സ്വാതി സംഗീത പുരസ്‌കാരം വി.ദക്ഷിണാമൂര്‍ത്തിക്ക്

Posted on: April 22, 2013 3:01 pm | Last updated: April 23, 2013 at 12:25 am

തിരുവനന്തപുരം: സംഗീതരംഗത്തെ സംസ്ഥാന സര്‍ക്കാറിന്റെ പരമോന്നത ബഹുമതിയായ സ്വാതി പുരസ്‌കാരം സംഗീത സംവിധായകന്‍ വി ദക്ഷിണാമൂര്‍ത്തിക്ക്. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ 200-ാം ജന്മദിനമായ 26ന് വൈകീട്ട് മൂന്നിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുരസ്‌കാരം സമ്മാനിക്കുമെന്ന് സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 26 മുതല്‍ 29 വരെ സ്വാതി നൃത്ത സംഗീതോത്സവം നടക്കും. കോ-ബേങ്ക് ഓഡിറ്റോറിയത്തില്‍ വൈകുന്നേരങ്ങളില്‍ 6.45നാണ് സംഗീതോത്സവത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ നടക്കുന്നത്. 26ന് ഉസ്താദ് അംജദ് അലി ഖാന്‍, മക്കളായ അമാന്‍ അലി ഖാന്‍, അയാന്‍ അലി ഖാന്‍ എന്നിവരുടെ സരോദ് കച്ചേരിയായ ‘സ്വാതി സ്മൃതി’ നടക്കും. 27ന് ലക്ഷ്മി ഗോപാലസ്വാമിയുടെ സ്വാതി നൃത്താഞ്ജലി അരങ്ങേറും. സമാപന ദിവസമായ 29ന് വൈകീട്ട് 6.45ന് 200 ഗായകര്‍ പങ്കെടുക്കുന്ന സ്വാതി ക്ലാസിക്കല്‍ ക്വയര്‍ അവതരിപ്പിക്കുന്ന വീണ സംഗീതസംഘ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ പടിക്കെട്ടില്‍ നടക്കും. എല്ലാ പരിപാടികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും.