Connect with us

Ongoing News

ലോകം കുലുക്കി ഗെയില്‍

Published

|

Last Updated

ബംഗളുരു: ക്രിസ് ഗെയിലിന്റെ സ്‌ഫോടനാത്മകമായ ബാറ്റിംഗില്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി പിറന്നു. 30 പന്തില്‍ 100! പതിനൊന്ന് സിക്‌സറുകളും എട്ട് ഫോറുകളും ഉള്‍പ്പടെ ശതകത്തിലെ 98 റണ്‍സും ഗെയില്‍ കൈക്കരുത്തിലായിരുന്നു നേടിയത്. ഐ പി എല്ലില്‍ പൂനെ വാരിയേഴ്‌സിനെതിരെ ആയിരുന്നു ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി ക്രിസ് ഗെയിലിന്റെ ലോകം കുലുക്കി പ്രകടനം. 66 പന്തില്‍ 175 റണ്‍സടിച്ച് പുറത്താകാതെ നിന്ന ഗെയില്‍ ബാംഗ്ലൂരിന്റെ സ്‌കോര്‍ അഞ്ച് വിക്കറ്റിന് 263 ലെത്തിച്ചു. ട്വന്റി20യിലെ റെക്കോര്‍ഡ് സ്‌കോര്‍ പിന്തുടര്‍ന്ന പൂനെ വാരിയേഴ്‌സിന് നിശ്ചിത ഇരുപതോവറില്‍ ഒമ്പത് വിക്കറ്റിന് 133 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഗെയിലിന്റെ മാന്‍ ഓഫ് ദ മാച്ച് പ്രകടനത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിന് 130 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. മൊത്തം പതിനേഴ് സിക്‌സറുകളും പതിമൂന്ന് ഫോറുകളുമാണ് ഗെയില്‍ നേടിയത്. ടി20യില്‍ ഏറ്റവുമധികം സിക്‌സറുകള്‍ എന്ന റെക്കോര്‍ഡും കാപ്പിരിയുടെ പേരിലായി.
ചിന്നസ്വാമി സ്റ്റേഡിയത്തിന് മുകളിലൂടെയും ഗ്യാലറിയിലേക്കും തലങ്ങും വിലങ്ങും പന്ത് പറപ്പിച്ച ഗെയില്‍ ക്രിക്കറ്റ് ലോകത്തെ മാത്രമല്ല കായിക ലോകത്തെ തന്നെ കുറച്ച് നേരത്തേക്ക് സ്തംബ്ദരാക്കി. ഐ പി എല്‍ കരിയറില്‍ ഗെയില്‍ തന്റെ രണ്ടാം സെഞ്ച്വറിയിലേക്ക് 30 പന്തില്‍ കുതിച്ചെത്തിയപ്പോള്‍ തകര്‍ന്നത് ആന്‍ഡ്രൂ സൈമണ്ട്‌സ് കെന്റിന് വേണ്ടി 34 പന്തില്‍ നേടിയ സെഞ്ച്വറി റെക്കോര്‍ഡാണ്. ടി20യിലെ ഉയര്‍ന്നവ്യക്തിഗത സ്‌കോറും ഇനി മുതല്‍ ഗെയിലിന്റെതാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കിവീസ് താരം ബ്രെന്‍ഡന്‍ മെക്കല്ലം 73 പന്തില്‍ നേടിയ 158 റണ്‍സാണ് പഴങ്കഥയായത്. ഏകദിന ക്രിക്കറ്റില്‍ വേഗതയേറിയ സെഞ്ച്വറി റെക്കോര്‍ഡ് പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയുടെ പേരിലാണ്. 37 പന്തിലാണ് അഫ്രീദിയുടെ വെടിക്കെട്ട് ശതകം. ടെസ്റ്റ് ക്രിക്കറ്റില്‍ ഈ റെക്കോര്‍ഡ് ഏറെക്കാലമായി സൂക്ഷിക്കുന്നത് വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സാണ്. 56 പന്തിലാണ് റിച്ചാര്‍ഡ്‌സിന്റെ സെഞ്ച്വറി. രാജ്യാന്തര ട്വന്റി ട്വന്റിയില്‍ വേഗമേറിയ സെഞ്ച്വറി ദക്ഷിണാഫ്രിക്കയുടെ റിച്ചാര്‍ച് ലെവിയുടെ പേരില്‍. 45 പന്തിലാണ് ലെവിയുടെ ശതകം. 2011 ല്‍ ഹാമിള്‍ട്ടണില്‍ ന്യൂസിലാന്‍ഡിനെതിരെയായിരുന്നു ഇത്. ലെവി തകര്‍ത്തത് 50 പന്തില്‍ ഗെയില്‍ സൃഷ്ടിച്ച റെക്കോര്‍ഡാണ്. ഐ പി എല്ലിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഗെയില്‍ രാജ്യാന്തര ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറി റെക്കോര്‍ഡും സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് നല്‍കി.
പതിനേഴ് പന്തില്‍ ആദ്യ ഫിഫ്റ്റി തികച്ച ഗെയില്‍ രണ്ടാം ഫിഫ്റ്റി തികച്ചത് വെറും പതിമൂന്ന് പന്തില്‍. എന്നാല്‍, മൂന്നാം ഫിഫ്റ്റിയിലേക്ക് ഗെയിലിന് 23 പന്തുകള്‍ വേണ്ടി വന്നു. സെഞ്ച്വറിയുടെ ക്ഷീണം തീര്‍ക്കാന്‍ ഗെയില്‍ ബാറ്റിംഗ് മന്ദഗതിയിലാക്കിയതാകണം. റെക്കോര്‍ഡ് ബ്രേക്കിംഗ് പ്രകടനത്തില്‍ ഗെയില്‍ ആഹ്ലാദവാനാണ്. വാക്കുകള്‍ ലഭിക്കുന്നില്ല. ഇത് മികച്ച ബാറ്റിംഗ് വിക്കറ്റാണ്. പന്തിലടിച്ചാല്‍ അത് ചെന്ന് പതിക്കുന്നത് ഗ്യാലറിയിലാണ്. എല്ലാ പന്തും ബാറ്റിന്റെ മധ്യഭാഗത്തേക്ക് വരുന്നതു പോലെ-ഗെയില്‍ പറഞ്ഞു.
ടോസ് ജയിച്ച പൂനെ വാരിയേഴ്‌സ് ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഗെയിലും ദില്‍ഷനും ഓപണ്‍ ചെയ്തു. ആദ്യ ആറ് ഓവര്‍ പവര്‍പ്ലേ ശരിക്കും മുതലെടുത്തു. 62 റണ്‍സാണ് അടിച്ചൂകൂട്ടിയത്. അഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ ടീം അര്‍ധശതകം തികച്ചു. മുപ്പത് പന്തിലായിരുന്നു ഇത്. ഗെയിലിന്റെ സംഭാവന 44 റണ്‍സ്.
നാല് സിക്‌സറും ആറ് ഫോറുകളും ഉള്‍പ്പടെയാണ് ഗെയില്‍ തന്റെ ആദ്യ അര്‍ധശതകം പൂര്‍ത്തിയാക്കിയത്. എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ ബാംഗ്ലൂര്‍ നൂറ് തികച്ചു. 48 പന്തിലായിരുന്നു ഇത്. ഗെയില്‍ 89 റണ്‍സുമായി ലീഡ് ചെയ്തു. ദില്‍ഷന്റെ സ്‌കോര്‍ 11. ഒന്നാം വിക്കറ്റില്‍ 167 റണ്‍സ് ചേര്‍ത്താണ് കൂട്ട് പിരിഞ്ഞത്.
ദില്‍ഷന്‍ (36 പന്തില്‍ 33), ലൂക് റൈറ്റിന്റെ പന്തില്‍ മുര്‍തസക്ക് ക്യാച്ചാവുകയായിരുന്നു. ഒമ്പത് പന്തില്‍ ഒരു സിക്‌റുള്‍പ്പടെ പതിനൊന്ന് റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വെടിക്കെട്ട് മൂഡിലായിരുന്നു. പക്ഷേ, റണ്ണൗട്ടായി. എട്ട് പന്തില്‍ 31 റണ്‍സടിച്ച ഡിവില്ലേഴ്‌സാണ് അവസാന ഓവറുകളില്‍ തകര്‍ത്താടിയത്. മൂന്ന് സിക്‌സറും മൂന്ന് ഫോറും ഡിവില്ലേഴ്‌സ് നേടി. തിവാരി(2), രാംപോള്‍(0) അവസാന ഓവറില്‍ പുറത്തായി. ഡബിള്‍ ഓടി തിവാരി സ്‌ട്രൈക്ക് കൈക്കലാക്കിയതിന്റെ അടുത്ത പന്തിലാണ് പുറത്തായത്. ഗെയ്‌ലിന് സ്‌ട്രൈക്ക് നല്‍കാന്‍ സിംഗിളില്‍ ഒതുക്കിയിരുന്നെങ്കില്‍ സ്‌കോറിംഗ് 270 കടക്കുമായിരുന്നു.
അവസാന പന്തില്‍ രാംപോള്‍ പുറത്താവുകയും ചെയ്തു. ഗെയില്‍ മറ്റേയറ്റത്ത് രൗദ്രഭാവം അടങ്ങിയ കൊടുങ്കാറ്റ് പോലെ നില്‍ക്കുകയായിരുന്നു. മത്സരം അവസാനിച്ചതു പോലെയായിരുന്നു പൂനെ കളിക്കാരുടെ മുഖഭാവം. എല്ലാവരും ഗെയിലിനെ അഭിനന്ദിക്കാനെത്തി.
യുവാജ് സിംഗ് ഗെയിലിന്റെ കൈയ്യില്‍ നിന്ന് ബാറ്റ് ഊരിയെടുത്ത് ഇത് തനിക്ക് വേണം, ഇതു പോലൊരു ഇന്നിംഗ്‌സിന് മറ്റ് വഴിയില്ലെന്ന മട്ടില്‍ തമാശ പൊട്ടിക്കുന്നത് കാണാമായിരുന്നു. ഗെയിലിന് അപ്പോഴും ചിരിയില്ല. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ മൂപ്പര്‍ പവലിയനിലേക്ക് നടന്നു. നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങിയ ഭുവനേശ്വര്‍ കുമാറാണ് പൂനെയുടെ മികച്ച ബൗളര്‍. 26 റണ്‍സ് വിട്ടുകൊടുത്ത ലൂക് റൈറ്റും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അശോക് ദിന്‍ഡ നാല് ഓവറില്‍ 48, ഈശ്വര്‍ പാണ്‌ഡെ 2 ഓവറില്‍ 33, മിച്ചല്‍ മാര്‍ഷ് 3 ഓവറില്‍ 56, അലി മുര്‍തസ 2 ഓവറില്‍ 45, ഫിഞ്ച് ഒരോവറില്‍ 29 റണ്‍സ്- പൊതിരെ തല്ല് വാങ്ങി നിരാശപ്പെട്ടു.
41 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്താണ് പൂനെയുട ടോപ്‌സ്‌കോറര്‍. ഉത്തപ്പ(0), ഫിഞ്ച്(18),യുവരാജ് (16), ലൂക് റൈറ്റ് (7), മിച്ചല്‍ മാര്‍ഷ്(25), ഭുവനേശ്വര്‍ (6), മുര്‍തസ(5), പാണ്‍ഡെ(5) പുറത്തായി. മന്‍ഹാസ്(11), ദിന്‍ഡ(1) നോട്ടൗട്ട്.
എട്ട് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. കഴിഞ്ഞ ദിവസം ഷെയിന്‍ വാട്‌സന്‍ ആറാം സീസണിലെ ആദ്യ സെഞ്ച്വറിക്കുടമയായിരുന്നു. എന്നാല്‍, വാട്‌സന്റെ സെഞ്ച്വറിക്ക് രാജസ്ഥാനെ രക്ഷിക്കാനായില്ല. ചെന്നൈ അഞ്ച് വിക്കറ്റിന് ജയിച്ചു.

ടി20 യിലെ 10 വേഗതയേറിയ സെഞ്ച്വറികള്‍
താരം പന്ത് ടീം
ക്രിസ്‌ഗെയില്‍  30 റോയല്‍ ചലഞ്ചേഴ്‌സ്
സൈമണ്ട്‌സ്  34 കെന്റ്
വെസ്തുസെന്‍  35 നമീബിയ
യൂ.പത്താന്‍  37 രാജസ്ഥാന്‍ റോയല്‍സ്
സ്റ്റൈറിസ്  37 സസെക്‌സ്
ഷെഹ്‌സാദ്  40 ബാരിസല്‍ ബര്‍ണേഴ്‌സ്
ബോസ്മാന്‍  41 ഈഗിള്‍സ്
ഡേവിഡ്‌സ്  41 കേപ് കോബ്രാസ്
ബിഎഫ് സ്മിത്  42 വൊര്‍സെസ്റ്റര്‍ഷൈര്‍
ഗില്‍ക്രിസ്റ്റ്  42 ഡെക്കാന്‍ ചാര്‍ജേഴ്‌സ്‌