Connect with us

Sports

ഫീല്‍ഡര്‍മാര്‍ കാഴ്ചക്കാരാകും, കാഴ്ചക്കാര്‍ ഫീല്‍ഡര്‍മാരും!...

Published

|

Last Updated

ക്രിസ് ഗെയില്‍ കൊടുങ്കാറ്റ് ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആഞ്ഞടിക്കുന്നത് അറിയാതെ പോയ നിര്‍ഭാഗ്യരായ ക്രിക്കറ്റ് പ്രേമികള്‍ അറിഞ്ഞത് മൊബൈലില്‍ സുഹൃത്തുക്കള്‍ അയച്ച എസ് എം എസിലൂടെയും ട്വിറ്റര്‍ സന്ദേശങ്ങളിലൂടെയുമാണ്. ഒരു നിമിഷം വൈകാതെ, അവരും ആ ഗെയില്‍ കൊടുങ്കാറ്റ് വീശിയടിക്കുന്നത് കാണാന്‍ ടി വിക്ക് മുന്നില്‍ തമ്പടിച്ചു. മഹേന്ദ്ര സിംഗ് ധോണി മുതല്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് വരെ നീളുന്ന കായികതാരങ്ങള്‍ ഗെയിലിന്റെ അസാധ്യ പ്രകടനത്തെ ട്വിറ്ററിലൂടെ സുഹൃത്തുക്കളുമായി പങ്കെവെച്ചത് രസകരമായ വിശേഷണങ്ങളിലൂടെ. ഗെയിലിന്റെ ബാറ്റിംഗ് കാണാന്‍ തീരുമാനിച്ചത് ശരിയായ തീരുമാനമായെന്ന് ട്വീറ്റ് ചെയ്ത ധോണി ബംഗളുരുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് കളിക്കുമ്പോള്‍ എച്ച് എ എല്‍ തേജസ് യുദ്ധവിമാന പരീക്ഷണപ്പറക്കല്‍ നിര്‍ത്തിവെക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമായി, ഗെയില്‍ തന്നെ – ധോണി ട്വീറ്റ് ചെയ്തു. തകര്‍പ്പന്‍പ്രകടനം കാഴ്ചവെച്ച സുഹൃത്തേ നീ രാജാവാണെന്നാണ് ഉസൈന്‍ ബോള്‍ട്ടിന്റെ പ്രതികരണം.
വിന്‍ഡീസിന്റെ ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ ഇഷ്ടപ്പെട്ടത് ഗെയിലിനെ കുറിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉയര്‍ന്ന ഒരു പ്ലക്കാര്‍ഡാണ്. അതില്‍ ഇങ്ങനെ എഴുതി: ഗെയില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഫീല്‍ഡര്‍മാര്‍ കാഴ്ചക്കാരാകും, കാഴ്ചക്കാര്‍ ഫീല്‍ഡര്‍മാരും.
രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസി ഉടമയും ബോളിവുഡ് അഭിനേത്രിയുമായ ശില്പഷെട്ടിക്ക് അവിശ്വസനീയത. ദൈവമേ നന്ദി, എന്റെ ടീം അല്ലല്ലോ ഗെയിലിന്റെ അടിയേല്‍ക്കുന്നത് – ശില്പ ട്വീറ്റ് ചെയ്തു.
ബൗളര്‍മാര്‍ക്ക് തല്ല് കിട്ടുന്നത് കണ്ട് എല്ലാ ബാറ്റ്‌സ്മാന്‍മാരും ട്വീറ്റ് ചെയ്ത് ആഘോഷിക്കുകയാണെന്ന് അശ്വിന്‍. ഡീന്‍ ജോണ്‍സ് പറഞ്ഞത്, ഗെയില്‍ സെഞ്ച്വറി തികച്ചയുടനെ പൂനെ വാരിയേഴ്‌സ് ഡിക്ലയര്‍ ആഗ്രഹിച്ചിരിക്കുമെന്നാണ്.
ഗെയില്‍ ഗെയില്‍ ഗെയില്‍ എവിടെയും ഗെയില്‍. ഇതുപോലൊരു ബാറ്റിംഗ് മുമ്പ് കണ്ടിട്ടില്ല. ഗെയില്‍ താണ്ഢവം തന്നെ – ഹര്‍ഭജന്‍ സിംഗ് ട്വീറ്റ് ചെയ്തു. മുംബൈ ഇന്ത്യന്‍സ് പരിശീലന സെഷന്‍ മഴ കാരണം വേണ്ടെന്ന് വെച്ചത് ഭാഗ്യമായെന്ന് രോഹിത് ശര്‍മ കരുതുന്നു. ഗെയിലിന്റെ കൊടുങ്കാറ്റ് വേഗത്തിലുള്ള ബാറ്റിംഗ് കാണാന്‍ ഭാഗ്യമുണ്ടായല്ലോ!
ഗെയില്‍ മനുഷ്യനല്ല. സുനാമിയുടെയും ന്യൂക്ലിയര്‍ ബോംബിന്റെയും മിശ്രതമാണയാള്‍- വിന്‍ഡീസ് താരം ഡാരന്‍ സമിയുടെ കമെന്റ്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സുരേഷ് റെയ്‌ന തമാശിച്ചത് ഇങ്ങനെ: ഒരു പന്ത് ചെപ്പോക്കിലൂടെ പറന്നുപോയി. അത് വന്നത് ചിന്നസ്വാമിയില്‍ നിന്നാണോ???..
ഗെയിലിന്റെ ഒരു സിക്‌സര്‍ വന്നു വീണത് ബംഗളുരു എയര്‍പോര്‍ട്ടിലത്രെയെന്ന് ഡെയില്‍ സ്റ്റെയിനിന്റെ ട്വീറ്റ്.

Latest