Connect with us

Wayanad

ഡോ. കസ്തൂരിരംഗന്‍ കമ്മിറ്റി ശിപാര്‍ശ: വയനാടിന്റെ നാലിലൊരു ഭാഗം അതീവ പരിസ്ഥിതിലോല പ്രദേശമാകും

Published

|

Last Updated

കല്‍പറ്റ: പ്രൊഫ. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായി മാര്‍ഗനിര്‍ദേശം ഉണ്ടാക്കാന്‍ നിയോഗിച്ച ഡോ കസ്തൂരിരംഗന്‍ സമിതി ജില്ലയുടെ നാലിലൊന്ന് ഭാഗം അതീവ പരിസ്ഥിതി ലോല പ്രദേശമായി മാര്‍ക്ക് ചെയ്തുകൊണ്ടുള്ള ശിപാര്‍ശ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കി. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ജില്ലയിലെ മൂന്ന് താലൂക്കുകളും അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സോണ്‍ ഒന്നിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് വയനാട്ടില്‍ വലിയ ആശങ്ക ഉയര്‍ന്നിരുന്നു. മാര്‍ഗ നിര്‍ദേശം ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഡോ. കസ്തൂരി രംഗന്‍ ഈ മാസം എട്ടിന് വയനാട് കലക്‌ടേറ്റില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. 
പശ്ചിമഘട്ട ഭൂമേഖലയുടെ പരിസ്ഥിതി സംരക്ഷണ ഘടകങ്ങള്‍ക്കൊപ്പം ഇവിടെ അധിവസിക്കുന്ന ജനങ്ങളുടെ സാമൂഹ്യപ്രശ്‌നങ്ങളും വികസന വിഷയങ്ങളും കൂടി സന്തുലിതപ്പെടുത്തിയുള്ള ശുപാര്‍ശകളായിരിക്കും തങ്ങളുടെ നിര്‍ദ്ദേശങ്ങളില്‍ ഉള്‍ക്കൊള്ളിക്കുകയെന്ന് അദ്ദേഹം യോഗത്തില്‍ അറിയിച്ചിരുന്നു. ലോകത്തിലെ തന്നെ പ്രാധാനമായ എട്ട് ജൈവ മേഖലകളില്‍ ഒന്നാണ് വയനാട്. പശ്ചിമഘട്ടത്തിലെ ജൈവ വ്യവസ്ഥ നശിച്ചാല്‍ വന്‍ ദുരന്തമായിരിക്കും ഫലം. അതിനാല്‍ പശ്ചിമഘട്ട ഭൂപ്രകൃതിയുടെ സംരക്ഷണത്തിന് വലിയ പ്രാധാന്യമുണ്ടെങ്കിലും ഇവിടെ അധിവസിക്കുന്ന ജനങ്ങളുടെ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് കൂടിയായിരിക്കും ശിപാര്‍ശകളെന്നും കസ്തൂരിരംഗന്‍ പറഞ്ഞതാണ്.
മൂന്ന് താലൂക്കുകള്‍ക്ക് പകരം അദ്ദേഹം സമര്‍പ്പിച്ച ശിപാര്‍ശയില്‍ വില്ലേജ് തിരിച്ചാണ് അതീവ പരിസ്ഥിതി പ്രാധാന്യ മേഖല കണക്കാക്കിയിട്ടുള്ളത്. മാനന്തവാടി താലൂക്കിലെ തിരുനെല്ലി, തൃശിലേരി, പേരിയ, തൊണ്ടര്‍നാട് എന്നീ വില്ലേജുകളും ബത്തേരി താലൂക്കിലെ ചെതലയം പ്രദേശം ഉള്‍പ്പെടുന്ന കിടങ്ങനാട്, നൂല്‍പ്പുഴ വില്ലേജുകളും വൈത്തിരി താലൂക്കിലെ അച്ചൂരാനം, പൊഴുതന, മേപ്പാടി പ്രദേശം ഉള്‍പ്പെടുന്ന കോട്ടപ്പടി, ചുണ്ടേല്‍, വൈത്തിരി ഭാഗം ഉള്‍പ്പെടുന്ന കുന്നത്തിടവക, വെള്ളരിമല വില്ലേജുകളുമാണ് ജില്ലയിലെ അതീവ പരിസ്ഥിതി പ്രദേശങ്ങള്‍. ഇത് സംബന്ധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം വന്നാല്‍ ഈ പ്രദേശങ്ങളില്‍ ഒരു നിര്‍മാണ പ്രവൃത്തികളും പുതുതായി നടക്കില്ല.
വീടുകള്‍ ഒഴികെയുള്ള എല്ലാവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കനത്ത നിയന്ത്രണം വരും. സ്‌കൂളുകളും ആശുപത്രികളും പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും പ്രയാസം ഉണ്ടാവും. വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട വില്ലേജുകളിലെ ഭൂമിയുടെ തരംമാറ്റലും ക്രയവിക്രയവും ഏറെക്കുറെ നിലയ്ക്കും.
30 ഡിഗ്രിയിലധികം ചരിവുള്ള പ്രദേശങ്ങളില്‍ വാര്‍ഷിക വിളകള്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്യും.
കപ്പ, വാഴ, ഇഞ്ചി, ചേന തുടങ്ങിയ ഭക്ഷ്യവിളകളെ ഇത് ഗുരുതരമായി ബാധിക്കും.അതീവപരിസ്ഥിതി ലോല വില്ലേജുകളില്‍ ജൈവകൃഷി, ജൈവകീടനാശിനി എന്നിവ മാത്രമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ അനുവദിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ പുതിയ റോഡുകളോ നിലവിലുള്ളതിന്റെ വ്യാപനമോ പ്രയാസകരമാവും. കുഴല്‍കിണല്‍ നിര്‍മാണം, മരം മുറി എന്നിവയ്‌ക്കൊക്കെ നിയന്ത്രണം വരും. കരിങ്കല്‍ ക്വാറികളും മണല്‍ ഖനനവും അനുവദിക്കില്ല. ജില്ലയില്‍ ശേഷിക്കുന്ന പ്രദേശം സോണ്‍ രണ്ട്, മൂന്ന് എന്നിവയില്‍ ഉള്‍പ്പെടുത്തിയാണ് ഡോ കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശ. കിടങ്ങനാട്, നൂല്‍പ്പുഴ, തിരുനെല്ലി, തൃശിലേരി, പേരിയ, തൊണ്ടര്‍നാട് വില്ലേജുകളെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയശിപാര്‍ശ അനുസരിച്ച് പരിസ്ഥിതി സംവേദക മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കവും സജീവമാണ്.

Latest