Connect with us

Wayanad

ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ തടയാന്‍ മുന്‍കരുതലിന് നിര്‍ദേശം

Published

|

Last Updated

കല്‍പ്പറ്റ: എലിപ്പനി, കോളറ മുതലായവ ബാധിച്ച് ജില്ലയില്‍ മരണം സംഭവിച്ചതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ അടിയന്തിരമായി സ്വീകരിക്കുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കടുത്ത വേനല്‍ക്കാലത്തുപോലും ജലജന്യരോഗങ്ങള്‍ പടരുന്നത് ആശങ്കാജനകമാണ്. മഴക്കാലമായാല്‍ ഇവ നിയന്ത്രണാധീനമാകാന്‍ സാധ്യത ഏറെയായതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ ഉടന്‍ തുടങ്ങണമെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണഭട്ട് നിര്‍ദ്ദേശിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍, ട്രൈബല്‍, തൊഴില്‍, മൃഗസംരക്ഷണം, കൃഷി, എക്‌സൈസ്, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ വകുപ്പുകള്‍ സംയോജിതമായി പ്രവര്‍ത്തിക്കണം.. സാംക്രമിക രോഗങ്ങള്‍ ഭൂരിഭാഗവും കാണപ്പെടുന്നത് പട്ടികവര്‍ഗ കോളനികളിലായതിനാല്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ ജാഗരൂകരായിരിക്കണം.
ജില്ലയില്‍ പകര്‍ച്ചവ്യാധി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത് എലിപ്പനി ബാധിച്ചാണ് ഈ വര്‍ഷം ഇതുവരെ നാലു പേര്‍ എലിപ്പനി ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവര്‍ക്കും മൃഗസംരക്ഷണം നടത്തുന്നവര്‍ക്കും തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെടുന്നവര്‍ക്കും എലിപ്പനി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ശുദ്ധജലത്തിന്റെ അപര്യാപ്തതയാണ് കോളറബാധയുടെ പ്രധാന കാരണം. കുടിവെള്ളത്തിലുള്ള ഇ-കോളി ബാക്ടീരിയ മാരകമാണ്.
ആദിവാസികളുടെ അമിത മദ്യപാനം രോഗബാധയുണ്ടാക്കുന്നതിന് സഹായിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റംമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും അടിയന്തിരമായി പരിഹരിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇത്തരം തൊഴിലാളികള്‍ക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ പലയിടങ്ങളിലും നിലവിലില്ല.
തുറസ്സായ സ്ഥലങ്ങളിലുള്ള മലവിസര്‍ജ്ജനം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇവ പരിശോധിക്കുന്നതിന് ആരോഗ്യം, തൊഴില്‍ വകുപ്പധികൃതരും തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി ചേര്‍ന്ന് തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും.
പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി മെയ് ആദ്യവാരം ജില്ലയില്‍ ഡ്രൈഡേ ആചരിക്കും. എലി, കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളും മാലിന്യ നിര്‍മ്മാര്‍ജ്ജനവും ഈ കാലയളവില്‍ ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ട്രൈബല്‍ കോളനികളിലും മറ്റും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പ്രതിരോധ മരുന്നുകളുടെ വിതരണവും നടത്തും.
യോഗത്തില്‍ ജില്ലാ കലക്ടര്‍ക്ക് പുറമെ എ.ഡി.എം. എന്‍.ടി. മാത്യു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. സമീറ, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.