Connect with us

Kannur

എം സി ശ്രീജ 30ന് സ്ഥാനമൊഴിയുമെന്ന് സൂചന; തീരുമാനമെടുക്കാന്‍ ഡി സി സിയെ ചുമതലപ്പെടുത്തി

Published

|

Last Updated

കണ്ണൂര്‍: യു ഡി എഫ് ധാരണപ്രകാരം കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ എം സി ശ്രീജ ഈ മാസം 30ന് രാജിവെക്കാന്‍ ധാരണ. കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃയോഗം കണ്ണൂര്‍ നഗരസഭയിലെ അധികാര കൈമാറ്റം സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഡി സി സിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഈ മാസം 30നകം ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു. യു ഡി എഫ് സംവിധാനത്തിന് കോട്ടമുണ്ടാക്കുന്ന ഒരു തരത്തിലുള്ള തീരുമാനവും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും അദ്ദേഹം സിറാജിനോട് പറഞ്ഞു.
തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസും മുസ്‌ലിംലീഗും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ഈ മാസം 30ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ എം സി ശ്രീജ സ്ഥാനമൊഴിയേണ്ടതുണ്ട്. നഗരസഭയില്‍ കോണ്‍ഗ്രസിന് 16 അംഗങ്ങളാണുള്ളത്. മുസ്‌ലിംലീഗില്‍ ഒരു ഐ എന്‍ എല്‍ പ്രതിനിധിയടക്കം 17 അംഗങ്ങളുണ്ട്. സി പി എമ്മിന് എട്ട് അംഗങ്ങളും എസ് ഡി പി ഐക്ക് ഒരംഗവുമാണുള്ളത്. ഒരു വിഭാഗം ഐ എന്‍ എല്‍ തിരഞ്ഞെടുപ്പിന് ശേഷം മുസ്‌ലിംലീഗില്‍ ലയിച്ചതിനെ തുടര്‍ന്ന് നഗരസഭയിലെ ഐ എന്‍ എല്‍ അംഗം റഷീദ മഹലില്‍ മുസ്‌ലിംലീഗിനാണുള്ളത്. മുസ്‌ലിംലീഗിന് മുന്നണി നീക്കിവെച്ച സീറ്റിലാണ് ഐ എന്‍ എല്‍ പ്രതിനിധി മത്സരിച്ചത്.
നേരത്തെ അധികാരകൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസില്‍ എതിരഭിപ്രായം ശക്തിപ്പെട്ടിരുന്നുവെങ്കിലും ധാരണ അനുസരിക്കാമെന്ന നിലപാടില്‍ അവരെത്തി ചേര്‍ന്നതായാണ് സൂചന. മറ്റ് തദ്ദേശഭരണസ്ഥാപനങ്ങളിലെ അധികാരകൈമാറ്റവും അഴീക്കോട് മണ്ഡലം ലീഗിന് നല്‍കിയതും കണ്ണൂരിലെ ചെയര്‍പേഴ്‌സന്‍ സ്ഥാനം വിട്ടുനല്‍ക്കുന്നത് സംബന്ധിച്ച് ബാധകമാക്കേണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന് അഭിപ്രായമുണ്ട്. ചെയര്‍പേഴ്‌സന്‍ സ്ഥാനം മുസ്‌ലിംലീഗിന് ലഭിച്ചാല്‍ റോഷ്‌നി ഖാലിദായിരിക്കും ചെയര്‍പേഴ്‌സന്‍. സി സീനത്തും ടി കെ നൂറുന്നീസയും പരിഗണനയിലുണ്ട്. വൈസ് ചെയര്‍മാനായി കോണ്‍ഗ്രസിലെ ടി ഒ മോഹനന്‍ വരും. സ്ഥാനമൊഴിയുന്ന എം സി ശ്രീജക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സ്ഥാനം നല്‍കണമോയെന്ന കാര്യത്തിലും കോണ്‍ഗ്രസില്‍ ഭിന്നതയുണ്ട്. ഏതായാലും രണ്ട് ദിവസത്തിനകം കണ്ണൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.

Latest