Connect with us

Ongoing News

തീവ്രവാദം ഒന്നിനും പരിഹാരമല്ല: കാന്തപുരം

Published

|

Last Updated

രിസാല സ്‌ക്വയര്‍: തീവ്രവാദം ഒരു പ്രതിസന്ധിക്കും പരിഹാരമല്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. തീവ്രനിലപാടുകള്‍ സമൂഹത്തെ ദുരന്തത്തിലേക്ക് നയിക്കും. ഇത്തരം പ്രവണതകളില്‍ അറിയാതെ അകപ്പെട്ടവരെ നേര്‍വഴിലേക്ക് നയിക്കേണ്ടത് എസ് എസ് എഫുകാരുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ഗുരുമുഖം സെഷനില്‍ പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.
സമരം തന്നെ ജീവിതം എന്ന പ്രമേയം വിശാലമായ അര്‍ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്വന്തം ജീവിതത്തോടാണ് ആദ്യം സമരം ചെയ്യേണ്ടത്. അറിവാണ് സമരത്തിന്റെ പ്രധാന ആയുധം. സാമൂഹിക ജീവിതത്തില്‍ എല്ലാ തലങ്ങളിലും സമരമുണ്ട്. മതത്തിനകത്ത് നവീന വാദം ഉയര്‍ത്തുന്ന പുത്തന്‍ പ്രസ്ഥാനങ്ങളോടുള്ള സമരങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ ഈ സമരം ആയുധങ്ങള്‍കൊണ്ടാകരുത്. മറിച്ച് പേനയിലുടെയും സാഹിത്യങ്ങളിലൂടെയുമാകണം. മരണ സമയത്ത് പോലും പിശാചിനോട് സമരം ചെയ്യുന്നതാണ് ഇസ്‌ലാമിക മാതൃക.
മഹത്തുക്കളോടുള്ള ആദരവും ജീവിത സമരത്തിന്റെ ഭാഗമാണ്. സയ്യിദുമാരെയും പണ്ഡിതരെയും ആദരിക്കുന്ന കാര്യത്തില്‍ പ്രോട്ടോക്കോള്‍ തടസ്സമാകരുത്. മഹത്തുക്കളുടെ സ്ഥാനം വകവെച്ചു കൊടുക്കണം. രക്ഷിതാക്കളെയും കാരണവരെയും ബഹുമാനിക്കുകയും ആദരിക്കുകയും വേണം. സഹപ്രവര്‍ത്തകര്‍ക്കും കൂട്ടുകാര്‍ക്കുമിടയില്‍ നന്മയുടെ വാഹകരാകണം.
നേതൃബഹുമാനം അനിവാര്യമാണ്. സംഘടനാരംഗം കൂടുതല്‍ ശക്തിപ്പെടുത്തണം. പുത്തന്‍വാദികള്‍ സുന്നികളെ വിമര്‍ശിക്കുമ്പോള്‍ അവര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ കൊണ്ടല്ല പ്രതിരോധിക്കേണ്ടത്. അവരെ അവരുടെ വഴിക്ക് വിടുക. നമ്മുടെ ആശയപ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നല്ല വാക്കുകളിലൂടെ ജനങ്ങളില്‍ നന്മ വളര്‍ത്തുക. യൗവനം പഠനത്തിനും പ്രബോധനത്തിനുമായി ഉപയോഗിക്കണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു.
സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ആമുഖ ഭാഷണം നടത്തി. ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, പി എ ഹൈദ്രോസ് മുസ്‌ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പി ഹസന്‍ മുസ്‌ലിയാര്‍, വി പി എം ഫൈസി വില്ല്യാപ്പള്ളി, പി ഷാജഹാന്‍ മിസ്ബാഹി സംബന്ധിച്ചു.

 

Latest