അഗ്നി രക്ഷാ യൂനിറ്റിലെ ആംബുലന്‍സ് കട്ടപ്പുറത്ത്

Posted on: April 23, 2013 10:34 am | Last updated: April 23, 2013 at 10:34 am

മാനന്തവാടി: മാനന്തവാടി ഫയര്‍ ആര്‍ഡ് റസ്‌ക്യൂ സ്റ്റേഷനില്‍ ആംബുലന്‍സ് കട്ടപ്പുറത്തായിട്ട് ഒരു മാസം.
വാഹനം ഉപയോഗ യോഗ്യമല്ലാതായതോടെ അപകടങ്ങളും മറ്റും സംഭവിക്കുമ്പോള്‍ മറ്റ് ആംബുലന്‍സുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മാനന്തവാടിയിലെ അഗ്നിശമനയൂണിറ്റിന് മൂന്നു ഫയര്‍ എന്‍ജിനും ഒരു ആംബുലന്‍സുമാണ് ഉള്ളത്. 35 ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവിടെ ആകെയുള്ള ആംബുലന്‍സ് കട്ടപ്പുറത്തായിട്ട് ഒരു മാസമായിട്ടും നടപടികളായില്ല. ഗിയര്‍ബോക്‌സ് തകരാറിലായതാണ് വാഹനം ഓടിക്കാന്‍ കഴിയാത്തതിന് കാരണം തലശേരിയിലേക്ക് രോഗിയെ കൊണ്ട് പോകുന്നതിനിടെയാണ് ഗിയര്‍ ബോക്‌സിന് തകരാര്‍ സംഭവിച്ചത്. അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ ഫയര്‍ എന്‍ജിന് കൂടെ ആംബുലന്‍സ് കൂടെ വിടുന്നത് പരുക്കേറ്റവരെ പെട്ടെന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്നതിനാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ 35 അപകട സ്ഥലങ്ങളില്‍ അഗ്നിശമനാ യൂണിറ്റിന്റെ സേവനം ലഭ്യമാക്കിയിരുന്നു. ഗിയര്‍ബോക്‌സ് നന്നാക്കാന്‍ 25,000ത്തിലധികം രൂപ വേണ്ടി വരും. ഇതിനുള്ള എസ്റ്റിമേറ്റുകള്‍ തയ്യാറാക്കി കല്‍പ്പറ്റയിലെ ജില്ലാ ഓഫീസിലേക്ക് അയച്ച് കൊടുത്തിട്ടുണ്ട്. ഇവിടെ നിന്നും ഫയല്‍ കോഴിക്കോട് ഓഫീസിലേക്ക് അയച്ച എന്‍ജിനീയര്‍ വാഹനം പരിശോധിച്ച ശേഷമെ തുക അനുവദിക്കുകയുള്ളു. അതിനുള്ളകാത്തിരിപ്പിലാണ് മാനന്തവാടിയിലെ ജീവനക്കാര്‍. ആംബുലന്‍സിനെ കൂടാതെ ഒരു ഫയര്‍ എന്‍ജിന്‍ തകരാറിലായിട്ട് മൂന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാനുള്ള നടപടികള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ആംബുലന്‍സ് നന്നാക്കി സര്‍വീസ് തുടങ്ങാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഇതുവരെ മറ്റ് സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ടി വരും. ഇത് കനത്ത സാമ്പത്തിക ബാധ്യതയും ഇടയാക്കും.