പാലക്കാട്-പൊള്ളാച്ചി ഗേജ് മാറ്റം; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത

Posted on: April 25, 2013 6:00 am | Last updated: April 27, 2013 at 8:23 am

കൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി ഗേജ് മാറ്റം; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗമേറുന്നു. 2014ല്‍ പൂര്‍ത്തിയാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്നത് ആശങ്കയ്ക്കിടയാക്കിയിരുന്നു. പാലക്കാട് ടൗണ്‍ മുതല്‍ വടകന്നികാപുരം വരെയുള്ള ‘ഭാഗത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിനുള്ള കരാര്‍ വൈകിയതാണ് നിര്‍മാണം തുടങ്ങാതിരുന്നതിന് കാരണം. പാലക്കാട് മുതല്‍ വടകന്നികാപുരം വരെയുള്ള റീച്ചിന്റെയും വടകന്നികാപുരം മുതല്‍ മീങ്കര വരെയുള്ള ‘ഭാഗത്തിന്റെയും ഗേജ് മാറ്റത്തിനായുള്ള വീതി കൂട്ടുന്ന പണികളാണ് നടക്കുന്നത്. വീതി കൂട്ടുന്നതിന് തടസ്സമായി നില്‍ക്കുന്ന പാറകള്‍ യന്ത്രം ഉപയോഗിച്ച് പൊട്ടിച്ച് നീക്കം ചെയ്യുകയും മരങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്യുന്നു. പുതുനഗരത്തു വീതി കൂട്ടുന്നതിന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണ്ണു നീക്കംചെയ്യലും നടക്കുന്നുണ്ട്. യാക്കര പുഴപ്പാലം പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി പഴയ പാലം പൊളിച്ച് മാറ്റുകയും പുതിയതു നിര്‍മിക്കുന്നതിനുള്ള പണികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മുതലമട, കൊല്ലങ്കോട്, പുതുനഗരം ഉള്‍പ്പെടെയുള്ള സ്‌റ്റേഷനുകളില്‍ പ്ലാറ്റുഫോമുമായി ബന്ധപ്പെട്ടുള്ള മേല്‍ക്കൂര പണികള്‍ പുരോഗമിക്കുന്നു. മുതലമട സ്‌റ്റേഷനില്‍ ബ്രോഡ്‌ഗേജ് പാളങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. മറ്റു സ്ഥലങ്ങളില്‍ പുതിയതു നിര്‍മിക്കുന്നതിനായുള്ള മണ്ണു പരിശോധനയും നടത്തുന്നു. മീങ്കര മുതല്‍ മുതലമട വരെയുള്ള ഭാഗത്തു അഞ്ചു പാലങ്ങളുടെയും മുതലമട മുതല്‍ കൊല്ലങ്കോട് വരെയുള്ള ‘ഭാഗത്ത് മൂന്ന് പാലങ്ങളുടെയും പണി പുരോഗമിക്കുന്നു. വീതി കൂട്ടുന്നതിന്റെ ഭാഗമായി പാറ പൊട്ടിക്കലും മണ്ണിന്റെ പണികളുമാണു ഇപ്പോള്‍ പുരോഗമിക്കുന്നത്. പൊള്ളാച്ചി മുതല്‍ മീങ്കര വരെ ഒന്നാം റീച്ചായും മീങ്കര മുതല്‍ പാലക്കാട് ടൗണ്‍ വരെ രണ്ടാം റീച്ചായുമാണു നിര്‍മാണം നടത്തിയിരുന്നത്. രണ്ടാം റീച്ചിന്റെ കരാറെടുത്തിരുന്ന ഒറീസയിലെ കമ്പനി നിര്‍മാണ പ്രവര്‍ത്തനം മന്ദഗതിയിലാക്കിയതിനെ തുടര്‍ന്ന് കരാറില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്നു ക്ഷണിച്ച പുതിയ ടെന്‍ഡറില്‍ മീങ്കര മുതല്‍ വടകന്നികാപുരംവരെ ഒരു റീച്ചും വടകന്നികാപുരം മുതല്‍ പാലക്കാട് ടൗണ്‍ വരെ മറ്റൊരു റീച്ചും ആയി തിരിച്ചാണു കരാര്‍ ചെയ്തിരിക്കുന്നത്.