രാഷ്ട്രീയത്തിലെ സൗമ്യനായ നേതാവിന് വിട

Posted on: April 23, 2013 10:51 am | Last updated: April 23, 2013 at 10:51 am

മലപ്പുറം: രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും ലാളിത്യവും സൗമ്യതയും മുഖമുദ്രയാക്കിയ നേതാവിന് മലപ്പുറത്തിന്റെ വിട. സാധാരണക്കാരനായി വളര്‍ന്ന് ജില്ലയിലെ കര്‍ഷകരെ സംഘടിപ്പിച്ച് സി പി എമ്മിന്റെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന നേതാവായിരുന്നു ഞായറാഴ്ച അന്തരിച്ച കെ ഉമ്മര്‍മാസ്റ്റര്‍. എതിരാളികള്‍പോലും അംഗീകരിക്കുന്ന ലാളിത്യം. പാര്‍ട്ടി ഓഫീസിലും ചായകടയിലും നര്‍മം വിതറി സംസാരിക്കുന്ന പ്രകൃതം.
മലപ്പുറത്ത് ജില്ലാകമ്മി റ്റി ഓഫീസില്‍ ജില്ലാസെക്രട്ടറിക്ക് സഞ്ചരിക്കാന്‍ കാറുണ്ടായിട്ടു പോലും തന്റെ വീടായ ചട്ടിപ്പറമ്പ് മണ്ണഴിയിലേക്കും തിരിച്ചും ബസില്‍ സഞ്ചരിച്ച്, യാത്രക്കാരോട് കളിതമാശകള്‍ പറഞ്ഞ് യാത്രകളെ അനുഭവമാക്കിയിരുന്ന നേതാവായിരുന്നു അദ്ദേഹം. മലപ്പുറം ചുവപ്പിക്കുന്നതിന് തുടക്കമിട്ടത് അദ്ദേഹത്തിന്റെ മങ്കട മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പോരാട്ടമായിരുന്നു. 1991 ല്‍ ലീഗിന്റെ ഉറച്ച മണ്ഡലമായിരുന്ന മങ്കടയില്‍ മുസ്ലീം ലീഗിന്റെ ജില്ലാ സെക്രട്ടറികൂടിയായിരുന്ന കെ പി എ മജീദിനെ വിറപ്പിച്ചത് അദ്ദേഹമായിരുന്നു. കേവലം 5000 ത്തോളം വോട്ടിനാണ് സിപിഎം ചിഹ്നത്തില്‍ മത്സരിച്ച അദ്ദേഹം പരാജയപ്പെടുന്നത്. ഇന്നലെ രാവിലെ 10.30ഓടെ വട്ടപറമ്പ് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നൂറ്കണക്കിന് പേരുടെ സാന്നിധ്യത്തില്‍ മയ്യിത്ത് ഖബറടക്കി. ഞായറാഴ്ചയും ഇന്നലെയുമായി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മത രംഗത്തെ നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വസതിയിലും പൊതുദര്‍ശനത്തിന് വെച്ച സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലുമെത്തിയത്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി, എ വിജയരാഘവന്‍ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എ പി അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി, എന്നിവരും അന്തിമോപചാരമര്‍പ്പിക്കാനെത്തി.

 

ALSO READ  തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സിപിഎം