നിലനില്‍പ്പ് രാഷ്ട്രീയത്തിന് സമൂഹത്തെ നയിക്കാനാകില്ല: റോബര്‍ട്ട് ഡി ക്രേന്‍

  Posted on: April 27, 2013 6:00 am | Last updated: April 26, 2013 at 11:39 pm

  ulgadanam richard 1

  തിരുവനന്തപുരം: നീതിക്ക് പകരം, നിലനില്‍പ്പ് പ്രധാനമായി മാറിയ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥകള്‍ക്ക് ആത്യന്തികമായി മനുഷ്യ സമൂഹത്ത മുന്നോട്ട് നയിക്കാനാകില്ലെന്ന് പ്രമുഖ അമേരിക്കന്‍ ചിന്തകനും സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് കണ്ടംപ്രററി മുസ്‌ലിം സൊസൈറ്റീസിന്റെ ഡയറക്ടറുമായ ഡോ റോബര്‍ട്ട് ഡി ക്രേന്‍. സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ എറണാകുളം ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  നീതി എന്നത് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. നീതിയുടെ അന്തസ്സത്ത എന്താണെന്ന് അറിയാമെങ്കിലും അതിനെ എങ്ങിനെ ധൈര്യപൂര്‍വ്വം കൈകാര്യം ചെയ്യാം എന്ന കാര്യത്തില്‍ ധൈര്യമില്ലാത്ത രാഷ്ട്ര നേതാക്കളുടെ മികച്ച ഉദാഹരണം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ തന്നെയാണ്.
  കെയ്‌റോയില്‍ വെച്ച് നടത്തിയ അമേരിക്കയുടെ വിദേശനയം സംബന്ധിച്ച ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിന്റെ ആദ്യ കരടില്‍ അമേരിക്കയുടെ അടിസ്ഥാന രാഷ്ട്രീയതത്വം രാജ്യത്തിന്റെ ദൃഢതയും സുരക്ഷയും ഉറപ്പ് വരുത്തുക എന്നതല്ല മറിച്ച്, നീതിയും സമാധാനവുമാണ് എന്ന് അദ്ദേഹം എഴുതുകയുണ്ടായി. പക്ഷേ ഒബാമയുടെ പ്രസംഗമെഴുത്തുകാര്‍ സമാധാനം എന്ന വാക്ക് ഒഴിവാക്കിയാണ് ഒടുവില്‍ പ്രസംഗം വായിക്കാന്‍ നല്‍കിയത്. സമാധാനം എന്ന തത്വം വ്യക്തിജീവിതത്തിലും പൊതു നിലപാടുകളിലും മാത്രമല്ല ഭരണകൂടത്തിന്റെ തന്നെ അടിസ്ഥാന സ്വഭാവങ്ങളില്‍ മാറ്റം ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഈ പദം അമേരിക്കന്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും ആണവ വികിരണ ശേഷിയുള്ള തത്വമായി മാറിയിരിക്കുന്നത്. ലക്ഷ്യം മാത്രമല്ല, ലക്ഷ്യത്തിലേക്കുള്ള മാര്‍ഗവും പ്രധാനമാണെന്നതാണ് ഇസ്‌ലാമിന്റെ നയം.
  പ്രവാചകര്‍ മുന്നേട്ട് വെച്ച ഈ രീതി ശാസ്ത്രത്തെ പുനരുജ്ജീവിപ്പിച്ചെടുക്കലാണ് മുസ്‌ലിമിന്റെ പ്രധാന കര്‍ത്തവ്യം. ജീവിക്കാന്‍ വേണ്ടി സമരത്തിലേര്‍പ്പെടുകയല്ല, സമരം ചെയ്യാന്‍ പാകത്തിന് ജീവിതത്തെ മാറ്റിയെടുക്കുക എന്നതാണ് പ്രധാനം. ഓരോ കാലത്തും നാം നേരിടുന്ന പ്രശ്‌നങ്ങളെ ബൗദ്ധികമായി നേരിടാനും പരിഹാരങ്ങള്‍ കണ്ടെത്താനുമാകുമോ എന്നതാണ് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന ജിഹാദിന്റെ അന്തസ്സത്ത.
  സ്വയം ഭരണത്തിനും നിര്‍ണയത്തിനും വേണ്ടി മനുഷ്യ സമൂഹത്തിന്റെ അസ്ഥിത്വം നിഷേധിക്കുക എന്നതാണ് ഫലസ്തീനിലും അഫ്ഗാനിസ്ഥാനിലും ഇറാഖിലും ഇപ്പോള്‍ മാലിയിലും അമേരിക്ക പിന്തുടരുന്ന നയത്തിന്റെ തത്വശാസ്ത്രപരമായ പൊരുള്‍. ഇത് തന്നെയാണ് ബുദ്ധ ദേശീയതയുടെ പേരില്‍ ബര്‍മയില്‍ മുസ്‌ലിംകള്‍ക്കെതിരെയും നടക്കുന്നത്. മതങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നിര്‍ദേശിക്കുന്ന മൂല്യബോധങ്ങളെ ആധുനിക സമൂഹത്തിലേക്ക് പുനരധിവസിപ്പിക്കുന്നതിലൂടെയേ സമൂഹത്തിന് സമാധാനപരമായി മുന്നോട്ട് പോകാനാകൂവെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.