Connect with us

Kannur

എസ് എസ് എല്‍ സി പരീക്ഷാഫലം: കണ്ണൂരില്‍ വിജയം 96.22 ശതമാനം

Published

|

Last Updated

കണ്ണൂര്‍: തിളക്കമേറിയ വിജയത്തോടെ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ കണ്ണൂര്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ ഇത്തവണ ഏറെ പിന്നിലായി. കഴിഞ്ഞ വര്‍ഷം 96.93 ശതമാനമായിരുന്ന വിജയ നിരക്ക് ഇത്തവണ 96.22 ശതമാനത്തിലേക്കു ഇടിഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു എസ്എസ്എല്‍സി ഫലത്തിലെ വിജയനിരക്കില്‍ 0.71 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചത്.
അതേ സമയം സംസ്ഥാന ശരാശരിയെക്കാളും മുന്നിലാണ് കണ്ണൂര്‍. സംസ്ഥാന ശരാശരി 94.17 ആണ്. ഇതിനേക്കാളും 2.05 ശതമാനം നേട്ടം കൈവരിക്കാന്‍ ജില്ലയ്ക്കായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ ജില്ലയെന്ന ഖ്യാതിയും കണ്ണൂരിനായിരുന്നുവെങ്കില്‍ ഇത്തവണ അതും നഷ്ടപ്പെട്ടു. എന്നാല്‍ എപ്ലസിന്റെ കാര്യത്തില്‍ 2011-12 വര്‍ഷത്തെതിനെക്കാളും ഏറെ ഉയര്‍ന്ന നേട്ടം കൊയ്യാനായി എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 2011-12 ല്‍ മുഴുവന്‍ വിഷയത്തിലും 815 പേര്‍ക്കായിരുന്നു എ പ്ലസ് ലഭിച്ചിരുന്നത്. 2012-13 വര്‍ഷത്തില്‍ ഇത് 1079 ആയി ഉയര്‍ന്നു.
ഇത്തവണ ജില്ലയില്‍ പരീക്ഷയെഴുതിയ 36,570 വിദ്യാര്‍ഥികളില്‍ 35,189 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. 18,506 ആണ്‍കുട്ടികളും 18,064 പെണ്‍കുട്ടികളുമായിരുന്നു പരീക്ഷയെഴുതിയത്. ഇതില്‍ 17,752 ആണ്‍കുട്ടികളും 17,437 പെണ്‍കുട്ടികളും വിജയികളായി. 407 ആണ്‍കുട്ടികള്‍ക്കും 672 പെണ്‍കുട്ടികള്‍ക്കും എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കണ്ണൂര്‍ വിദ്യാഭ്യസ ജില്ലയില്‍ 566 പേര്‍ക്കും തലശേരി വിദ്യാഭ്യാസ ജില്ലയില്‍ 513 പേര്‍ക്കുമാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്.

Latest