മുശര്‍റഫിനെ അപമാനിച്ചാല്‍ പ്രതികരിക്കും: മുന്‍ സൈനിക തലവന്‍മാര്‍

Posted on: April 24, 2013 6:00 am | Last updated: April 23, 2013 at 11:42 pm

ഇസ്‌ലാമാബാദ്: മുന്‍ സൈനിക തലവന്‍ പര്‍വേസ് മുശര്‍റഫിനെ അപമാനിക്കാനുള്ള ശ്രമം കോടതിയുടെയോ അഭിഭാഷകരുടെയോ ഭാഗത്തുനിന്നുണ്ടായാല്‍ സൈനികമായി പ്രതികരിക്കുമെന്ന് പാക്ക് ജനറല്‍മാരുടെ മുന്നറിയിപ്പ്. മുശര്‍റഫിനെതിരായ കേസ് ഇത്തരത്തില്‍ മുന്നോട്ട് പോകുന്നത് സൈന്യത്തിന് ഇനിയും സഹിക്കാനാകില്ലെന്ന് മുന്‍ സൈനിക തലവന്‍ മിര്‍സ അസ്‌ലം ബെഗ് പറഞ്ഞു. മുശര്‍റഫിനെതിരെ പ്രവര്‍ത്തിക്കാന്‍ ചില കേന്ദ്രങ്ങള്‍ അഭിഭാഷകരെ പ്രേരിപ്പിക്കുകയാണെന്ന് മിര്‍സ പറഞ്ഞതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
സ്വയം പ്രഖ്യാപിത പ്രവാസ ജീവിതത്തിന് ശേഷം മടങ്ങിയെത്തിയ മുശര്‍റഫിനെ കെണിയില്‍പ്പെടുത്താനായി ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഇതിനായി കഴിഞ്ഞ മാസം മുശര്‍റഫ് നാട്ടിലെത്തിയ ശേഷം സംഘടിത ശ്രമമുണ്ടായി. മുശര്‍റഫിനെ അപമാനിച്ച് സൈന്യത്തെ പ്രകോപിപ്പിക്കാനും അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കാനുമാണ് ശ്രമമെന്നും മിര്‍സ പറഞ്ഞു. സൈന്യം സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് മുന്‍ ലഫ്.ജനറല്‍ ജംഷദ് അയാശ് പറഞ്ഞു.
മുശര്‍റഫിന്റെ കാലത്തെ ഒമ്പതോളം പട്ടാള കമാന്‍ഡര്‍മാര്‍ ഇപ്പോഴും സൈന്യത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുശര്‍റഫിന് ഇപ്പോഴും സൈന്യത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹത്തെ അപമാനത്തില്‍നിന്നും രക്ഷിക്കാന്‍ പാക്ക് പട്ടാള തലന്‍ ജനറല്‍ അശ്ഫാക്ക് പര്‍വേസ് ഖയാനി പ്രധാന പങ്കുവഹിക്കുമെന്നും അയാശ് പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും മുശര്‍റഫിനോട് ഒരു ക്രിമിനലിനെപ്പോലെ പെരുമാറാന്‍ അഭിഭാഷകരെ അനുവദിക്കില്ലെന്ന് മറ്റൊരു മുന്‍ പട്ടാള ജനറല്‍ ഫൈസ് അലി ചിസ്തി മുന്നയിപ്പ് നല്‍കി.