വിദ്യാര്‍ഥികള്‍ നിശ്ചയദാര്‍ഢ്യം കൈവിടരുത്- ജില്ലാ കലക്ടര്‍

Posted on: April 24, 2013 1:24 am | Last updated: April 24, 2013 at 1:24 am

കണ്ണൂര്‍: പരീക്ഷകളിലെ പരാജയങ്ങളില്‍ തളര്‍ന്നുപോകാതെ നിരന്തര പരിശ്രമവും നിശ്ചയദാര്‍ഡ്യവും കൊണ്ട് ജീവിത വിജയം നേടാന്‍ കഴിയണമെന്ന് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കുളള സന്ദേശത്തില്‍ ജില്ലാ കലക്ടര്‍ ഡോ.രത്തന്‍ കേല്‍ക്കര്‍ ഉപദേശിച്ചു. പരീക്ഷാ ദിനങ്ങളില്‍ ഉണ്ടായ അതേ പേടിയും അസ്വസ്ഥതകളും പരീക്ഷാഫലത്തിനായി കാത്തിരിക്കുന്ന കൂട്ടുകാരെ ബുദ്ധിമുട്ടിക്കുന്നുണ്ടാകാം. ജയപരാജയങ്ങള്‍ നിശ്ചയിക്കുന്ന സങ്കീര്‍ണ്ണകാലഘട്ടമായാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെ അഭിമുഖീകരിക്കുന്നത്. എന്നാല്‍ പരീക്ഷ എന്നത് ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതിനപ്പുറം ജീവിത വിജയം സ്വായത്തമാക്കുവാനായി നാം എത്രത്തോളം അറിവ് സമ്പാദിച്ചു എന്നതിന്റെ അളവുകോലാണ്. മഹത്തായ ആര്‍ഷഭാരത സംസ്‌കാരത്തിന്റെ വേര്‍പെടാത്ത കണ്ണികളാണ് നാം ഓേരാരുത്തരും. പഠനത്തിലെ നിരന്തര പരിശ്രമങ്ങളിലൂടെ സ്വയം ശിക്ഷണത്തിലൂടെ ക്ഷമയും സല്‍പെരുമാറ്റങ്ങളും ശീലിച്ച് നാം നമ്മിലെ അപാരമായ ശക്തിയെ ഉണര്‍ത്തേണ്ടതുണ്ട്. പരീക്ഷാ പരാജയങ്ങള്‍ പല മണ്ടത്തരങ്ങളിലേക്കും വിദ്യാര്‍ത്ഥികളെ നയിക്കുന്ന ഈ അവസരത്തില്‍ വിദ്യാലയങ്ങളില്‍ പോകുന്നത് കേവലം അറിവു നേടാന്‍ മാത്രമല്ലെന്നും ജീവി മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും കൂടിയാണെന്നും തിരിച്ചറിയണം. ഓരോ ദിവസവും നിങ്ങള്‍ക്കുവേണ്ടി രാപ്പകല്‍ അധ്വാനിക്കുകയും സ്വന്തം സുഖങ്ങള്‍ മാറ്റിവെച്ച് തന്റെ മക്കളുടെ സന്തോഷത്തിനായി ഉരുകിത്തീരുകയും ചെയ്യുന്ന മാതാപിതാക്കളെക്കറിച്ച് നിങ്ങള്‍ ഓര്‍ക്കണം. അവര്‍ നിങ്ങള്‍ക്കായി ചെയ്യുന്ന അനേകം നന്മകളേയും കുടുംബത്തിനുവേണ്ടി അവര്‍ സഹിക്കുന്ന കഷ്ടപ്പാടുകളേയും തിരിച്ചറിഞ്ഞ് ലക്ഷ്യത്തിലേക്ക് ഊര്‍ജ്ജസ്വലരായി നടന്നുനീങ്ങുക. പരീക്ഷാ കാലഘട്ടത്തെ ഒരു രണഭൂമിയാക്കി മാറ്റാതെ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് നമ്മുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടു പടികളാക്കി നമുക്കു വേണ്ടി, നമ്മുടെ കുടുംബത്തിനു വേണ്ടി, നമ്മുടെ രാഷ്ട്രത്തിന് വേണ്ടി വീണ്ടും വീണ്ടും പരിശ്രമിച്ചുകൊണ്ടേയിരിക്കാം. പ്രാര്‍ത്ഥനയിലൂടെ, നല്ല ചിന്തകളിലൂടെ നിരന്തരം പ്രയത്‌നിച്ചുകൊണ്ട് പ്രകൃതിയുടെ ഊര്‍ജ്ജം സ്വന്തമാക്കി ഉയരങ്ങളിലേക്ക് ചിറകടിച്ച് പറന്നുയരുമ്പോള്‍ ഉറക്കെ ഉറക്കെ പറയൂ തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല – കലക്ടര്‍ സന്ദേശത്തില്‍ പറഞ്ഞു.