പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ അവ്യക്തത

Posted on: April 25, 2013 6:00 am | Last updated: April 25, 2013 at 2:15 am

വണ്ടൂര്‍: കഴിഞ്ഞ അധ്യയന വര്‍ഷം പുതുതായി അനുവദിച്ച പ്ലസ് വണ്‍ ബാച്ചുകള്‍ ഇത്തവണ നിലനിര്‍ത്തുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. ഇവ ഇത്തവണയും തുടര്‍ന്നില്ലെങ്കില്‍ പ്ലസ് വണ്‍ ഉപരിപഠന രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചേക്കും. കഴിഞ്ഞ അധ്യയന വര്‍ഷം സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ 30 സ്‌കൂളുകളിലാണ് പുതിയ ബാച്ചുകള്‍ അനുവദിച്ചത്.
മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ പത്ത് വീതം സ്‌കൂളുകളിലാണ് പുതിയ ബാച്ചുകള്‍ അനുവദിച്ചിരുന്നത്. ഈ ബാച്ചില്‍ പഠനം നടത്തിയവര്‍ ഇത്തവണ പ്ലസ് ടു ബാച്ചിലേക്ക് വിജയിക്കുന്നതോടെ പഴയ പ്ലസ് വണ്‍ ബാച്ച് നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ അവ്യക്ത തുടരുകയാണ്.
കഴിഞ്ഞ വര്‍ഷം അനുവദിച്ച പുതിയ പ്ലസ് വണ്‍ ബാച്ചുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇരിക്കാന്‍ കെട്ടിട സൗകര്യം ഒരുക്കാനും പല സ്‌കൂളുകള്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. താത്കാലിക ഷെഡുകളിലും വരാന്തയിലും ക്ലാസുകള്‍ നടത്തുന്ന സ്‌കൂളുകള്‍ മലപ്പുറം ജില്ലയില്‍ ഉണ്ട്. ഒരുവര്‍ഷം കഴിഞ്ഞിട്ടും ക്ലാസ്മുറി ഒരുക്കാന്‍ സാധിക്കാത്ത പ്രശ്‌നമുള്ളതിനാല്‍ ഈ ബാച്ച് നിലനിര്‍ത്തുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ട്.
ആവശ്യത്തിന് ബെഞ്ചോ ഡെസ്‌ക്കോ ബാത്ത്‌റൂം സൗകര്യം പോലുമോ ഈ സ്‌കൂളുകളില്‍ ഇല്ലെന്നതും പരിഹരിക്കേണ്ട പ്രശ്‌നമാണ്. അധ്യാപക നിയമനം നടക്കാത്തതിനാല്‍ ദിവസ വേതനത്തില്‍ താല്‍ക്കാലികമായി അധ്യാപകരെ നിയമിച്ചാണ് കഴിഞ്ഞ വര്‍ഷം ബാച്ച് നടത്തിയത്. പ്രസ്തുത ബാച്ച് ഇത്തവണയും നിലനിര്‍ത്തണമെങ്കില്‍ ഇത്തരം കടമ്പകള്‍ കൂടി കടക്കണമെന്നത് സര്‍ക്കാര്‍ ഇച്ഛാശക്തിയെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്.
ജില്ലയില്‍ പത്താംതരം വിജയിക്കുന്ന കുട്ടികള്‍ക്ക് ആനുപാതികമായി പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റുകളില്ലെന്ന പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കാന്‍ ഇതുവരെയായിട്ടില്ല.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലും ജില്ലയില്‍ ക്രമാതീതമായ കുറവുള്ളതിനാല്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും പത്താംതരത്തിന് ശേഷം പ്ലസ് വണ്‍ കോഴ്‌സുകള്‍ക്കാണ് പോകാറുള്ളത്.