സംസ്ഥാനത്തെ ആദ്യത്തെ ഇ-വാര്‍ഡാകാന്‍ തോട്ടശ്ശേരിയറ

Posted on: April 26, 2013 11:54 am | Last updated: April 26, 2013 at 4:43 pm

വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാര്‍ഡ് തോട്ടശ്ശേരിയറ സംസ്ഥാനത്തെ ആദ്യത്തെ ഇ വാര്‍ഡാകുന്നു. പ്രഖ്യാപനം ഇന്ന് നടക്കും. വാര്‍ഡിലെ 315 കുടുംബങ്ങളുടെയും പൂര്‍ണ വിവരങ്ങള്‍ ഇതിനകം കമ്പ്യൂട്ടര്‍വത്കരിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങളുടെ വിവരങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതിന് ഇനി ഈ സംവിധാനം ഉപയോഗിക്കും. പദ്ധതിക്കുവേണ്ടി അക്ഷയയുമായി സഹകരിച്ച് കുടുംബശ്രീ, അയല്‍കൂട്ടങ്ങളാണ് വിവരങ്ങള്‍ശേഖരിച്ചത്. റേഷന്‍കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ഫോണ്‍ നമ്പര്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ പദ്ധതി പ്രകാരം സൂക്ഷിച്ചിട്ടുണ്ട്. ജാതി, പൗരത്വം, വരുമാനം, കൈവശം തുടങ്ങി ഈ വാര്‍ഡില്‍ കമ്പ്യൂട്ടര്‍വത്കൃതമായി ലഭിക്കും. ഇതോടെ മാസങ്ങളോളം ഓഫീസ് പടികള്‍ കയറിയിറങ്ങേണ്ട പൗരന്മാരുടെ ബുദ്ധിമുട്ടിന് പരിഹാരമാകും. പന്ത്രണ്ട് അയല്‍കൂട്ടങ്ങള്‍ വഴി തോട്ടശ്ശേരിയറ വാര്‍ഡില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ മൂന്നാഴ്ച സമയം വേണ്ടിവന്നു. അതേ സമയം കൂടുതല്‍ ജനസംഖ്യയുള്ള വാര്‍ഡുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കൂടുതല്‍ സേവനം ആവശ്യമാകും. ഇ വാര്‍ഡ് പദ്ധതിയാകുന്ന ഇന്ത്യയിലെ ആദ്യവാര്‍ഡ് തോട്ടശ്ശേരിയറയാകുമെന്ന് ഐ ടി വകുപ്പ് അവകാശപ്പെടുന്നുണ്ട്.