Connect with us

International

ബേനസീര്‍ വധം: മുശര്‍റഫ് കോടതിയില്‍ ഹാജരായി

Published

|

Last Updated

റാവല്‍പിണ്ടി: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധക്കേസുമായി ബന്ധപ്പെട്ട് മുന്‍ സൈനിക മേധാവി പര്‍വേസ് മുശര്‍റഫ് തീവ്രവാദവിരുദ്ധ കോടതിയില്‍ ഹാജരായി. ആദ്യമായാണ് മുശര്‍റഫ് ഈ കേസില്‍ കോടതിയില്‍ ഹാജരാകുന്നത്. ഭൂട്ടോ വധവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് മുശര്‍ഫിനെതിരെ ചുമത്തിയിട്ടുള്ളത്. 2007ലുണ്ടായ ചാവേറാക്രമണത്തെ തുടര്‍ന്ന് നടന്ന വെടിവെപ്പിലാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്.
കോടതിയിലെത്തിയ മുശര്‍ഫിനെ എതിര്‍ത്തും അനുകൂലിച്ചും മുദ്രാവാക്യങ്ങള്‍ മുഴങ്ങി. അഭിഭാഷകരാണ് മുശര്‍ഫിനെതിരെ മുദ്രാവാക്യം മുഴക്കി രംഗത്തെത്തിയത്. പത്രപ്രവര്‍ത്തകരെ കോടതിക്കുള്ളില്‍ പ്രവേശിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ അനുവദിച്ചില്ല. നാല് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് തിരിച്ചെത്തിയ മുശര്‍ഫിനെതിരെ രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
മുശര്‍ഫിനെ രാജ്യദ്രോഹ കേസില്‍ വിചാരണ ചെയ്യാന്‍ അനുമതി നല്‍കാനാകില്ലെന്ന് ഇടക്കാല സര്‍ക്കാര്‍ പാക് സുപ്രീം കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനുള്ള അധികാരം ഇടക്കാല സര്‍ക്കാറിനില്ലെന്നാണ് കോടതിയെ സര്‍ക്കാര്‍ അറിയിച്ചത്.