ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നാലുവിക്കറ്റ് ജയം

Posted on: April 20, 2013 7:59 pm | Last updated: April 20, 2013 at 11:58 pm

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ന് 4 വിക്കറ്റ് ജയം. രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ചെന്നൈയ്ക്ക് മികച്ച ജയം സമ്മാനിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 5 പന്തും 4 വിക്കറ്റും ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി.

നാലോവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് കൊല്‍ക്കത്താ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചു. ചെന്നൈ തോല്‍വിയിലേക്കെന്നു തോന്നിയ നിമിഷത്തില്‍ 14 പന്തില്‍ 36 റണ്‍സ് നേടി ബാറ്റിംഗിലും ജഡേജ ചെന്നൈയുടെ കരുത്തായി. 5 പന്ത് ബാക്കി നില്‍ക്കെ യൂസഫ് പത്താനെ സിക്‌സറിനു പറത്തിയാണ് ജഡേജ വിജയം രാജകീയമാക്കിയത്. 3 സിക്‌സറും 3 ഫോറുകളുമാണ് ജഡേജയുടെ ബാറ്റില്‍ നിന്ന് പിറന്നത്.

51 പന്തില്‍ 40 റണ്‍സ് നേടിയ മൈക്ക് ഹസിയുടെ പ്രകടനവും ചെന്നൈയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി.