അപ്രാണി കൃഷ്ണകുമാര്‍ വധം: ഓം പ്രകാശും സംഘവും കുറ്റക്കാര്‍

Posted on: April 23, 2013 2:32 pm | Last updated: April 23, 2013 at 2:32 pm

തിരുവനന്തപുരം: അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ ഗുണ്ടാത്തലവന്‍ ഓം പ്രകാശ് അടക്കം ആറു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 27ന് പ്രഖ്യാപിക്കും. എട്ടാം പ്രതി സജുലാലിനെ കോടതി വെറുതേ വിട്ടു. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിജഡ്ജി കെ പി ഇന്ദിരയാണ് കേസില്‍ വാദം കേട്ടത്. സാജന്‍ പ്രസാദായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍.

ഒളിവിലായിരുന്ന പ്രതിയും ഗുണ്ടാത്തലവനുമായി പീലി ഷിബുവിനെ പിന്നീട് വിചാരണ ചെയ്തു ശിക്ഷ വിധിക്കും. ഇയാള്‍ ദീര്‍ഘകാലമായി ഒളിവിലായിരുന്നു. കഴക്കൂട്ടം പോലീസാണ് ഒളിസങ്കേതത്തില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നു പ്രതികള്‍ ഒളിവിലാണ്.

2007 ഫെബ്രുവരി ഇരുപതിനാണ് തിരുവനന്തപുരം ചാക്ക ബസാറിന് സമീപത്ത് വെച്ച് അപ്രാണി കൃഷ്ണകുമാറിനെ വെട്ടിക്കൊന്നത്.