മന്ത്രിമാര്‍ ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും

Posted on: April 20, 2013 7:45 am | Last updated: April 20, 2013 at 8:04 am

പാലക്കാട്: പട്ടികവര്‍ഗ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി ഇന്ന് അട്ടപ്പാടിയില്‍ എത്തും. വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം രാവിലെ എട്ടിന് അട്ടപ്പാടിയിലെ തെരഞ്ഞെടുത്ത ഊരുകള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് 10ന് കോട്ടത്തറയില്‍ നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാംപ് സന്ദര്‍ശിക്കും. തുടര്‍ന്ന് പട്ടികജാതി-വര്‍ഗ ഡയറക്ടര്‍ ഹരികിഷോര്‍, സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.ജയ, ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവരുമായി ചര്‍ച്ച നടത്തും. അട്ടപ്പാടിയില്‍ പോഷകാഹാര കുറവിനെത്തുടര്‍ന്നു കുഞ്ഞുങ്ങള്‍ മരിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ഇന്ന് അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കും. പഞ്ചായത്ത് സാമൂഹ്യക്ഷേമ മന്ത്രി എം കെ മുനീര്‍ ഏപ്രില്‍ 22ന് അട്ടപ്പാടിയിലെത്തും. രാവിലെ 10ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും.