ഭൂചലന മുന്നറിയിപ്പിന് 62 കേന്ദ്രങ്ങള്‍ വേണമെന്ന് നിര്‍ദേശം

Posted on: April 20, 2013 7:45 pm | Last updated: April 20, 2013 at 7:45 pm

മസ്‌കത്ത്: ഭൂചലനം മുന്‍കൂട്ടി അറിയാനും തീവ്രത കണക്കാക്കാനും രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ 62 സെന്ററുകള്‍ സ്ഥാപിക്കണമെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല സീസ്‌മോളജിക്കല്‍ സെന്റര്‍. ഇതുസംബന്ധിച്ച വിശദ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന സിറ്റികളിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. ഭൂചലനത്തിന്റെ തീവ്രതയും ശക്തിയും വ്യക്തമായി രേഖപ്പെടുത്തുകയാണ് സീസ്‌മോളജി സെന്ററുകള്‍ ചെയ്യുക.
ഇതിനുള്ള വിശദ റിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബറില്‍ തന്നെ സര്‍ക്കാറിന് സമര്‍പ്പിച്ചതായി സീസ്‌മോളജി സെന്റര്‍ ഡയറക്ടര്‍ ഡോ. ഇസ അല്‍ ഹുസൈനി പറഞ്ഞു. 62 സ്ഥലങ്ങളിലെങ്കിലും ഇത്തരം കേന്ദ്രങ്ങള്‍ ചുരുങ്ങിയത് സ്ഥാപിക്കണം. പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ വേഗത്തില്‍ നീങ്ങുകയാണെന്നും ഉടനെ അത് യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ സിറ്റികളിലെ ഭൂമിയുടെ ചലനം കൃത്യമായി നിരീക്ഷിക്കുന്നതൊടൊപ്പം ചലനം സംബന്ധിച്ച കൃത്യമായ വിവരം എല്ലാ ശൃംഖലകളും വഴി ലഭിക്കുകയും ചെയ്യും. ഒരു സെന്ററിനുള്ള നിര്‍മാണ ചെലവ് 30,000 ഡോളറാണ് പ്രതീക്ഷിക്കുന്നത്. ഓരോ സിറ്റികളിലും ഇത് സ്ഥാപിച്ചാലേ ചലന വേഗം, വ്യതിയാനം എന്നിവ സംബന്ധിച്ച കൃത്യത ലഭിക്കൂ. ആധുനിക ആക്‌സലറോ മീറ്റര്‍, ജി 3 സാറ്റ്‌ലൈറ്റ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി എന്നിവയാണ് ഭൂചലനം അളക്കാന്‍ ഉപയോഗിക്കുന്നത്. ഓരോ സെക്കന്റിലും ഉണ്ടാകുന്ന വ്യതിയാനങ്ങളും കൃത്യമായി നിരീക്ഷിക്കപ്പെടും. ഓരോ മൂന്നു മാസം തോറും സിസ്റ്റം സര്‍വീസ് നടത്തിയാലേ കൃത്യമായ ഫലം ലഭിക്കൂ.
നിലവില്‍ 21 സെന്ററുകള്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല. സീസ്‌മോഗ്രാഫിക് ഓപറേഷന്‍ സ്റ്റേഷനുകളാണ് ഇപ്പോഴുള്ളത്. ഇത് സീസ്‌മോളജിക്കല്‍ സെന്ററായി മാറ്റേണ്ടതുണ്ട്.
ഭൂചലനം സംബന്ധിച്ച് മുന്നറിയിപ്പ് സ്വീകരിക്കാനും അത് കൈമാറാനും ഇത്തരം സ്റ്റേഷനുകള്‍ക്കേ സാധിക്കൂ. കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ വിവരങ്ങളാണ് സെന്ററുകളില്‍ നിന്ന് ലഭിക്കുക. ഇവ പ്രൊസസ് ചെയ്ത് നല്‍കുകയെന്നതും ശ്രമകരമാണ്. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയുടെ കീഴില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ അടുത്തമാസങ്ങളില്‍ തുടങ്ങുമെന്ന് ഡോ. ഇസ അറിയിച്ചു.
ഭൂകമ്പമുള്‍പെടെയുള്ള പ്രകൃതിക്ഷോഭങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനം ഒമാനില്‍ യാഥാര്‍ഥ്യമാകാത്തത് ഭീഷണി സൃഷ്ടിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ പ്രത്യേക നിര്‍ദേശപ്രകാരം പ്രകൃതിക്ഷോഭങ്ങളുടെ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ അരംഭിച്ചിരുന്നു.