Connect with us

Ongoing News

മാപ്പിളലബ്ബ: തമിഴകത്തിന്റെ ഇസ്‌ലാമിക നവോന്ഥാന നായകന്‍

Published

|

Last Updated

എന്റെ ചെറുപ്പകാലത്ത് “മഗാനി” എന്നൊരു കിതാബുള്ളതായി കേട്ടിരുന്നു. ജുമുഅത്ത് പള്ളിയിലെ മുഅദ്ദിന്‍ മറ്റൊരാള്‍ക്ക് പാരായണം ചെയ്യാന്‍ കൊടുത്ത “മഗാനി” അയാള്‍ മടക്കിക്കൊടുക്കാത്തതിന്റെ പേരില്‍ നടന്ന വഴക്കില്‍ നിന്നാണ് പ്രസ്തുത കിതാബിനൊക്കുറിച്ച് അറിയുന്നത്. പിന്നീട് നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മദ്രാസിലെ ഒരു ഗ്രന്ഥാലയത്തില്‍ ചില പുസ്തകങ്ങള്‍ പരതുന്നതിനിടയില്‍ ചുവന്ന പുറം ചട്ടയുള്ള ഒരു വലിയ കിതാബില്‍ കണ്ണുടക്കി. എടുത്ത് നോക്കി. “മഗാനി”യായിരുന്നു അത്. ആ ഗ്രന്ഥം വായിച്ചപ്പോള്‍ അതിന്റെ രചയിതാവ് ശൈഖ് മാപ്പിള ലബ്ബയെക്കുറിച്ചറിയാന്‍ മോഹം. അന്വേഷണത്തില്‍ ചുരുക്കം വിവരങ്ങളേ ലഭിച്ചുള്ളു.

ഹിജ്‌റ 1232 മുഹര്‍റം 16ന്(എ ഡി 1816) കായല്‍പട്ടണത്തായിരുന്നു ശൈഖ് മാപ്പിള ലബ്ബയുടെ ജനനം. പിതാവ് വെള്ള അഹ്മദ് ആലിം ലഹിരിയുടെ സന്താനപരമ്പരയില്‍ പെട്ടവരാണ്. ഒമ്പതാം വയസ്സില്‍ മാപ്പിളലബ്ബ ഹാഫിളായി. തുടര്‍ന്ന് പിതാവിന്റെ കീഴില്‍ തഫ്‌സീര്‍, ഹദീസ്, തസവ്വുഫ്, ഇസ്‌ലാമിക ചരിത്രം തുടങ്ങിയവ പഠിച്ചു. ഉന്നത പഠനത്തിനായി കീളക്കര തൈക്കാ സാഹിബിന്റെ ദര്‍സില്‍ ചേര്‍ന്നു. അവിടെ നിന്ന് ഉന്നത മതവിദ്യാഭ്യാസത്തോടൊപ്പം അറബി, ഉര്‍ദു, പാര്‍സി ഭാഷകളിലും പ്രാവീണ്യം നേടി.

ഗുരുനാഥന്‍ തൈക്കാ സാഹിബിന്റെ നാലാമത്തെ പുത്രി സാറയാണ് സഹധര്‍മിണി. ഗുരുനാഥന്റെ താത്പര്യപ്രകാരം ഹിജ്‌റ 1253 റബീഉല്‍ അവ്വല്‍ 27-നായിരുന്നു വിവാഹം. തൈക്കാ സാഹിബിന്റെ ഭാര്യ തുടക്കത്തില്‍ ഈ ബന്ധത്തിനെതിരായിരുന്നു. അവരുടെ മറ്റു പെണ്‍കുട്ടികളെയെല്ലാം സമ്പന്ന കുടുംബങ്ങളിലേക്കാണ് വിവാഹം ചെയ്തയച്ചത്. മാപ്പിളലബ്ബ അക്കാലത്ത് സാമ്പത്തികമായി ഒന്നുമില്ലാത്ത ഒരു ദര്‍സ് വിദ്യാര്‍ഥി മാത്രമായിരുന്നല്ലോ. ഇതാണവരുടെ അനിഷ്ടത്തിന് കാരണം. “”ഭാവിയില്‍ ഈ മദ്‌റസവിദ്യാര്‍ഥി സ്വന്തം പ്രതിഭാവിലാസം കൊണ്ട് സുല്‍ത്താന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. ധാരാളം സമ്പത്തുക്കള്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വന്നു വീഴും””. മാപ്പിള ലബ്ബയില്‍ താന്‍ കാണുന്ന ഒരു നല്ല ഭാവിയെക്കുറിച്ച് പ്രവചിച്ച് തൈക്ക സാഹിബ് ഭാര്യയെ സാന്ത്വനപ്പെടുത്തി. പിന്നീട് ഒരു മഹാകവിയായി വളര്‍ന്ന മാപ്പിള ലബ്ബയെ കര്‍ണാടക നവാബ് ഒരു കവിസമ്മേളനത്തിന് ക്ഷണിക്കുകയും ടിപ്പു സുല്‍ത്താന്റെ സിംഹാസനത്തില്‍ ഇരുത്തുകയും “മലിക്കുശ്ശുഅറാഅ്” (കവിപുംഗവര്‍) സ്ഥാനം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. തൈക്കാ സാഹിബിന്റെ ദീര്‍ഘദര്‍ശനം അങ്ങനെ പുലര്‍ന്നു.

മാപ്പിള ലബ്ബയുടെ ഇലാഹീഭക്തിയും സൂക്ഷ്മ ജീവിതവും കണ്ട ഗുരുനാഥന്‍ തൈക്ക സാഹിബ,് അദ്ദേഹത്തെ ഖാദിരിയ്യ ത്വരീഖത്തില്‍ മുരീദാക്കി. തൈക്ക സാഹിബിന്റെ മരണശേഷം അതിന്റെ ഖലീഫയായി അവരോധിതനാവുകയും ചെയ്തു. ത്വരീഖത്തിന്റെ അന്നത്തെ ആസ്ഥാനമായിരുന്ന കീളക്കര “തൈക്ക മദ്‌റസ”യുടെ ചുമതലയും അദ്ദേഹത്തിന്റെ കരങ്ങളില്‍ വന്നു. തന്റെ ഭരണകാലത്ത് അദ്ദേഹം “അറൂസിയ്യ മാപ്പിള മദ്‌റസ” എന്ന് പുനര്‍നാമകരണം നടത്തി ഒരു ഉന്നത മതപഠനമായി അതിനെ വളര്‍ത്തിയെടുത്തു. വെല്ലൂര്‍ ബാഖിയാത്തിന്റെ സ്ഥാപകന്‍ അഅ്‌ലാ ഹസ്‌റത്ത് ഈ സ്ഥാപനം സന്ദര്‍ശിച്ച് അവിടുത്തെ സിലബസും അധ്യാപനരീതികളും കണ്ട് മനസ്സിലാക്കിയാണ് ബാഖിയാത്ത് സ്ഥാപിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

അതിനിടെ മാപ്പിളലബ്ബ ശ്രീലങ്ക സന്ദര്‍ശിച്ചു. അവിടുത്തെ മുസ്‌ലിം സമൂഹത്തിന്റെ മതപരമായ ദയനീയാവസ്ഥ കണ്ടറിഞ്ഞ അദ്ദേഹം ദഅ്‌വാപ്രവര്‍ത്തനം വഴി അവര്‍ക്കിടയില്‍ ഒരു പുത്തനുണര്‍വ് സൃഷ്ടിച്ചു. കൊളംബോയിലെ പഴയ ജോനകത്തെരുവിലുളള “മഅ്‌നമുസ്സുഅദാ” ആസ്ഥാനമായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി മദ്‌റസകളും തൈക്കകളും പള്ളികളും ഉയര്‍ന്നു വന്നു. മുന്നൂറോളം മതസ്ഥാപനങ്ങള്‍ മാപ്പിളലബ്ബയുടെ പരിശ്രമഫലമായി അവിടെ ഉയര്‍ന്ന് വന്നിട്ടുണ്ട്. 1948-ല്‍ അദ്ദേഹം തുടങ്ങിവെച്ച “അറൂസിയത്തുല്‍ഖാദിരിയ്യ” ശ്രീലങ്കയിലും മറ്റു പല രാജ്യങ്ങളിലും ഇപ്പോഴും മത-ധാര്‍മിക ബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

ഗ്രന്ഥങ്ങള്‍

അറബി, അറബിതമിഴ്, തമിഴ് ഭാഷകളിലായി ഒട്ടേറെ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ മാപ്പിളലബ്ബ രചിച്ചിട്ടുണ്ട്. ഇതിനായി “ബറകത്തിമാ” എന്നൊരു അച്ചുകൂടം തന്നെ അദ്ദേഹം സ്ഥാപിച്ചിരുന്നു. മഗാനിയാണ് തന്റെ ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രസിദ്ധം. അദ്ദേഹം തന്നെ രചിച്ച ഫിഖ്ഹ് ഗ്രന്ഥങ്ങളായ ഫത്ഹുത്തൈയ്യാന്‍, ഫത്ഹുസ്സലാം, ഫത്ഹുല്‍മദീന്‍ എന്നിവയുടെ വ്യാഖ്യാനമാണ് മഗാനി. ശാഫിഈ മദ്ഹബ് അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഈ ഗ്രന്ഥം സൈബുദ്ദീന്‍ അനീഫ് ദൂരൈ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നാല്‍പത് തത്വോപദേശങ്ങള്‍ അടങ്ങിയ തമിഴ്അറബി ഗ്രന്ഥം”ഹദ്‌യമാല” പ്രവാചക കീര്‍ത്തന കാവ്യം “മിന്‍ ഹത്തുസ്-സരന്‍ദ്വീപ് ഫീ മൗലിദില്‍ ഹബീബ്” , പ്രവാചകപുത്രി ഫാഥിമ (റ)ന്റെ പ്രകീര്‍ത്തനകാവ്യം “തലഫാതിമ”, ഹസന്‍,ഹുസൈന്‍ എന്നിവരെ പ്രകീര്‍ത്തിക്കുന്ന മവാഹിബുസ്സൈനി ഫീ ഹസന്‍ യനി” മുഹ്‌യിദ്ദീന്‍ ശൈഖ്, അജ്മീര്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തി, ഏര്‍വാടി ശഹീദ് സുല്‍ത്താന്‍ സയ്യിദ് ഇബ്രാഹീം, നാഗൂര്‍ ശാഹുല്‍ ഹമീദ് തങ്ങള്‍, മഖ്ദൂം തങ്ങള്‍, കണ്ണൂരില്‍ മറപെട്ടുകിടക്കുന്ന സയ്യിദ് മുഹമ്മദ് ബുഖാരി തുടങ്ങിയവരുടെ മൗലിദുകള്‍ എന്നിവയാണ് മറ്റു കൃതികള്‍.

മാപ്പിളലബ്ബ 1858-ല്‍ പ്രസിദ്ധീകരിച്ച മദീനത്തുന്നുഹാസ് ആണ് ദക്ഷിണേന്ത്യന്‍ ഭാഷയിലെ ആദ്യനോവല്‍. എന്നാല്‍ അറബിതമിഴിലായതിനാല്‍ ഇത് സാഹിത്യ ചരിത്രകാരന്മാരുടെ ശ്രദ്ധയാകര്‍ഷിക്കാതെ പോയി. 1880ന് ശേഷമിറങ്ങിയ ചില ഗ്രന്ഥങ്ങളാണ് അവരു ടെ ദൃഷ്ടിയില്‍ ആദ്യനോവലുകള്‍.
ഹിജ്‌റ 1316-ല്‍ (ക്രസ്താബ്ദം 1898) തന്റെ 84-ാമത്തെ വയസ്സില്‍ അദ്ദേഹം വഫാതായി. ആറര പതിറ്റാണ്ട് ദീന്‍ പ്രചാരണ രംഗത്ത് വിശ്രമമന്യേ പ്രവര്‍ത്തിച്ച അദ്ദേഹം കീളക്കര അറൂസിയ്യ തൈക്കാവിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.

Latest