രാജസ്ഥാനെ മെരുക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ്

Posted on: April 20, 2013 6:04 am | Last updated: April 20, 2013 at 12:08 am

ബംഗളുരു: അഞ്ച് മത്സരങ്ങളില്‍ നാല് ജയവുമായി കുതിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ തട്ടകത്തില്‍. ആറ് മത്സരങ്ങളില്‍ നാല് ജയമുള്ള വിരാട് കോഹ്‌ലിയുടെ ടീം സൂപ്പര്‍ ഫോമിലാണ്. രാഹുല്‍ ദ്രാവിഡിന്റെ രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ ഡ്യൂപ്പര്‍ ഫോമിലും. ഐ പി എല്ലിലെ കരുത്തരുടെ പോരാട്ടം ഇന്ന് രാത്രി എട്ടിന്. നാല് മത്സരം ജയിച്ച് എട്ട് പോയിന്റ് വീതമാണ് ഇരുടീമിനും. ജയിച്ചാല്‍ ആറ് മത്സരങ്ങളില്‍ പത്ത് പോയിന്റ് നേടി രാജസ്ഥാന്‍ ടീമിന് ഒന്നാം സ്ഥാനം ആധികാരികമാക്കാം.
ഹോംഗ്രൗണ്ടില്‍ തോല്‍വിയറിയാതെയാണ് റോയല്‍ചലഞ്ചേഴ്‌സിന്റെ കുതിപ്പ്. രാഹുല്‍ ദ്രാവിഡും സംഘവും നേരിടുന്ന പ്രധാന വെല്ലുവിളി റോയല്‍ ചലഞ്ചേഴ്‌സിന്റെ ഹോം ഗ്രൗണ്ട് ആനുകൂല്യമാണ്. പൂനെ വാരിയേഴ്‌സിന് മുന്നില്‍ മാത്രം അപ്രതീക്ഷിതമാം വിധം പരാജയപ്പെട്ട രാജസ്ഥാന്റെ നാലില്‍ മൂന്ന് ജയങ്ങളും ഹോംഗ്രൗണ്ടിലായിരുന്നു. എവേ ജയം ഡല്‍ഹിക്കെതിരെ.
ജയ്പൂര്‍ കേന്ദ്രീകരിച്ചുള്ള ടീമിനെ നയിക്കുന്ന രാഹുല്‍ ദ്രാവിഡ് ബാംഗ്ലൂര്‍ സ്വദേശിയാണെന്നത് യാദൃച്ഛികം. മുംബൈ ഇന്ത്യന്‍സിനെതിരെ 86 റണ്‍സ് ജയം നേടിയതോടെ രാജസ്ഥാന്‍ കിരീടം തിരിച്ചുപിടിക്കാനുള്ള പുറപ്പാടിലാണ്.
പ്രഥമ ഐ പി എല്‍ സീസണ്‍ ജേതാക്കളായ രാജസ്ഥാന്‍ നിരക്ക് കരുത്തേകുന്നത് ക്യാപ്റ്റന്‍ ദ്രാവിഡിന്റെ തന്ത്രങ്ങളും വിശ്വസ്ഥതയുമാണ്. അജിങ്ക്യ രഹാനെ, ഷെയിന്‍ വാട്‌സന്‍, ദ്രാവിഡ്,സ്റ്റുവര്‍ട് ബിന്നി തുടങ്ങീ ബാറ്റിംഗ് ലൈനപ്പ് ശക്തമാണ്. ശ്രീശാന്തും സിദ്ധാര്‍ഥ് ത്രിവേദിയും ചേരുന്ന ബൗളിംഗ് ആക്രമണവും മൂര്‍ച്ചയേറിയത്. അവസാന ഓവറുകളില്‍ രാജസ്ഥാന്റെ രഹസ്യായുധമാണ് കെവന്‍ കൂപ്പര്‍. ബാംഗ്ലൂരിന്റെ മൂന്ന് ബാറ്റ്‌സ്മാന്‍മാരെ കുരുക്കിയാല്‍ ജയം രാജസ്ഥാനൊപ്പം നില്‍ക്കും. ക്രിസ് ഗെയില്‍, വിരാട് കോഹ്‌ലി, എബി ഡിവില്ലേഴ്‌സ് എന്നിവരാണ് ഹോം ടീമിന്റെ തുറുപ്പ് ചീട്ടുകള്‍. ശ്രീശാന്തും ക്രിസ് ഗെയിലും നേര്‍ക്കുനേര്‍വരുന്നത് കാണാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് പ്രേമികള്‍ ഒഴുകും. മുംബൈക്കെതിരെ നിര്‍ബന്ധിത വിശ്രമം ആസ്വദിച്ച ശ്രീശാന്ത് ഇന്ന് കളിക്കാനുണ്ടാകും.
ഇന്ത്യന്‍ താരങ്ങളായ മായങ്ക് അഗര്‍വാള്‍, ലോകെസ്‌ക് രാഹുല്‍, കരുണ്‍ നായര്‍ എന്നിവരുടെ ഫോം ബാംഗ്ലൂരിന് തലവേദനയാണ്. ക്രിസ് ഗെയിലിന് പിന്തുണയേകാന്‍ പോന്ന ഓപണറെ ലഭിക്കാത്തതാണ് വിരാട് കോഹ്‌ലി നേരിടുന്ന പ്രശ്‌നം. അഗര്‍വാളും രാഹുലും ഓപണറുടെ റോളില്‍ പരാജയമാണ്. ശ്രീലങ്കന്‍ താരം തിലകരത്‌നെ ദില്‍ഷനായിരിക്കും ഇന്ന് ഗെയിലിന് കൂട്ട്. രാജസ്ഥാന്റെ വിജയതാരമായി മാറിയ മലയാളി താരം സഞ്ജു സാംസണിനും ബാംഗ്ലൂരിനെതിരെ അവസരം ലഭിച്ചേക്കും.