Connect with us

Articles

ധര്‍മ സ്‌നേഹികള്‍ക്ക് രിസാല സ്‌ക്വയറിലേക്ക് സ്വാഗതം

Published

|

Last Updated

മാസങ്ങള്‍ നീണ്ടുനിന്ന വൈവിധ്യവും സൃഷ്ടിപരവുമായ പ്രചാരണ പരിപാടികള്‍ക്കൊടുവില്‍ എസ് എസ് എഫ് 40-ാം വാര്‍ഷിക സമ്മേളനത്തിന് ഇന്ന് രിസാല സ്‌ക്വയറില്‍ പതാക ഉയരുകയാണ്. ധാര്‍മികതയിലൂന്നിയ സമര പരിപാടികളുടെ അനിവാര്യത കേരളീയ സമൂഹത്തിന് ബോധ്യപ്പെടുത്തുന്നതിനായുള്ള സജീവമായ ഇടപെടലുകളായിരുന്നു സമ്മേളന പ്രചാരണ പരിപാടികള്‍.
നിലവിലുള്ള സാമൂഹിക ക്രമത്തിന്റെ പരിവര്‍ത്തനത്തിനു വേണ്ടിയുള്ള നിരന്തരമായ ഇടപെടലുകളാണ് സമരങ്ങള്‍. ആധുനിക സമൂഹിക വ്യവസ്ഥയില്‍ വന്നുകൊണ്ടിരിക്കുന്ന അപമാനവീകരണം മനുഷ്യ ജീവിതവും സാമൂഹിക സുരക്ഷിതത്വവും അപകടപ്പെടുത്തുകയാണ്. മനുഷ്യന്റെയും പ്രകൃതിയുടെയും നിലനില്‍പ്പിന് അനുവര്‍ത്തിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളുടെ വേരറുക്കലും അരാജകത്വവും ആസ്വാദനവും ജീവിതലക്ഷ്യമാക്കിയുള്ള തലമൂറയുടെ സൃഷ്ടിപ്പുമാണ് ആഗോളവത്കരണ കാലം ലക്ഷ്യം വെക്കുന്നത്.
ആധൂനിക സാങ്കേതിക വിദ്യയും വികാസം സമ്മാനിച്ച പുരോഗതിയും അതിവൈദഗ്ധ്യത്തോടെ തിന്മയുടെ വഴിയില്‍ പരീക്ഷിക്കപ്പെടുന്ന യന്ത്രകാലത്തെയാണ് നാം ഇന്ന് അഭിമുഖീകരിക്കുന്നത്. ജീവിതം ക്ഷണികമാണെന്നും ക്ഷണികമായ ജീവിതത്തില്‍ ലഭ്യമായ അവസരങ്ങള്‍ പരമാവധി ആസ്വദിച്ച് തീര്‍ക്കണമെന്നുമാണ് മിക്കവാറും മാധ്യമങ്ങള്‍ പുതുതലമുറയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് വരുമ്പോള്‍ പ്രകൃതിയിലെ വിഭവങ്ങളും ബന്ധങ്ങളും നിയന്ത്രണമില്ലാത്ത വിധം ചൂഷണം ചെയ്യുന്നത് പാപമല്ലാതായി വരികയാണ്. ആധുനിക ജീവിതത്തിന്റെ ധാര്‍മിക താളം നശിപ്പിക്കുന്ന മുഴുവന്‍ തിന്മയും ക്രമാതീതമായി വര്‍ധിച്ചുവരുന്നതിവിടെയാണ്.
മദ്യവും മയക്കുമരുന്നും ലഹരിയും സംഘര്‍ഷങ്ങളും ഗുണ്ടാ വിളയാട്ടങ്ങളുമെല്ലാം മേല്‍പ്പറഞ്ഞ നിലപാടുകളെ സജീവമാക്കുകയാണ്. മണ്ണും പെണ്ണും വെള്ളവും, കഴിയുമെങ്കില്‍ വായു പോലും കമ്പോളച്ചരക്കാകുമ്പോഴും അവയുടെ മൂല്യവും ധാര്‍മികതയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അപ്രധാനങ്ങളായി മാറ്റിനിര്‍ത്തപ്പെടുകയാണ്. ക്രമരഹിതമായി വര്‍ധിച്ചുവരുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പില്‍ നിര്‍ണിമേശരായി നമുക്ക് സാധിക്കുമോ?
ഇല്ലെന്ന് തീര്‍ത്തു പറയുകയാണ് എസ് എസ് എഫ്. “സമരമാണ് ജീവിതം” എന്ന ശീര്‍ഷകത്തിലൂടെ മുഴുവന്‍ അധാര്‍മികതക്കുമെതിരെ തുറന്ന പോരാട്ടത്തിനുള്ള പോര്‍നിലങ്ങളാണ് സംഘടന തുറന്നുവെച്ചത്. തിന്മക്കെതിരായ പോരാട്ടം അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള “ജിഹാദാ”ണെന്നാണല്ലോ മതപാഠം. തിന്മ അപ്രമാദിത്വം നേടാന്‍ ശ്രമിക്കുന്ന കാലത്ത് സ്വത്വമുയര്‍ത്തിപ്പിടിച്ചുള്ള സമരങ്ങളുടെ പ്രാധാന്യം തീരെ ചെറുതല്ല. അസാന്‍മാര്‍ഗികതയുടെ ഈയൊരു സാഹചര്യത്തിലും നന്മയുടെ പ്രകാശം പൊഴിക്കാന്‍ കെല്‍പ്പുള്ള പരശ്ശതം പ്രവര്‍ത്തകരുടെ സൃഷ്ടിപ്പായിരുന്നു എസ് എസ് എഫിന്റെ സമരപ്രവര്‍ത്തനങ്ങളില്‍ പ്രധാനം. ഐ ടീം രൂപവത്കരണത്തിലൂടെ വരുംകാലത്ത് സ്വജീവിതം കൊണ്ട് ധാര്‍മിക വിപ്ലവത്തിന്റെ പ്രകാശം പരത്തുന്ന നാല്‍പ്പതിനായിരം സമരഭടന്‍മാരെയാണ് എസ് എസ് എഫ് നാടിന് സമര്‍പ്പിക്കുന്നത്.
സമരം ഒരു രാഷ്ട്രീയായുധം മാത്രമായി തെറ്റിദ്ധരിച്ച ഒരു ജനാധിപത്യ സമൂഹമാണ് നമ്മുടെത്. നശീകരണവും അതിക്രമങ്ങളുമാണ് ഒരു സമരത്തിന്റെ ജയപരാജയങ്ങളേയും വാര്‍ത്താ പ്രാധാന്യത്തെപോലും നിര്‍ണയിച്ചു പോന്നത്. സാമൂഹികമാറ്റത്തിനും മൂല്യങ്ങളുടെ പുനഃസ്ഥാപനത്തിനും വേണ്ടിയുള്ള മാതൃകാ സമരങ്ങള്‍ തിരസ്‌കൃതമാകുന്ന മാധ്യമ സമൂഹത്തിലാണ് എസ് എസ് എഫ് സമരത്തെ പുനര്‍നിര്‍വചിച്ചത്. ധാര്‍മിതക, സാമൂഹിക സുരക്ഷിതത്വം, അഴിമതിരഹിത സമൂഹം, കൊള്ളക്കും കൊലക്കുമെതിരായ മനോഭാവം സൃഷ്ടിക്കല്‍, പ്രകൃതി ചൂഷണം, സാമ്പത്തിക അരാജകത്വം, ഭരണകൂട ഭീകരത തുടങ്ങിയ വിഷയങ്ങളില്‍ പക്ഷം ചേര്‍ന്നുള്ള സ്വാഭാവിക രാഷ്ട്രീയ സമരരീതികളെയാണ് എസ് എസ് എഫ് തകിടംമറിച്ചത്.
കഴിഞ്ഞ കുറേ കാലങ്ങളായി കേരളം ഈ പ്രചാരണച്ചൂട് കൈതുകപൂര്‍വം വീക്ഷിക്കുകയായിരുന്നു. വൈവിധ്യമാര്‍ന്ന പ്രചാരണങ്ങള്‍, മാതൃകയായ സമരരീതികള്‍, മദ്യമടക്കമുള്ള സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനം, ചതിക്കുഴിക്കെതിരെ ജാഗ്രത്തായ നിര്‍ദേശങ്ങള്‍ കൈമാറിയ രക്ഷാകര്‍തൃ ബോധവത്കരണ ക്ലാസുകള്‍, പൊതുയോഗങ്ങള്‍ തുടങ്ങി വിവിധ പദ്ധതികളിലൂടെ കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും മാനവികതയുടെയും ധാര്‍മികതയുടെയും സന്ദേശമറിയിക്കാന്‍ എസ് എസ് എഫിനായി എന്നത് അഭിമാനകരമാണ്.
ഇന്ന് സമ്മേളനത്തിന് ഔപചാരികമായി തുടക്കമാകുകയാണ്. നന്മയെ സ്‌നേഹിക്കുകയും ധാര്‍മിക സമൂഹത്ത തിരിച്ചു പിടിക്കാനാകുമെന്ന് ശുഭാപ്തിവിശ്വാസം വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന എല്ലാ സഹകാരികളേയും ഞങ്ങള്‍ എറണാകുളം രിസാല സ്‌ക്വയറിലേക്ക് സ്വാഗതം ചെയ്യുന്നു. സംഘടനയുടെ വളര്‍ച്ചയുടെയും മുന്നേറ്റത്തിന്റെയും വിളംബരമായി 40 പതാകകള്‍ ഇന്ന് സമ്മേളന നഗരിയിലുയരും. ഈ 40 പതാകകള്‍ കേരള മുസ്‌ലിംകളുടെ ചരിത്രബോധത്തെയും വിപ്ലവമുദ്രകളെയും ത്രസിപ്പിക്കുന്നവയാണെന്നും ചേര്‍ത്തു പറയേണ്ടതുണ്ട്.
സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെയും ആത്മീയ മുന്നേറ്റത്തിന്റെയും മുസ്‌ലിം നവോത്ഥാനത്തിന്റേയും ചരിത്ര ശേഷിപ്പുകള്‍ ജ്വലിച്ചു നില്‍ക്കുന്ന 40 കേന്ദ്രങ്ങളില്‍ നിന്നാണ് നഗരിയില്‍ ഉയര്‍ത്താനുള്ള പതാകകള്‍ കൊണ്ടുവന്നത്. കേരളത്തിലെ മുസ്‌ലിം മുന്നേറ്റത്തിന്റെയും ആത്മീയ ബോധത്തിന്റെയും സംഘടനാ ശാക്തീകരണത്തിന്റെയും പ്രഭവകേന്ദ്രങ്ങളുടെ തണല്‍ രിസാല സ്‌ക്വയറിനെ ധന്യമാക്കും.
സംസ്ഥാനത്തിന്റെ ദേശീയപാതയിലൂടെ 860 കിലോമീറ്റര്‍ കാല്‍നടയായാണ് സമ്മേളന ഐ ടീം അംഗങ്ങള്‍ പതാകകള്‍ രിസാല സ്‌ക്വയറില്‍ എത്തിക്കുന്നത്. ഇത് കേരളത്തിലെ സംഘടനകളുടെ പ്രചാരണ ചരിത്രത്തില്‍ നവ്യാനുഭവമാണ്. വിവിധ ഘടകങ്ങളില്‍ സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐ ടീം അംഗങ്ങളാണ് ഈ ചരിത്ര പ്രാധാന്യമുള്ള മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.
കാസര്‍കോട് ജില്ലയിലെ തളങ്കര മാലിക് ദീനാര്‍ (റ) മഖാം, ത്വാഹിറുല്‍ അഹ്ദല്‍ മഖാം എന്നിവിടങ്ങളില്‍ നിന്നാണ് പതാക ജാഥകള്‍ പ്രയാണമാരംഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കൊറ്റി, വളപട്ടണം, ജലാലുദ്ദീന്‍ ബുഖാരി, മൗലല്‍ ബുഖാരി, ഖുതുബി ഉസ്താദ്, ചൊക്ലി ഒ ഖാലിദ്, വയനാട് ജില്ലയിലെ കാട്ടിച്ചിറക്കല്‍ മഖാമുകള്‍, നീലഗിരി ജില്ലയിലെ ഊട്ടി മഖാം, കോഴിക്കോട് ജില്ലയിലെ കുഞ്ഞിപ്പള്ളി, വരക്കല്‍ മഖാം, മടവൂര്‍ സി എം മഖാം, പറമ്പില്‍ പള്ളി ഇ കെ ഹസന്‍ മുസ്‌ലിയാര്‍, വടകര മുഹമ്മദ് ഹാജി തങ്ങള്‍, ശാലിയാത്തി, അവേലത്ത് സാദാത്ത് , ഇരിങ്ങല്‍ കടപ്പുറം, ജിഫ്രി ഹൗസ് മഖാമുകള്‍, മലപ്പുറം ജില്ലയിലെ മമ്പുറം, കുണ്ടൂര്‍, ഒതുക്കുങ്ങള്‍ ഒ കെ ഉസ്താദ്, മലപ്പുറം ശുഹദാക്കള്‍, പൊന്നാനി, വെളിയങ്കോട്, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, നെല്ലിക്കുത്ത് ഉസ്താദ്, ആലി മുസ്‌ലിയാര്‍, വെള്ളില, പാലക്കാട് ജില്ലയിലെ മഞ്ഞക്കുളം മഖാമുകള്‍ ,തൃശൂര്‍ ജില്ലയിലെ ചാവക്കാട് ഹിബത്തുല്ല തങ്ങള്‍, കൊടുങ്ങല്ലൂര്‍ മഖാമുകള്‍, കൈപ്പമംഗലം തിരുവനന്തപുരം ജില്ലയിലെ കടുവാപ്പള്ളി, കൊല്ലം ജില്ലയിലെ ജോനകപ്പുറം, പതിയുസ്താദ്, പത്തനംതിട്ട ജില്ലയിലെ അന്തിക്കോട്, ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ അറബി തങ്ങള്‍ മഖാം, ഇടുക്കി ജില്ലയിലെ മാങ്ങാട്ടുകവല, കോട്ടയത്തെ ചങ്ങനാശ്ശേരി എന്നീ മഖാമുകളില്‍ നിന്നാണ് പതാകകള്‍ കാല്‍നടയായി എത്തിച്ചത്.
പതാകകള്‍ ഉയര്‍ത്താനുള്ള കൊടിമരങ്ങള്‍ എറണാകുളം ജില്ലയിലെ നാല്‍പ്പത് കേന്ദ്രങ്ങളില്‍ നിന്ന് ജാഥയായി ഇതിനകം നഗരിയിലെത്തിയിട്ടുണ്ട്.
എസ് എസ് എഫിന്റെ ചരിത്ര മുന്നേറ്റത്തിന് നായകത്വം വഹിച്ച മുന്‍കാല സാരഥികളാണ് സമ്മേളനത്തിന്റെ വിളംബരമറിയിച്ച് പതാകകള്‍ ഉയര്‍ത്തുന്നത്. അധര്‍മത്തിന്റെ കരിങ്കോട്ടകളില്‍ ധര്‍മത്തിന്റെ ഇടിനാദം മുഴക്കാന്‍ സജ്ജരായെത്തുന്ന ലക്ഷോപലക്ഷം ധര്‍മസ്‌നേഹികള്‍ക്ക് സ്വാഗതം. കേരളത്തിലെ സുന്നി പ്രാസ്ഥാനിക ചരിത്രത്തില്‍ പുതിയ ഇടം നേടാനുള്ള ചരിത്രസംഗമത്തിലേക്ക് താങ്കള്‍ക്കും സ്വാഗതം. ധാര്‍മിക വിപ്ലവം സിന്ദാബാദ്.