ടുജി: ജെപിസിയുടെ നിര്‍ണ്ണായക യോഗം ഇന്ന് ഡല്‍ഹിയില്‍

Posted on: April 25, 2013 7:36 am | Last updated: April 25, 2013 at 12:29 pm

2G-spectrum-base

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട് കരട് റിപ്പോര്‍ട്ട് പരിഗണിക്കുന്നതിന് സംയുക്ത സഭാസമിതി (ജെ.പി.സി.) യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും.പ്രധാനമന്ത്രിക്കും അന്നത്തെ ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിനും ക്ലീന്‍ ചിറ്റ് നല്‍കിയ കരട് റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും പരിഷ്‌കരിക്കണമെന്നും ബി.ജെ.പി.യും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും കടുത്ത നിലപാടിലാണ്. അതിനിടെ, മുന്‍ ടെലികോം മന്ത്രി രാജയുടെ കുറിപ്പിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സമിതിക്ക് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ബി.ജെ.പി. നേതാവ് യശ്വന്ത് സിന്‍ഹ വീണ്ടും കത്തയച്ചു.റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാരോപിച്ച് സമിതി അധ്യക്ഷനായ പി.സി. ചാക്കോയ്‌ക്കെതിരെ ഡി.എം.കെ.യും ബി.ജെ.പി.യും പാര്‍ലമെന്റില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വൈകിട്ട് മൂന്നിന് ചേരുന്ന യോഗത്തില്‍ വ്യക്തമാക്കും. ചാക്കോയ്‌ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.ജെപിസി തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയേയും പി.ചിദംബരത്തെയും കുറ്റവിമുക്തരാക്കിയിരുന്നു. കരട് റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ പ്രക്ഷുബ്ദ രംഗങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ടുജി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാമെന്ന് എ.രാജ ജെപിസിയെ അറിയിച്ചിരുന്നു.