ജെ പി സി രാജയുടെ വിശദീകരണം കേള്‍ക്കണമെന്ന് എസ് പി

Posted on: April 25, 2013 7:52 pm | Last updated: April 25, 2013 at 7:52 pm

ന്യൂഡല്‍ഹി: ടുജി കേസ് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി മുന്‍മന്ത്രി എ.രാജയുടെ വിശദീകരണം കൂടി കേള്‍ക്കണമെന്ന ആവശ്യവുമായി സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തി. എന്നാല്‍ ജെപിസി അധ്യക്ഷന്‍ സ്ഥാനത്തു നിന്നും പി.സി.ചാക്കോയെ നീക്കണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തിന് ഒപ്പം നില്‍ക്കില്ലെന്ന് എസ്പി വ്യക്തമാക്കി.

കേസില്‍ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ‘ക്ലീന്‍ചിറ്റ്’ നല്‍കിയ ജെപിസി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം പാര്‍ട്ടി ആദ്യമായാണ് വിഷയത്തില്‍ പ്രതികരിക്കുന്നത്. ചാക്കോയെ മാറ്റണമെന്ന ബിജെപിയുടെ ആവശ്യത്തിന് ഒപ്പം നില്‍ക്കാന്‍ കഴിയില്ലെന്ന് എസ്പി വ്യക്തമാക്കി. എന്നാല്‍ കേസില്‍ എ.രാജയ്ക്ക് തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നല്‍കണം. അല്ലാത്തപക്ഷം റിപ്പോര്‍ട്ടിനെ എതിര്‍ക്കുമെന്ന് എസ്പി നേതാവ് നരേഷ് അഗര്‍വാള്‍ പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാജയുടെ വിശദീകരണം കേള്‍ക്കാതെ തയാറാക്കിയ ജെപിസി റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്ന് എസ്പി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ചൊവ്വാഴ്ച പാര്‍ട്ടി എംപിമാരോട് പറഞ്ഞിരുന്നു.