ജനാധിപത്യം ഇല്ലാതാക്കുന്നതില്‍ വായനക്കാരും പങ്ക് വഹിക്കുന്നു: ജോണി ലൂക്കോസ്

  Posted on: April 27, 2013 3:44 pm | Last updated: April 27, 2013 at 3:44 pm

  jony-lookose

   
  രിസാല സ്‌ക്വയര്‍: മാധ്യമങ്ങളുടെ ജനാധിപത്യസ്വഭാവം ഇല്ലാതാക്കുന്നതില്‍ വായനക്കാരും വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് മനോരമ ന്യൂസ്, ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് പറഞ്ഞു. രിസാല സ്‌ക്വയറില്‍ മാധ്യമ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
  സത്യം അറിയാമെങ്കിലും പറയാന്‍ വയ്യാത്ത ജനാധിപത്യധ്വംസനത്തിനാണ് മാധ്യമങ്ങള്‍ വിധേയരായിക്കൊണ്ടിരിക്കുന്നത്. ചാരക്കേസ് ഉണ്ടായപ്പോള്‍ അതില്ലെന്ന് ഏതെങ്കിലും മാധ്യമങ്ങള്‍ പറഞ്ഞിരുന്നുവെങ്കില്‍ ആരെങ്കിലും വിശ്വസിക്കുമായിരുന്നോ? മുല്ലപ്പെരിയാര്‍ പൊട്ടുമെന്ന് പ്രചരിച്ചപ്പോള്‍ അത് പൊട്ടില്ലെന്ന് ഏതെങ്കിലും പത്രം പറഞ്ഞാല്‍ ആരെങ്കിലും അംഗീകരിക്കുമായിരുന്നോ? ആരും അംഗീകരിക്കുമായിരുന്നില്ല എന്നതാണ് സത്യം. സത്യത്തില്‍ സത്യം പറയാന്‍ പൊതുസമൂഹം മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം തരുന്നില്ല. എല്ലാ കാര്യങ്ങളെയും വസ്തുനിഷ്ഠമായി അപഗ്രഥിച്ചല്ല പൊതുസമൂഹം നിലപാടിലെത്തുന്നതെന്നും ജോണി ലൂക്കോസ് പറഞ്ഞു.
  ചാനല്‍ ചര്‍ച്ചകള്‍ അവരവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ യുക്തിഭദ്രമാക്കാനുള്ള വെറും ചര്‍ച്ചകളായി മാറുകയാണെന്നും ഇതിന് മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.