ന മണ്ണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് നിക്ഷേപിച്ചിരുന്നത്. അത് പരിസരവാസികളെ ക്ഷുഭിതരാക്കുകയും മണ്ണ് അവിടെ നിന്നും മാറ്റുകയും ചെയ്യുകയായിരുന്നുവത്രെ.
അപകടം നടന്ന സ്ഥലത്തുള്ള വൃക്ഷത്തിന്റെ ഇലകള്‍ ഒന്നായി കൊഴിയുന്നതും നാട്ടുകാരില്‍ ആശങ്ക പരത്താനിടയാക്കി. അതേ തുടര്‍ന്നാണ് വ്യാപാരികള്‍ യോഗം ചേര്‍ന്ന് കടകളടച്ച് ദേശീയപാത ഉപരോധിക്കാന്‍ തീരുമാനിച്ചത്. അവര്‍ക്ക് പിന്തുണയുമായി ജനപ്രതിനിധികളും നാട്ടുകാരുമെത്തി. കാലത്ത് 11 മണിയോടെ ആര്‍ ഡി ഒ. പി പി ഗംഗാധരന്‍ സ്ഥലത്തെത്തുകയും സമരക്കാരുമായി സംസാരിക്കുകയും പ്രശ്‌നത്തില്‍ ജില്ലാ ഭരണകൂടത്തിന് വീഴ്ച സംഭവിച്ചതായി അറിയിക്കുകയും ചെയ്തു.
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയാണ് പ്രതിഷേധസമരത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് സമരക്കാര്‍ ആര്‍ ഡി ഒയെ അറിയിച്ചു.
ബന്ധപ്പെട്ട വകുപ്പധികൃതരെ ഉടന്‍ വിളിച്ച് വരുത്തണമെന്ന ഉറപ്പിന്മേല്‍ 12 മണിയോടെ ഉപരോധ സമരമവസാനിപ്പിക്കുവാന്‍ സമരക്കാരും തയ്യാറായി. പിന്നീട് ഉച്ചക്ക് ഒന്നരയോടെ ഫാക്ടറീസ് ആന്‍ഡ് ബോയിലറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടം നടന്ന സ്ഥലത്ത് വീണ്ടും കൊണ്ടിട്ട ആസിഡ് കലര്‍ന്ന മണ്ണ് പോലീസ് അധികൃതരുടെ സാന്നിധ്യത്തില്‍ ഉടന്‍ നീക്കം ചെയ്യാമെന്ന ഉറപ്പ് നല്‍കുകയും ചെയ്തു. പിന്നീട് സന്ധ്യയോടെ പ്രസ്തുത മണ്ണ് നീക്കം ചെയ്തുതുടങ്ങി. ആസിഡിന്റെ ഗന്ധം ശ്വസിച്ച് നാട്ടുകാര്‍ക്ക് ശ്വാസ തടസ്സവും കണ്ണിന് എരിച്ചിലും ശാരീരിക അസ്വസ്ഥതയും ഉണ്ടായതിനെത്തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കടകള്‍ തുടന്നിരുന്നില്ല.
സംഭവത്തില്‍ പോലീസും ആര്‍ ഡി ഒയും കാണിച്ച അനാസ്ഥ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ജില്ലാ ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കണമെന്ന് കൊടുവള്ളി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
ഇത്തരം രാസപദാര്‍ഥങ്ങള്‍ പൊതുവഴിക്ക് കൊണ്ടുപോകുമ്പോള്‍ പാലിക്കപ്പെടേണ്ട സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ വാഹന ഉടമക്ക് സംഭവിച്ച വീഴ്ച മറച്ച്‌വെച്ച് ദുര്‍ലമായ കേസാണ് പോലീസ് ചാര്‍ജ് ചെയ്‌തെന്ന് യോഗം ചൂണ്ടിക്കാട്ടി. രാസപദാര്‍ഥം സംബന്ധിച്ച് കച്ചവടക്കാര്‍ക്കും നാട്ടുകാര്‍ക്കുമുള്ള ആശങ്ക ദുരീകരിക്കാന്‍ ആരോഗ്യ വകുപ്പ് മെഡിക്കല്‍ ക്യാമ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് നാസര്‍ എടക്കണ്ടി അധ്യക്ഷത വഹിച്ചു.