നദാല്‍-സോംഗ സെമി

Posted on: April 20, 2013 6:00 am | Last updated: April 20, 2013 at 12:15 am

മോണ്ടെകാര്‍ലോ: മൊണാക്കോയില്‍ നടക്കുന്ന മോണ്ടെകാര്‍ലോ മാസ്റ്റേഴ്‌സില്‍ സ്പാനിഷ് താരം റാഫേല്‍ നദാലും ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗയും സെമിഫൈനലില്‍ ഏറ്റുമുട്ടും. എട്ട് തവണ തുടരെ ചാമ്പ്യനായ റാഫേല്‍ നദാല്‍ ബള്‍ഗേറിയന്‍ താരം ഗ്രിഗര്‍ ദിമിത്രോവിനെയാണ് ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. 6-2,2-6,6-4നായിരുന്നു നദാലിന്റെ ജയം. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെയാണ് ക്വാര്‍ട്ടറില്‍ വില്‍ഫ്രഡ് സോംഗ തോല്‍പ്പിച്ചത്. 2-6,6-3,6-4നായിരുന്നു ഫ്രഞ്ച് താരത്തിന്റെ ജയം. ഇരുപത്തൊന്നുകാരനായ എതിരാളിക്കെതിരെ നദാല്‍ അത്ര മികച്ച ഫോമിലായിരുന്നില്ല. പിഴവുകള്‍ തുടരെ വരുത്തിയ നദാല്‍ ദിമിത്രോവിന്റെ പരിചയ സമ്പത്ത് മുതലെടുത്താണ് ജയം പിടിച്ചെടുത്തത്. ആദ്യ സെറ്റ് ജയിച്ച നദാലിനെ ബള്‍ഗേറിയന്‍ താരം രണ്ടാം സെറ്റില്‍ അതേ നാണയത്തില്‍ തിരിച്ചടി കൊടുത്തപ്പോള്‍ മത്സരം ആവേശകരമായി. ടൂര്‍ണമെന്റില്‍ തുടരെ നാല്‍പ്പത്തഞ്ചാം ജയം ലക്ഷ്യമിട്ട നദാല്‍ അവസാന സെറ്റ് പൊരുതിയെടുത്തു. സെമിഫൈനലില്‍ ഫ്രഞ്ച് താരത്തില്‍ നിന്ന് നദാലിന് വെല്ലുവിളി പ്രതീക്ഷിക്കാം.