യു എസ് സെനറ്റര്‍ക്ക് ലഭിച്ച കത്തില്‍ വിഷാംശം

Posted on: April 18, 2013 5:59 am | Last updated: April 18, 2013 at 8:00 am

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സെനറ്റര്‍ക്ക് ലഭിച്ച കത്തില്‍ മാരക വിഷാംശം. മിസൗരിയിലെ സെനറ്റര്‍ സെന്‍ റോജര്‍ വിക്കര്‍ ലഭിച്ച കത്ത് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഇതില്‍ അതിമാരകമായ വിഷാംശമുണ്ടെന്ന് കണ്ടെത്തിയത്. ബോസ്റ്റണില്‍ മാരത്തോണിനിടെ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 170 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് തൊട്ടടുത്ത ദിവസം ലഭിച്ച കത്ത് ഏറെ ആശങ്കയുണര്‍ത്തുന്നുണ്ട്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കത്ത് കൂടുതല്‍ പരിശോധനക്കായി അയച്ചതായും ഇതിന്റെ ഫലം വന്ന ശേഷമേ കൂടുതല്‍ എന്തെങ്കിലും പറയാനാകുവെന്നും കേസ് അന്വേഷിക്കുന്ന എഫ് ബി ഐയുടെ വക്താവ് പോള്‍ ബ്രസോന്‍ പറഞ്ഞു.