ശാരദ ഗ്രൂപ്പ് ചെയര്‍മാന്‍ കാശ്മീരില്‍ അറസ്റ്റില്‍

Posted on: April 24, 2013 6:00 am | Last updated: April 23, 2013 at 10:53 pm

sharadhaശ്രീനഗര്‍: ലക്ഷക്കണക്കിന് നിക്ഷേപകരെയും കലക്ഷന്‍ ഏജന്റുമാരെയും വഞ്ചിച്ച് മുങ്ങിയ പശ്ചിമ ബംഗാളിലെ ശാരദ ഗ്രൂപ്പ് ഓഫ് ചിട്ടി ഫണ്ട് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുദീപ്ത സെന്നിനെയും രണ്ട് സഹായികളേയും ജമ്മു കാശ്മീരിലെ സോന മാര്‍ഗിലെ ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തു.
പശ്ചിമ ബംഗാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഈ ചിട്ടിക്കമ്പനി കഴിഞ്ഞ ആഴ്ചയാണ് പൊളിഞ്ഞത്. ചിറ്റാളന്മാര്‍ക്കും നിക്ഷേപകര്‍ക്കും നല്‍കിയിരുന്ന നൂറുകണക്കിന് ചെക്കുകള്‍ പണമില്ലെന്ന കാരണത്താല്‍ മടങ്ങിയതോടെയാണ് സംസ്ഥാനത്തെ ഓഫീസുകള്‍ അടച്ചു പൂട്ടിയത്. നടത്തിപ്പുകാരെല്ലാം ഒളിവില്‍ പോകുകയും ചെയ്തു. ഇതോടെ വന്‍തുകകള്‍ നിക്ഷേപിച്ചവര്‍ അങ്കലാപ്പിലാണ്. ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാക്കളുമായി കമ്പനി നടത്തിപ്പുകാര്‍ക്കുള്ള ഉറ്റ ബന്ധമാണ് കമ്പനിയിലേക്ക് നിക്ഷേപകരെ വന്‍തോതില്‍ ആകര്‍ഷിച്ചത്. കമ്പനി ചെയര്‍മാനും സഹായികളായ ദേബ്ജാനി മുഖോപാദ്ധ്യായ, അരവിന്ദ് സിംഗ് ചൗഹാന്‍ എന്നിവരും തിങ്കളാഴ്ച രാത്രിയാണ് അറസ്റ്റിലായത്. ബംഗാള്‍ പോലീസിന്റെ അഭ്യര്‍ഥന മാനിച്ചാണ് ജമ്മു കാശ്മീര്‍ പോലീസിന്റെ നടപടി. ബംഗാള്‍ പോലീസിന്റെ ഒരു സംഘം ഗന്ദര്‍ബാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
അതിനിടെ, കമ്പനിയില്‍ 30,000 രൂപ നിക്ഷേപിച്ചിരുന്ന അമ്പതുകാരി ഞായറാഴ്ച സ്വയം തീകൊളുത്തി മരിച്ചു. ഒരു കലക്ഷന്‍ ഏജന്റ് ആത്മഹത്യാ ശ്രമവും നടത്തി. വമ്പിച്ച ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ച് കമ്പനിയില്‍ ലക്ഷക്കണക്കിനാളുകള്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് കമ്പനികാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ റസീവറെ നിയമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.