Connect with us

Kasargod

പോലീസ്‌സ്റ്റേഷനുകളില്‍ ലാഘവത്തോടെ കയറാന്‍ കഴിയണം: എ ഡി ജി പി സന്ധ്യ

Published

|

Last Updated

കാസര്‍കോട്: യാത്ര ചെയ്യാനായി റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും ചെല്ലുന്ന ലാഘവത്തോടെ പരാതികള്‍ പറയാന്‍ പോലീസ് സ്റ്റേഷനുകളില്‍ ചെല്ലാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാവേണ്ടതുണ്ടെന്ന് എ ഡി ജി പി. ഡോ. ബി സന്ധ്യ പറഞ്ഞു. കുട്ടികളില്‍ മതസാഹോദര്യം വളര്‍ത്താന്‍ വിദ്യാഭ്യാസ-പോലീസ് വകുപ്പുകള്‍ സംയുക്തമായി മായിപ്പാടി ഡയറ്റില്‍ സംഘടിപ്പിച്ച പൊന്‍പുലരി പരിപാടിയില്‍ കുട്ടികളുമായി സംവാദം നടത്തുകയായിരുന്നു അവര്‍.

ജനങ്ങളും പോലീസും തമ്മില്‍ നല്ല ബന്ധം സ്ഥാപിക്കാനാണ് ജനമൈത്രി പോലീസ് രൂപവത്കരിച്ചത്. നിയമപാലകരായ പോലീസുകാരും ജനങ്ങളും പരസ്പരം സ്‌നേഹത്തോടെ സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ്് ജനമൈത്രി പോലീസിന്റെ ലക്ഷ്യം. ജനങ്ങളുടെ സംരക്ഷണ ചുമതല വഹിച്ചിട്ടുള്ള പോലിസും ജനങ്ങളും ഒന്നാണെന്ന ബോധം ഉണ്ടാവണം. സംസ്ഥാനത്ത് 50000 അംഗ പോലീസ് സേനയുണ്ടെങ്കിലും ജനമൈത്രി പോലീസിന്റെ പരിശീലനം ലഭിച്ചവര്‍ 5000 പേര്‍ മാത്രമാണ്. സംസ്ഥാനത്തെ 490 ഓളം വരുന്ന പോലീസ് സ്റ്റേഷനുകളില്‍ 248 എണ്ണത്തില്‍ മൈത്രി പോലീസ് പദ്ധതി നടപ്പായെങ്കിലും പോലീസ് സേനയുടെ അംഗബലം കുറഞ്ഞതിനാല്‍ വേണ്ടത്ര മൈത്രി പോലീസുകാരെ നിയോഗിക്കാന്‍ ഇപ്പോള്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. സംസ്ഥാനത്തെ പോലീസ് സേനയില്‍ ആറ് ശതമാനം പേര്‍ മാത്രമാണ് വനിതാ പോലീസുള്ളത്. മൈത്രി പോലീസില്‍ പുരുഷന്‍മാരുടെ അത്രതന്നെ സംഖ്യയില്‍ വനിതാ പോലീസ് ആവശ്യമുണ്ട്. എന്നാല്‍ ഈ കുറവ് നികത്താന്‍ ഇന്നത്തെ സാഹചര്യം പര്യാപ്തമല്ല.
മത-വര്‍ഗീയ-ജാതി വിദ്വേഷം സമൂഹത്തിലെ ചീഞ്ഞുനാറുന്ന ദുര്‍ഗന്ധമാണ്. ഈ ദുര്‍ഗന്ധം വ്യാപിക്കാതിരിക്കാന്‍ കുട്ടികള്‍ ജാഗ്രത പാലിക്കണം. വര്‍ഗീയ വിഷം മനസിലൊരിടത്ത് പോലും കയറാതിരിക്കാന്‍ കുട്ടികള്‍ ജാഗരൂകരായിരിക്കണം. ഓരോ കുട്ടിയും എല്ലാ കാര്യത്തിലും അവനെക്കാള്‍ അടുത്തുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം. സ്‌നേഹിച്ചു ജീവിച്ചാല്‍ മാത്രമെ നന്മകള്‍ ഉണ്ടാവുകയുള്ളു. കുട്ടികളുടെ വിവിധ ചോദ്യങ്ങള്‍ക്ക് സന്ധ്യ മറുപടി നല്‍കി.

 

Latest